എയർകേരള മുന്നോട്ട്; സി.ഇ.ഒ ആയി ഹരീഷ് കുട്ടിയെ നിയമിച്ചു
എയർകേരളയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി ഹരീഷ് കുട്ടിയെ നിയമിച്ചതായി സെറ്റ് ഫ്ലൈ ഏവിയേഷൻ വക്താക്കൾ ദുബൈയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എയർ അറേബ്യ, സലാം എയർ, സ്പൈസ് ജെറ്റ്, വത് നിയ എയർ എന്നീ കമ്പനികളിൽ നേതൃനിരയിൽ പ്രവർത്തിച്ചയാളാണ് ഹരീഷ് കുട്ടി. മേഖലയിൽ 35 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ഹരീഷ് കുട്ടിയുടെ നിയമനം എയർ കേരളയുടെ വളർച്ചക്കും അതിലുപരി എയർ കേരളയെ ഇന്ത്യയിലെ മുൻനിര വിമാനക്കമ്പനിയായി മാറ്റാനും സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും സെറ്റ്ഫ്ലൈ ഏവിയേഷൻ വക്താക്കൾ പറഞ്ഞു.
ഹരീഷ് കുട്ടിയെ നിയമിക്കാൻ പറ്റിയതിൽ അഭിമാനിക്കുന്നതായും ഇത്രയും പരിചയ സമ്പത്തുള്ള ഒരു മലയാളിയെ തന്നെ ഈ ഉത്തരവാദിത്തം ഏൽപിക്കാൻ പറ്റിയതിൽ സന്തോഷമുണ്ടെന്നും സെറ്റ് ഫ്ലൈ ഏവിയേഷൻ ചെയർമാൻ അഫി അഹ്മദ് പറഞ്ഞു. എയർകേരളക്ക് ലോകമെമ്പാടുമുള്ള മലയാളികൾക്കു വേണ്ടി ഏറെ ഫലപ്രദമായ രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നതിൽ ഒരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹരീഷ് കുട്ടിയുടെ നേതൃ പരിചയവും മേഖലയിലെ അനുഭവ സമ്പത്തും എയർ കേരളയുടെ ഇനിയങ്ങോട്ടുള്ള വളർച്ചക്ക് വലിയ മുതൽക്കൂട്ടാവുമെന്ന് സെറ്റ് ഫ്ലൈ വൈസ് ചെയർമാൻ അയൂബ് കല്ലട പറഞ്ഞു. എയർ കേരള ലോകമെമ്പാടുമുള്ള ദശ ലക്ഷക്കണക്കിന് മലയാളികളുടെ സ്വപ്നസാക്ഷാത്കാരം കൂടിയാണെന്നും, വലിയ ഉത്തരവാദിത്തം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സ്വീകരിക്കുന്നതെന്നും ഹരീഷ് കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
എത്രയും വേഗം എ.ഒ.സി കരസ്ഥമാക്കി സർവിസുകൾ ആരംഭിക്കുക എന്നതാണ് പ്രധാന ലക്ഷ്യം, ഇതിനുവേണ്ട എല്ലാ നടപടി ക്രമങ്ങളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. വരുന്ന വർഷം സർവിസ് ആരംഭിക്കാൻ പറ്റുമെന്ന് തന്നെയാണ് നമ്മൾ വിശ്വസിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു ദുബൈ മെഹ്മാൻ ഹോട്ടലിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ അഫി അഹ്മദ്, അയൂബ് കല്ലട, ഹരീഷ് കുട്ടി, കമ്പനി വക്താവ് സഫീർ മഹമൂദ് തുടങ്ങിയവർ സംബന്ധിച്ചു.