ഓർമ - കേരളോത്സവം 2023 ഇൽ ഇത്തവണ കേരള സർക്കാരിന്റെ കൂടുതൽ സംരംഭങ്ങൾ ഭാഗമാകും.ഡിസംബർ 2, 3 തീയതികളിൽ ദുബായ് അൽ ഖിസൈസ് ക്രെസെന്റ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ സർക്കാരിന്റെ പ്രവാസ പദ്ധതികളായ നോർക്ക, പ്രവാസി ക്ഷേമനിധി, കെ എസ് എഫ് ഇ, മലയാളം മിഷൻ എന്നിവ കൂടാതെ കേരള ഖാദി ബോർഡ് കൂടി ഇത്തവണ ആദ്യമായി പങ്കെടുക്കുന്നു.
കേരള ഖാദി ബോർഡിന്റെ പങ്കാളിത്തത്തിലൂടെ കേരളത്തിലെ തനത് വ്യവസായങ്ങളിൽ ഒന്നായ കൈത്തറി മേഖലയെ താങ്ങി നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമാവുകയാണ് 'ഓർമ'യുടെ ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി. പ്രവാസികൾക്കിടയിലെ നിക്ഷേപ താൽപര്യങ്ങളെ പ്രോത്സാഹിപ്പിക്കാനായി കെഎസ്എഫ്ഇയും ഇത്തവണ കേരളോത്സവത്തിന്റെ ഭാഗമാകുന്നുണ്ട്. പ്രവാസികൾക്കായുള്ള സർക്കാർ പദ്ധതികളെ അടുത്തറിയുവാനും പങ്കാളികളാകുവാനുമായി നോർക്ക, പ്രവാസി ക്ഷേമനിധി, തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകളും ഒരുക്കുന്നുണ്ട്.
ദുബായ് മലയാളം മിഷനിലൂടെ നിലവിൽ അക്ഷരം പഠിക്കുന്ന കുട്ടികൾക്കും ഒപ്പം പുതിയതായി ചേരാനാഗ്രഹിക്കുന്ന കുട്ടികൾക്കും അവരുടെ സർഗവാസനകൾ പ്രദർശിപ്പിക്കാനുള്ള അവസരം, പുതിയ കുട്ടികൾക്കുള്ള രജിസ്ട്രേഷൻ സൗകര്യം എന്നിവും ഉണ്ടാകും. യുഎഇയിലെ പ്രവാസി മലയാളികൾക്കിടയിൽ ഓർമ കേരളോത്സവത്തിനു ലഭിച്ച സ്വീകാര്യതയ് ക്കുള്ള അംഗീകാരമായാണ് സർക്കാർ സംരംഭങ്ങളുടെ ഈ പങ്കാളിത്തത്തെയും സഹകരണത്തെയും കാണുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. ഡിസംബർ 2, 3 തീയതികളിൽ വൈകിട്ട് 4 മണി മുതൽ നടക്കുന്ന കേരളോത്സവത്തിന്റെ ഒന്നാം ദിവസമായ ഡിസംബർ രണ്ടാം തിയതി വൈകിട്ട് പ്രശസ്ത സിനിമ താരം റിമ കല്ലിങ്കൽ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത ഗായിക പ്രസീത ചാലക്കുടിയും സംഘവും സംഗീത നിശയൊരുക്കും.
രണ്ടാം ദിനമായ ഡിസംബർ 3 ആം തീയതി വൈകിട്ട് 6 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ മുഖ്യാതിഥിയാകും. ഒപ്പം, യുഎഇ സർക്കാർ പ്രതിനിധി, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധി എന്നിവരെ കൂടാതെ സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകളിലായി ചുമതലയുള്ള പ്രവാസി പ്രതിനിധികളും പങ്കെടുക്കും. തുടർന്ന് യുവഗായകരായ ആര്യ ദയാൽ, സച്ചിൻ വാര്യർ, അനന്തു ഗോപി തുടങ്ങിയവർ നേതൃത്വം നൽകുന്ന സംഗീത സദസ്സും ഒരുക്കിയിട്ടുണ്ട്.
70ൽ പരം കലാകാരന്മാർ അണിനിരക്കുന്ന മെഗാ ശിങ്കാരി- പഞ്ചാരി മേളങ്ങളുടെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയിൽ ആന, തെയ്യം, കരകാട്ടം, കാവടിയാട്ടം തുടങ്ങിയവ വർണ്ണ വിസ്മയമൊരുക്കും. തെരുവ് നാടകങ്ങൾ, കളരിപ്പയറ്റ്, തിരുവാതിര, ഒപ്പന, മാർഗ്ഗംകളി തുടങ്ങിയ നൃത്ത - കലാരൂപങ്ങൾ, സംഗീത ശിൽപ്പം, എന്നിവയും, കേരളത്തിന്റെ തനത് നാടൻ രുചി വൈഭവങ്ങളുമായി വിവിധ ഭക്ഷണ ശാലകൾ, തട്ടുകടകൾ തുടങ്ങി മലയാളത്തിന്റെ തനിമയെയും സംസ്കൃതിയെയും ഇഴചേർത്തൊരുക്കുന്ന കേരളോത്സവം, പ്രവാസത്തിലെ പുതുതലമുറക്കും പരിചയപ്പെടുത്തി ഒരു വ്യത്യസ്ത അനുഭവമാക്കി മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം.
ഉത്സവ നഗരിയിലെ സാഹിത്യ സദസ്സിനോടനുബന്ധിച്ചു എഴുത്തുകാരും വായനക്കാരും ചേർന്നുള്ള സംവാദങ്ങൾ, പുസ്തകശാല, കവിയരങ്ങ്, പ്രശ്നോത്തരികൾ, യുഎഇയിലെ പ്രശസ്ത ചിത്രകാരന്മാരുടെ തത്സമയ ചിത്രരചന, കേരളത്തിന്റെ ചരിത്രവും, പോരാട്ടത്തിന്റെ നാൾവഴികളും ഉൾകൊള്ളുന്ന ചരിത്ര - പുരാവസ്തു പ്രദർശനങ്ങൾ എന്നിവ സദസ്യർക്കും പുതുതലമുറക്കും പുത്തൻ അനുഭവങ്ങൾ പകർന്നു നൽകും. ഇവന്റൈഡ്സ് ഇവന്റിന്റെ ബാനറിൽ ഒരുങ്ങുന്ന കേരളോത്സവത്തിന് പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.