രണ്ടാമത് രാജ്യാന്തര ആയുഷ് കോൺഫറൻസും, പ്രദർശനവും ദുബൈയിൽ ശനിയാഴ്ച ആരംഭിക്കും. ഇന്ത്യൻ പാരമ്പര്യ ചികിത്സ രീതികളായ ആയുർവേദ, യോഗ, നാച്ചുറോപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ ആഗോള പ്രചാരണം ലക്ഷ്യമാക്കി നടത്തുന്ന പരിപാടി തിങ്കളാഴ്ച വരെ നീളും. ദുബൈ വേൾഡ് ട്രേഡ് സെന്ററിലെ ആൽ മക്തൂം ഹാളാണ് പരിപാടിക്ക് വേദിയാകുന്നത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയോടെ ദുബൈ ഇന്ത്യൻ കോൺസുലേറ്റും സയൻസ് ഇന്ത്യ ഫോറവും വേൾഡ് ആയുർവേദ ഫൗണ്ടേഷനും സംയുക്തമായാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ ഉൾപ്പെടെയുള്ള പ്രമുഖർ പരിപാടിയുടെ ഭാഗമാകും. ഇരുപത്തിയഞ്ചോളം വിദേശ രാജ്യങ്ങളുടെ ആയിരക്കണക്കിന് പ്രതിനിധികൾ പങ്കെടുക്കും. കോൺഫറൻസിനോടനുബന്ധിച്ച് ഒരുക്കുന്ന എക്സിബിഷൻ പൊതുജനങ്ങൾക്ക് മൂന്നു ദിവസവും സൗജന്യമായി സന്ദർശിക്കാം. അന്താരാഷ്ട്ര പ്രതിനിധി സമ്മേളനത്തിൽ ഇന്ത്യ ,അമേരിക്ക , യൂറോപ് എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ പ്രതിനിധികൾ പങ്കെടുക്കും. ഒക്ടോബറിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഹാളിൽ നടന്ന വാർത്ത സമ്മേളനത്തിൽ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനാണ് കോൺഫറൻസിന്റെ പ്രഖ്യാപനം നടത്തിയിരുന്നത്.