ഉത്തര കൊറിയയിൽ ചുവപ്പ് ലിപ്സ്റ്റിക്ക് നിരോധിച്ചോ?; കാരണം ഇതാണ്

Update: 2024-05-13 10:29 GMT

വിചിത്രമായ നിമയങ്ങൾക്ക് പേരുകേട്ട രാജ്യമാണ് ഉത്തര കൊറിയ. രാജ്യത്തെ യുവാക്കൾ ജീവിതശൈലിയും ചിന്താഗതികളും മാറ്റുന്നുവെന്ന ആശങ്ക കിം ജോങ് ഉന്നിനെ അസ്വസ്ഥനാക്കുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിന്റെ ഭാഗമയാണ് ഇത്തരം നിയമങ്ങളും ശിക്ഷാവിധികളും നടപ്പിലാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ വിചിത്രമായ നിയമങ്ങൾ ആളുകളുടെ ഫാഷൻ, സ്‌റ്റൈൽ തെരഞ്ഞെടുപ്പുകളിൽ പോലുമുണ്ട്. ജനപ്രിയമായ ആഗോള ഫാഷൻ, സൗന്ദര്യവർധക ബ്രാൻഡുകളിൽ മിക്കതും രാജ്യത്ത് നിരോധിച്ചിരുന്നു. ചുവന്ന ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതുപോലും രാജ്യത്ത് കുറ്റകരമായ കാര്യമാണ്. സ്ത്രീകൾ ചുവന്ന ലിപ്സ്റ്റിക്ക് ഇടരുതെന്നാണ് ഇവിടുത്തെ നിയമം.

ചുവപ്പ് നിറം വിമോചനത്തിന്റെ പ്രതീകമായാണ് കിം ജോങ് ഉൻ കാണുന്നത്. കൂടാതെ, ചുവന്ന ലിപ്സ്റ്റിക്ക് ധരിച്ച സ്ത്രീകൾ കൂടുതൽ ആകർഷകമായി കാണപ്പെടുന്നതും ഈ നിരോധനത്തിന് പിന്നിലുണ്ട്. ഇത് രാജ്യത്തിന്റെ ധാർമിക തകർച്ചയ്ക്ക് കാരണമാകുമെന്നും വിശ്വസിക്കപ്പെടുന്നു. കൂടാതെ സ്ത്രീകൾ ലളിതമായ മേക്കപ്പ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നും നിയമമുണ്ട്. സത്രീകളുടെ മേക്കപ്പ് പരിശോധിക്കാൻ സർക്കാർ ആളുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. അധികാരികൾ പതിവ് പരിശോധനകളും നടത്തുന്നുണ്ട്.

ഇതുപോലെ ഹെയർ സ്റ്റൈൽ തെരഞ്ഞെടുക്കുന്നതിലും നിയമങ്ങൾ പാലിക്കണം. മുടി നീളം കൂട്ടാനോ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള ഹെയർസ്റ്റൈൽ ചെയ്യാനോ അനുവാദമില്ല. പുരുഷൻമാർക്ക് പത്തും സ്ത്രീകൾക്ക് പതിനെട്ടും ഹെയർസ്‌റ്റൈലുകൾ അനുവദിച്ചിട്ടുണ്ട്. അതിൽ ഏതെങ്കിലുമൊന്ന് മാത്രമേ തിരഞ്ഞെടുക്കാനാകൂ. മുടി ചെറുതും ഭംഗിയുള്ളതുമായിരിക്കണം. മുടിയിൽ കളർ ചെയ്യാൻ പാടില്ല.

വസ്ത്രങ്ങളിലും പരിമിതികളുണ്ട്. സ്‌കിന്നി ജീൻസ് ധരിക്കാൻ അനുവാദമില്ല. മൂക്ക് കുത്താനോ ബോഡി പിയേഴ്സിങ് ചെയ്യാനോ പാടില്ല. കിം ജോങ് ഉന്നിന്റെ വസ്ത്രധാരണ രീതിയോ ഹെയർസ്റ്റൈലോ ആരും പരീക്ഷിക്കരുതെന്നും നിർദേശമുണ്ട്. ദക്ഷിണ കൊറിയയിൽ നിർമിച്ച പെർഫ്യൂമുകൾക്കും വിലക്കുണ്ട്. പാശ്ചാത്യ സംസ്‌കാരത്തിൽ ആകൃഷ്ടരാകുന്ന യുവാക്കളുടെ എണ്ണം കൂടുകയാണെന്നും അവരെ ഉത്തര കൊറിയയുടെ സംസ്‌കാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ഇത്തരത്തിലുള്ള നിയമങ്ങളെന്നുമാണ് അധികൃതരുടെ വിശദീകരണം.

Tags:    

Similar News