പശ്ചിമേഷ്യയിൽ യുദ്ധഭീതി; പൗരന്മാരോട് ലെബനൻ വിടാൻ നിർദ്ദേശിച്ച് യുഎസും യുകെയും

Update: 2024-08-04 07:52 GMT

പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാരോട് ലെബനൻ വിടാൻ നിർദ്ദേശിച്ച് യുഎസും യുകെയും. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധം എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നിർദ്ദേശം.ചില വിമാനക്കമ്പനികൾ രാജ്യത്ത് പ്രവർത്തനം നിർത്തിവച്ചിട്ടുണ്ടെങ്കിലും, വിമാനങ്ങൾ ഇപ്പോഴും ലഭ്യമാണെന്നും പൗരന്മാർ പശ്ചിമേഷ്യൻ രാജ്യം വിടാൻ ലഭ്യമായ ഏത് വിമാനവും ബുക്ക് ചെയ്യണമെന്നും ലെബനനിലെ യുഎസ് എംബസി അറിയിച്ചു. ലെബനനിലുള്ള എല്ലാ ബ്രിട്ടീഷ് പൗരന്മാരോടും ഉടൻ പോകാൻ യുകെ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

'പിരിമുറുക്കങ്ങൾ ഉയരുകയാണ്, സ്ഥിതിഗതികൾ അതിവേഗം വഷളാകും'- ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമി പ്രസ്താവനയിൽ പറഞ്ഞു. യുഎസിനും യുകെയ്ക്കും പുറമേ, മറ്റ് പല രാജ്യങ്ങളും അവരുടെ പൗരന്മാരോട് പശ്ചിമേഷ്യൻ രാജ്യം വിടാൻ നിർദ്ദേശിച്ചിട്ടുണ്ട്. സംഘർഷം രൂക്ഷമായതിന് പിന്നാലെ ഇന്ത്യയും തങ്ങളുടെ പൗരന്മാരോട് ലെബനൻ വിടാൻ നിർദ്ദേശിച്ചിരുന്നു. ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി എല്ലാ പൗരന്മാരോടും രാജ്യം വിടാൻ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 7 മുതൽ ഗാസയിലെ ഇസ്രായേൽ-ഹമാസ് യുദ്ധം കാരണം മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ഉടലെടുത്തിരുന്നു. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയേയുടെയും ലെബനൻ ആസ്ഥാനമായുള്ള ഹിസ്ബുള്ളയുടെ മുതിർന്ന നേതാവിന്റെയും കൊലപാതകത്തിന് ശേഷം സംഘർഷങ്ങൾ രൂക്ഷമാകുകയാണ്. ഹമാസ് തലവൻ ഇസ്മയിൽ ഹനിയേയെ വധിച്ചതിന് പ്രതികാരമായി ഇസ്രയേലിനെ കൂട്ടത്തോടെ വളഞ്ഞാക്രമിക്കാൻ പദ്ധതിയിട്ട് ഇറാനും നിഴൽ ഗ്രൂപ്പുകളും സജീവമാണ്. ഇസ്രയേലിനെ ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഉത്തരവിട്ടിരുന്നു. ഹനിയേയെ വധിച്ചതിന് പിന്നാലെ ഹമാസിന്റെ സൈനിക മേധാവി മുഹമ്മദ് ദെയ്ഫിനെ വധിച്ചെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചതും സംഘർഷത്തിന് കാരണമായി. ജൂലായ് 13ന് ഖാൻ യൂനിസിന് പടിഞ്ഞാറുള്ള അൽ മവാസിയിലുണ്ടായ ആക്രമണത്തിലാണ് ദെയ്ഫിനെ വധിച്ചത്.

Tags:    

Similar News