സുരക്ഷിതരായി തിരിച്ചുവരാനാകുമെന്ന വിശ്വാസമുണ്ട്; ബഹിരാകാശത്ത് വാർത്താസമ്മേളനവുമായി സുനിത
ബഹിരാകാശനിലയത്തിൽ(ഐ.എസ്.എസ്.)നിന്ന് ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽതന്നെ സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്താൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വിൽമോറും. ഐ.എസ്.എസിൽനിന്നു ബുധനാഴ്ച നടത്തിയ തത്സമയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ജൂൺ അഞ്ചിനാണ് ഇരുവരും ഐ.എസ്.എസിൽ പോയത്. രണ്ടാഴ്ചതങ്ങി തിരിച്ചുവരാനുദ്ദേശിച്ചായിരുന്നു യാത്ര. എന്നാൽ, സ്റ്റാർലൈനറിലെ ഹീലിയം ചോർച്ചയും മറ്റു തകരാറുകളും കാരണം തിരിച്ചുവരവ് മുടങ്ങി. ഐ.എസ്.എസിൽ കൂടുതലായി കഴിയുന്ന സമയം പരീക്ഷണങ്ങളുമായി ആസ്വദിക്കുകയാണെന്ന് സുനിത പറഞ്ഞു.
നിലയത്തിലേക്കുള്ള യാത്രയ്ക്കിടെ സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്ക് തകരാർ സംഭവിക്കാനുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് സാങ്കേതിക വിദഗ്ദർ. അതിനുള്ള ഉത്തരം ലഭിച്ചാൽ മാത്രമേ പേടകം അൺഡോക്ക് ചെയ്ത് തിരിച്ചിറങ്ങാനാവൂ. നിലവിൽ നിലയത്തിലുണ്ടായിരുന്ന മറ്റ് സഞ്ചാരികൾക്കൊപ്പം ദൈനംദിന പ്രവർത്തനങ്ങളിൽ സുനിത വില്യംസും വിൽമോറും പങ്കാളികളാണ്. നിലവിൽ പേടകം തിരിച്ചിറക്കാനുള്ള പുതിയ തീയ്യതി നാസ പ്രഖ്യാപിച്ചിട്ടില്ല.