സുനിത വില്യംസ് ഭൂമിയിലെത്താൻ സമയമെടുക്കും; ബോയിങ് സ്റ്റാർലൈനറിന്റെ തിരിച്ചുവരവ് നീട്ടിവച്ച് നാസ
ബഹിരാകാശ പേടകം ബോയിങ് സ്റ്റാർലൈനറിന്റെ തിരിച്ചുവരവ് നീട്ടിവച്ച് നാസ. ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ യാത്രികർ രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് (ഐഎസ്എസ്) ഭൂമിയിലേക്കു തിരികെ വരാനുള്ള തീയതി ജൂൺ 22 ആയി പുതുക്കി. ജൂൺ 18ന് തിരിച്ചുവരാനാണു ലക്ഷ്യമിട്ടിരുന്നത്.
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോർട്ടിനു പിന്നാലെയാണു ദൗത്യം നീട്ടിവച്ചത്. സുനിതാ വില്യംസിനും സഹയാത്രികൻ ബാരി യൂജിൻ ബുഷ് വിൽമോറിനും ബഹിരാകാശ നിലയത്തിൽ 4 ദിവസം കൂടുതലായി ചെലവിടേണ്ടിവരും. മടക്കയാത്ര നീട്ടിയതോടെ മൊത്തം ദൗത്യം രണ്ടാഴ്ചയിലേറെയാകും.
സൂപ്പർബഗ്
ആന്റി മൈക്രോബിയൽ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയയായ എന്ററോബാക്ടർ ബുഗൻഡൻസിസിനെയാണു ബഹിരാകാശ നിലയത്തിൽ കണ്ടെത്തിയത്. ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന ഇവയെ സൂപ്പർബഗ് എന്നു വിളിക്കുന്നു. എറെക്കാലമായി നിലയത്തിലുണ്ടായിരുന്ന ഇവ, അതിനുള്ളിലെ അടഞ്ഞ അന്തരീക്ഷത്തിൽ ജനിതകമാറ്റത്തിലൂടെ കൂടുതൽ ശക്തിയാർജിച്ചിട്ടുണ്ടെന്നു ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.
ഭൂമിയിൽനിന്നു ബഹിരാകാശ സഞ്ചാരികളിലൂടെയാണ് ഇവ നിലയത്തിലെത്തുന്നത്. 24 വർഷത്തോളം ബഹിരാകാശത്തു കഴിഞ്ഞ ബാക്ടീരിയകൾ ഇതേ ഗണത്തിൽപെടുന്ന, ഭൂമിയിലുള്ള ബാക്ടീരിയകളെക്കാൾ ഏറെ അപകടകാരികളാണ്. നിലയത്തിൽ കഴിയുന്ന ബഹിരാകാശ യാത്രികരുടെ ശരീരത്തിലെ പ്രതിരോധ ശേഷി ഭൂമിയിലേതിൽനിന്നു വ്യത്യസ്തമായതിനാൽ ഭൂമിയിലെ ചികിത്സാരീതികൾ എത്രത്തോളം ഫലപ്രദമാകുമെന്നും പറയാനാവില്ല. കലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി ശാസ്ത്രജ്ഞൻ ഡോ.കസ്തൂരി വെങ്കിടേശ്വരനാണു പഠനത്തിന് നേതൃത്വം നൽകിയത്.
സുനിത വില്യംസും വിൽമോറും ജൂൺ ആറിനാണു പുതിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തിലുള്ള മറ്റ് 7 പേർ ദീർഘകാലമായി അവിടെയുള്ളവരാണ്. ബാക്ടീരിയയെ കണ്ടെത്തിയതോടെ കൂടുതൽ നിരീക്ഷണത്തിനു ശേഷമേ സുനിതയ്ക്കും വിൽമോറിനും ഭൂമിയിലേക്ക് മടങ്ങിയെത്താനാവൂ. അതിനാലാണു യാത്ര വൈകുന്നതെന്നാണു സൂചന.