'രാജ്യം വിടണമെന്ന് അമ്മയെ ബോധ്യപ്പെടുത്തണമായിരുന്നു, ആൾക്കൂട്ടം കൊല്ലുമെന്ന് പറഞ്ഞു'; ഷെയ്ഖ് ഹസീനയുടെ മകൻ

Update: 2024-08-08 06:09 GMT

ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടാൻ താൽപര്യമില്ലായിരുന്നുവെന്നു മകൻ സജീബ് വാസിദ്. ധാക്കയിൽനിന്ന് പലായനം ചെയ്യണമെന്ന് കുടുംബം അവരെ ബോധ്യപ്പെടുത്തുകയായിരുന്നു. ആൾക്കൂട്ടം കൊല്ലുമെന്ന് അമ്മയോട് പറഞ്ഞതായും സജീബ് വാസിദ് പറഞ്ഞു.

'ഞാൻ വിഷമിച്ചത് അവർ ബംഗ്ലദേശ് വിടുന്നതുകൊണ്ടല്ല, ബംഗ്ലാദേശ് വിടാൻ ആഗ്രഹിക്കാത്തതു കൊണ്ടാണ്. രാജ്യം വിടണമെന്ന് ഞങ്ങൾക്ക് അമ്മയെ ബോധ്യപ്പെടുത്തണമായിരുന്നു. ഇത് ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല, ആൾക്കൂട്ടമാണ്. അവർ നിങ്ങളെ കൊല്ലാൻ പോവുകയാണെന്നും ഞാൻ അമ്മയോട് പറഞ്ഞു' സജീബ് വാസിദ് പറഞ്ഞു.

ഷെയ്ഖ് ഹസീന അമേരിക്കയിലോ യുകെയിലോ അഭയം തേടിയിട്ടില്ല. കുറച്ചുകാലം ഡൽഹിയിൽ തങ്ങും. രാജി വയ്ക്കുന്നതിന് ഒരു ദിവസം മുൻപുതന്നെ രാജി തീരുമാനം എടുത്തിരുന്നു. എന്നിരുന്നാലും, ആയിരക്കണക്കിനു പ്രതിഷേധക്കാർ വീട്ടിലേക്ക് മാർച്ച് ചെയ്യാൻ തുടങ്ങിയതിനാൽ രാജിവയ്ക്കാൻ നിർബന്ധിതയായെന്നും സജീബ് വാസിദ് പറഞ്ഞു.

ബംഗ്‌ളാദേശ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിൽ എത്തിയത് ഉടുതുണിക്ക് മറുതുണിയില്ലാതെയെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിസ്ഥാനം രാജിവച്ച് രാജ്യംവിടാൻ സൈന്യം ഷെയ്ഖ് ഹസീനയ്ക്ക് അനുവദിച്ചത് വെറും 45 മിനിറ്റ് മാത്രമായിരുന്നു. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ രാജ്യംവിട്ടോടി ജീവൻ രക്ഷിക്കാനുള്ള തത്രപ്പാടിലായിരുന്ന അവർ കൈയിൽ കിട്ടിയ അത്യാവശ്യ സാധനങ്ങൾ മാത്രമെടുത്താണ് മിലിട്ടറി ട്രാൻസ്പോർട്ട് ജെറ്റിൽ ഇന്ത്യയിലേക്ക് വിട്ടത്. ഇന്ത്യയിലെത്തിയ ഹസീനയ്ക്ക് അവർക്കൊപ്പം ഉണ്ടായിരുന്ന ബംഗ്‌ളാദേശ് ഉദ്യോഗസ്ഥരാണ് അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ സഹായിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് അതിക്രമിച്ചുകയറിയ പ്രക്ഷോഭകർ ഷെയ്ഖ് ഹസീനയുടെ സാരികളും അടിവസ്ത്രങ്ങളും വരെ കൈക്കലാക്കിക്കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു.

Tags:    

Similar News