ബംഗ്ലാദേശിൽ പ്രക്ഷോഭം; പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കൊട്ടാരം വളഞ്ഞു

Update: 2024-10-23 05:33 GMT

വൻ ജനകീയ പ്രക്ഷോഭം അരങ്ങേറിയ ബംഗ്ലാദേശിൽ വീണ്ടും പ്രക്ഷോഭം. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭകാരികൾ വീണ്ടും തെരുവിലിറങ്ങിയത്. പ്രസിഡന്റിന്റെ കൊട്ടാരം അവർ വളഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരമായ ബംഗ ഭവനുമുന്നിൽ നിലയുറപ്പിച്ച സൈന്യം ബാരികേഡുകൾ ഉപയോഗിച്ച് തടഞ്ഞതിനാൽ പ്രക്ഷോഭകാരികൾക്ക് ഉള്ളിൽ കടക്കാൻ കഴിഞ്ഞില്ല. ഇവർ കെട്ടിടത്തിന് മുന്നിൽ തമ്പടിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

വിദ്യാർത്ഥികൾ, ഷെയ്ഖ് ഹസീനയെ പുറത്താക്കാൻ നേതൃത്വം നൽകിയ സംഘം തുടങ്ങിയവരാണ് പുതിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. എന്തുസംഭവിച്ചാലും ലക്ഷ്യം കാണാതെ പിന്മാറില്ലെന്നാണ് അവർ പറയുന്നത്. പ്രസിഡന്റിന്റെ രാജി ഉൾപ്പെടെ അഞ്ചിന ആവശ്യങ്ങളാണ് പ്രക്ഷോഭകർ മുന്നോട്ടാവയ്ക്കുന്നത്. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ, ഷെയ്ഖ് ഹസീനയുടെ സ്വേച്ഛാധിപത്യ സർക്കാരിന്റെ കൂട്ടുകാരനാണെന്നും ആ നയങ്ങൾ പിന്തുടരുന്ന ആളാണെന്നും അവർ ആരോപിക്കുന്നു. ബംഗ്ലാദേശിന്റെ പതിനാറാമത് പ്രസിഡന്റാണ് മുഹമ്മദ് ഷഹാബുദ്ദീൻ. രാജ്യത്തെ അറിയപ്പെടുന്ന നിയമജ്ഞനും ഉദ്യോഗസ്ഥനുമായിരുന്ന അദ്ദേഹത്തെ 2023ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അവാമി ലീഗിന്റെ പ്രതിനിധിയായാണ് നാമനിർദ്ദേശം ചെയ്തത്. എതിരില്ലാതെയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

പ്രസിഡന്റിന്റെ രാജിയാണ് പ്രക്ഷോഭകരുടെ അഞ്ചിന ആവശ്യങ്ങളിൽ ഏറ്റവും പ്രധാനം.1972 ൽ എഴുതിയുണ്ടാക്കിയ നിലവിലെ ഭരണഘടന റദ്ദാക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം. 2024ന്റെ പശ്ചാത്തലത്തിൽ പുതിയ ഭരണഘടന എഴുതിയുണ്ടാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.അവാമി ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ ബംഗ്ലാദേശ് ഛത്ര ലീഗിനെ നിരാേധിക്കണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. ഷെയ്ഖ് ഹസീനയുടെ കീഴിൽ 2018ലും 2024ലും നടന്ന തിരഞ്ഞെടുപ്പുകൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഈ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച എംപിമാരെ അയോഗ്യരാക്കണമെന്നതും പ്രക്ഷോഭകരുടെ മറ്റൊരു പ്രധാന ആവശ്യമാണ്.

Tags:    

Similar News