നടി തമന്ന പാഠപുസ്തകത്തിൽ; ഒഴിവാക്കണം... നടിയെക്കുറിച്ച് ഇന്റർനെറ്റില്‍ പരതിയാല്‍ കുട്ടികൾക്ക് അനുചിതമായ "കണ്ടന്റ്'ലഭിക്കുമെന്ന് രക്ഷാകർത്താക്കൾ
നടി തമന്ന ഭാട്ടിയയെക്കുറിച്ച് പാഠപുസ്തത്തിൽ ഉള്‍പ്പെടുത്തിയതിന് സ്വകാര്യ സ്കൂളിനെതിരെ പരാതി. കർണാടകയിലെ ഹെബ്ബാളിൽ പ്രവർത്തിക്കുന്ന സിന്ധി ഹൈസ്കൂളിനെതിരെയാണ് രക്ഷിതാക്കളുടെ സംഘടന പരാതിയുമായി രംഗത്തെത്തിയത്. നടിയെക്കുറിച്ച് ഇന്റർനെറ്റില്‍ പരതിയാല്‍ കുട്ടികള്‍ക്ക് അനുചിതമായ കണ്ടന്റുകള്‍ ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
ഏഴാം ക്ലാസിലെ പുസ്തകത്തില്‍ സിന്ധ് വിഭാഗത്തെക്കുറിച്ചുള്ള പാഠഭാഗത്താണ് തമന്നയെ കുറിച്ച് പരാമർശമുള്ളത്. സിന്ധികളായ പ്രമുഖരെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന ഭാഗമാണിത്. ബോളിവുഡ് താരം രണ്‍വീർ സിങ് ഉള്‍പ്പടെയുള്ളവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. തമന്നയുടെ ജീവിതവും കരിയറും ഉള്‍പ്പെടുത്തിയാണ് കുറിപ്പ് തയാറാക്കിയിരിക്കുന്നത്. എന്നാല്‍ തമന്നയെ കുറിച്ചുള്ളതൊന്നും ഏഴാം ക്ലാസിലെ കുട്ടികള്‍ക്ക് പഠിക്കാൻ അനുയോജ്യമല്ലെന്നാണ് രക്ഷിതാക്കളുടെ കണ്ടെത്തല്‍.
സിന്ധ് വിഭാഗത്തിലെ പ്രമുഖരെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ തമന്നയെ പാഠഭാഗത്ത് ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നുമാണ് രക്ഷാകർത്താക്കൾ പറയുന്നത്. സംഭവത്തില്‍ ശിശുക്ഷേമ വകുപ്പിനും പ്രൈമറി, സെക്കൻഡറി സ്കൂള്‍ അസോസിയേഷനുമാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം, രക്ഷിതാക്കളുടെ നീക്കത്തിനെതിരേ വിമർശനങ്ങൾ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.