ബ്രാൻഡിൽ വിശ്വസിക്കുന്നവർ ഇതു വായിക്കുക; 4,700 രൂപ ചെലവു വരുന്ന ഡിയോർ ബാഗിനു വിപണി വില രണ്ട് ലക്ഷത്തിലേറെ!
ആഗോളതലത്തിൽ പ്രമുഖ ആഡംബര ബ്രാൻഡാണ് ഡിയോർ. 1946ൽ ക്രിസ്റ്റ്യൻ ഡിയർ സ്ഥാപിച്ച ഡിയോർ, ഫാഷൻ, ആക്സസറികൾ, സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയ്ക്കായി ആഘോഷിക്കപ്പെടുന്ന പ്രശസ്ത ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡ് ആണ്. ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളും സമ്പന്നരും ആഡംബരത്തിനും ചിലർ അഹങ്കാരത്തിനുമായി ഡിയോർ ബാഗുകളും മറ്റ് ഉത്പന്നങ്ങളും ഉപയോഗിക്കാറുണ്ട്.
എന്നാൽ ഇതിന്റെ യഥാർഥ നിർമാണ ചെലവും വിപണി വിലയും കേട്ടാൽ ആരും തലയിൽ കൈവച്ചുപോകും. അടുത്തിടെ ഇറ്റാലിയൻ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പു പുറത്തുവന്നത്. അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച ഡിയോറും മറ്റൊരു ഇറ്റാലിയൻ ആഡംബര ഭീമനായ ജോർജിയ അർമാനിയും ലക്ഷക്കണക്കിനു രൂപയ്ക്കു വിൽക്കുന്ന ഹാൻഡ്ബാഗുകൾ നിർമിക്കുന്നതിനു വളരെ ചെറിയ തുക മാത്രമാണ് ചെലവഴിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
ദി വാൾ സ്ട്രീറ്റ് ജേണൽ ആണ് ഇക്കാര്യം പുറത്തുവിട്ടത്. 4,778 രൂപ നിർമാണച്ചെലവുള്ള ഡിയോർ ബാഗ് വിപണിയിൽ വിൽക്കുന്നത് 2.34 ലക്ഷം രൂപയ്ക്ക്. 8,385 രൂപ ചെലവുള്ള അർമാനിയുടെ ബാഗുകൾ വിൽക്കുന്നതോ 1.62 ലക്ഷം രൂപയ്ക്ക്. വിപണിയിലെ കൊള്ള പുറത്തുകൊണ്ടുവന്ന ഇറ്റാലിയൻ പ്രോസിക്യൂട്ടർമാർക്ക് വലിയ കൈയടിയാണ് ലോകം നൽകുന്നത്. എന്നാൽ, റിപ്പോർട്ടിനോട് ഡിയോർ, അർമാനി തുടങ്ങിയ കമ്പനികൾ പ്രതികരിച്ചിട്ടില്ല.