‘സർപ്രൈസു’കൾക്ക് തയാറായിക്കോളൂ: ഇസ്രയേലിനുനേരെ ആക്രമണത്തിന് ഹിസ്ബുല്ല പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്

Update: 2024-05-26 07:50 GMT

ഇസ്രയേലിനുനേരെ അപ്രതീക്ഷിത ആക്രമണത്തിന് ഹിസ്ബുല്ല പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. ഇസ്രയേൽ ചില ‘സർപ്രൈസു’കൾക്ക് തയാറായിരിക്കണമെന്ന് ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറൽ ഹസ്സൻ നസ്രല്ല ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞു. ലെബനൻ വിമോചനത്തിന്റെ 24–ാം വാർഷികാഘോഷവേളയിൽ പുറത്തിറക്കിയ സന്ദേശത്തിലാണ് നസ്രല്ലയുടെ ഭീഷണി. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന് ഒരു ലക്ഷ്യവും നേടാനായിട്ടില്ലെന്നും ഇക്കാര്യം അവരുടെ ദേശീയ സുരക്ഷാ കൗൺസിൽ തലവൻ തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും നസ്രല്ല ചൂണ്ടിക്കാട്ടി.

‘‘പലസ്തീനെ മൂന്ന് യൂറോപ്യൻ രാജ്യങ്ങൾ കൂടി അംഗീകരിച്ചത് ഇസ്രയേലിനുണ്ടായ വലിയ നഷ്ടമാണ്. ഒക്ടോബർ ഏഴിലെ അൽ–അഖ്സ പോരാട്ടത്തിന്റെയും ദൃഢനിശ്ചയത്തോടെയുള്ള പ്രതിരോധത്തിന്റെയും ഫലമായാണ് ഇന്ന് ഇസ്രയേൽ രാജ്യാന്തര നീതിന്യായ കോടതിക്കു മുന്നിൽ നിൽക്കുന്നത്. റഫയിൽ ആക്രമണം നിർത്തണമെന്ന് ഐസിസി പറഞ്ഞിട്ടും ഇസ്രയേൽ അനുസരിച്ചിട്ടില്ല. എന്നാൽ ഞങ്ങളുടെ പ്രതിരോധത്തിൽ നിങ്ങൾ സർപ്രൈസുകൾ പ്രതീക്ഷിച്ചിരിക്കണം ’– നസ്രല്ല പറഞ്ഞു. അയർലൻഡ്, സ്പെയിൻ, നോർവേ എന്നീ യൂറോപ്യൻ രാജ്യങ്ങൾ പലസ്തീനെ അംഗീകരിക്കുകയും റഫയിലെ ആക്രമണം നിർത്തണമെന്ന് ഐസിസി ഇസ്രയേലിനോട് ആവശ്യപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് നസ്രല്ലയുടെ പ്രതികരണം.

Tags:    

Similar News