ഇവൾ എരുമകളുടെ രാജ്ഞി..! വില 4.60 ലക്ഷം, പുതിയ ഉടമയ്‌ക്കൊപ്പം യാത്രയായത് നോട്ടുമാല അണിഞ്ഞ്
എരുമകളുടെ രാജ്ഞിയായ മുറ ഇനത്തിൽപ്പെട്ട എരുമയെ വിറ്റപ്പോൾ ഉടമയ്ക്കു കിട്ടിയത് 4.60 ലക്ഷം രൂപ. ഹരിയാനയിലെ ഝജാറിലാണ് ലക്ഷങ്ങളുടെ എരുമക്കച്ചവടം നടന്നത്. രൺവീർ ഷെയോരൻ എന്ന കർഷകനാണ് എരുമയെ വിറ്റ് ലക്ഷാധിപതിയായത്. തനിക്കു സൗഭാഗ്യം നേടിത്തന്ന എരുമയെ രാജകീയമായാണ് രൺവീർ യാത്രയാക്കിയതും. നോട്ടുമാല അണിയിച്ചാണ് പുതിയ ഉടമയ്ക്കൊപ്പം എരുമയെ പറഞ്ഞയച്ചത്.
26 ലിറ്റർ പാലാണ് എരുമയ്ക്കു നിത്യേന ലഭിച്ചിരുന്നത്. ഈ മേഖലയിൽ ആദ്യമായാണ് ഒരു എരുമ ഇത്രയും വലിയ തുകയ്ക്കു വിറ്റുപോകുന്നത്. കച്ചവടം വൻ വാർത്തയായതോടെ എരുമയെ കാണാൻ ധാരാളം പേരാണു സ്ഥലത്തെത്തുന്നത്.
78,000 രൂപ നൽകിയാണ് രൺവീർ എരുമയെ വാങ്ങുന്നത്. വീട്ടിലെ അംഗത്തെപ്പോലെയാണ് രൺവീർ എരുമയെ പരിപാലിച്ചത്. ഭക്ഷണകാര്യങ്ങളിലും കർഷകൻ വളരെ ശ്രദ്ധ കൊടുത്തിരുന്നു. ആറു വയസാണ് ഇപ്പോൾ എരുമയുടെ പ്രായം. ഖാൻപുർകലൻ ഗ്രാമത്തിലെ താമസക്കാരനായ മൽവീന്ദ്ര എന്നയാളാണ് ലക്ഷങ്ങൾ കൊടുത്ത് എരുമയെ വാങ്ങിയത്.
ഈ മേഖലയിൽ നേരത്തെ മുറ എരുമകൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ ധാരാളം മുറ എരുമകൾ ഇവിടെയുണ്ട്. മൃഗപരിപാലനമാണ് ഇവിടെയുള്ളവരുടെ പ്രധാന വരുമാനമാർഗം. ലക്ഷങ്ങൾക്ക് എരുമയെ വിൽക്കാൻ സാധിച്ചതോടെ മൃഗപരിപാലനരംഗത്തേക്കു കൂടുതൽ പേർ കടന്നുവരുമെന്നാണ് പ്രതീക്ഷ.
പ്രധാനമായും പാലുത്പാദനത്തിനായി വളർത്തുന്നതാണ് മുറ ഇനത്തിൽപ്പെട്ട എരുമ. ഭിവാനി, ആഗ്ര, ഹിസാർ, റോഹ്തക്, ജിന്ദ്, ഝജാർ, ഫത്തേഹാബാദ്, ഗുഡ്ഗാവ്, ഡൽഹി എന്നിവിടങ്ങളിലാണ് മുറ എരുമകളെ ധാരാളമായി വളർത്തുന്നത്. ക്ഷീരകർഷകരുടെ പ്രിയപ്പെട്ട വളർത്തുമൃഗമായ മുറ എരുമയ്ക്കാണ് ഇന്ത്യൻ എരുമ ഇനങ്ങളിൽ ഏറ്റവും കൂടുതൽ പാൽ ലഭിക്കുന്നത്.