സ്ത്രീകളെ ഭയന്ന് ജീവിതം; 55 വർഷമായി വീടിനുള്ളിൽ ഒളിച്ചു കഴിയുന്ന 71-കാരൻ
ചില കാര്യങ്ങളോട് ഭയമുള്ള നിരവധി പേരുണ്ട്. എന്നാൽ ഇത്തരം ഒരു ഭയം ആദ്യമായിട്ടാകും കേൾക്കുന്നത്. പറഞ്ഞ് വരുന്നത് സ്ത്രീകളെ ഭയന്ന് ജീവിക്കുന്ന ഒരു മനുഷ്യനെ കുറിച്ചാണ്. റുവാണ്ട സ്വദേശിയായ കാലിറ്റ്സെ സാംവിറ്റ എന്ന 71-കാരനാണ് ആ മനുഷ്യൻ. സ്ത്രീകളുമായി ഇടപഴകേണ്ടിവരുമെന്ന് ഭയന്ന് കഴിഞ്ഞ 55 വർഷമായി അദ്ദേഹം വീട്ടിൽ സ്വയം തടവിൽ കഴിയുകയാണ്. 16-ാം വയസ് മുതലാണ് ഇദ്ദേഹം സ്ത്രീകളിൽ നിന്ന് അകന്ന് താമസിക്കാൻ തുടങ്ങിയത്. വീട്ടിലേക്ക് സ്ത്രീകൾ പ്രവേശിക്കാതിരിക്കാൻ 15 അടി ഉയരത്തിലുള്ള വേലി കെട്ടിമറയ്ക്കുകയും ചെയ്തു.
എന്നാൽ ഭയപ്പെട്ടിട്ടും പുരുഷനെ ജീവനോടെ നിലനിർത്തുന്നതും അതിജീവിക്കാൻ സഹായിക്കുന്നതും നാട്ടുകാരായ സ്ത്രീകളാണ്.
അവർ വീട്ടുമുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊടുക്കുന്ന ഭക്ഷണസാധനങ്ങളാണ് സാംവിറ്റയുടെ ജീവൻ നിലനിർത്തുന്നത്. സ്ത്രീകൾ പോയിക്കഴിഞ്ഞാണ് സാംവിറ്റ ഈ ഭക്ഷണം വീട്ടിനുള്ളിൽ നിന്ന് ഇറങ്ങിവന്ന് എടുത്തുകൊണ്ടുപോകുക. ഗ്രാമത്തിലെ സ്ത്രീകളെ ആരെയെങ്കിലും വീടിന് പരിസരത്ത് കണ്ടാൽ സാംവിറ്റ വേഗം വീടുപൂട്ടി അകത്തിരിക്കും. എല്ലാവരും പോയി എന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് വീട് തുറക്കുക.
'ഗൈനോഫോബിയ' എന്ന മാനസികാവസ്ഥയാണ് സാംവിറ്റയ്ക്കുള്ളതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. സ്ത്രീകളോടുള്ള അകാരണമായ ഭയത്തെയാണ് ഗൈനോഫോബിയ എന്നു പറയുന്നത്. സ്ത്രീകളെ കുറിച്ച് ചിന്തിച്ചാൽ മാത്രമേ രോഗലക്ഷണങ്ങൾ ഉണ്ടാകൂ. പരിഭ്രാന്തി, നെഞ്ചിലെ ഞെരുക്കം, അമിതമായ വിയർപ്പ്, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയെല്ലാം സാധ്യതയുള്ള ലക്ഷണങ്ങളായി പട്ടികപ്പെടുത്തിയിട്ടുണ്ട്. തളർച്ച അനുഭവപ്പെടുന്നതും എതിർലിംഗത്തിലുള്ളവരോട് അടുക്കുമ്പോൾ വയറുവേദനയും ഗൈനോഫോബിയയുടെ മറ്റ് ലക്ഷണങ്ങളാണ്. എന്തായാലും ഇത് വായിക്കുന്ന പല പുരുഷൻമാരുടെ മൂഖത്തും ചിലപ്പോൾ ഒരു ചിരി തെളിയുന്നുണ്ടാകും!.