കടം കയറി ജീവിതം താറുമായ യുവാവ് ആത്മഹ്യ ചെയ്യാൻ പാലത്തിനു മുകളിൽ കയറുകയും സംഭവമറിഞ്ഞെത്തിയ പോലീസുകാർ യുവാവിനെ അനുനയിപ്പിച്ചു താഴെയിറക്കുകയും ചെയ്ത സംഭവം വൈറലായി. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതുപോലെയുള്ള സംഭവങ്ങൾ സാധാരണമാണ്. എന്നാൽ, നിരാശഭരിതനായ ചെറുപ്പക്കാരനെ താഴെയിറക്കാൻ പോലീസ് പ്രയോഗിച്ച തന്ത്രങ്ങളാണ് കൗതുകമായി മാറിയത്.
തിങ്കളാഴ്ചയാണു സംഭവം. കോൽക്കത്തയിലെ പാർക്ക് സർക്കസിൽ സ്ഥിതി ചെയ്യുന്ന കൂറ്റൻ ഇരുമ്പ് പാലത്തിൽ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. ബൈക്കിലാണ് ഇയാൾ ഇവിടെയെത്തിയത്. കൂടെ ഇയാളുടെ മൂത്തമകളും ഉണ്ടായിരുന്നു. സയൻസ് സിറ്റിയിലേക്കു പോകുകയായിരുന്ന ഇയാൾ പാലത്തിനു സമീപമെത്തിയപ്പോൾ ബൈക്ക് നിറുത്തുകയും മകളോട് ഇറങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് മകൾ നോക്കിനിൽക്കെ ഇയാൾ പാലത്തിനു മുകളിലേക്കു കയറിപ്പോയി. താഴെനിന്ന മകൾ പേടിച്ചുകരയാനും തുടങ്ങി.
STORY | Kolkata man climbs down bridge after police lure him with job, biryani
— Press Trust of India (@PTI_News) January 23, 2024
READ: https://t.co/H6STQs1Qw3
VIDEO:
(Source: Third Party) pic.twitter.com/R7w4zslvvc
സംഭവമറിഞ്ഞ് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. അയാളുമായി സംസാരിക്കുകയും പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സഹായിക്കാമെന്നു വാഗ്ദാനം നൽകുകയും ചെയ്തു. മാത്രമല്ല, കോൽക്കത്ത നഗരത്തിലെ പ്രസിദ്ധമായ ബിരിയാണി വാങ്ങിത്തരാമെന്നും വഗ്ദാനം നൽകി. പോലീസിന്‍റെ സ്നേഹപൂർവമായ സമീപനങ്ങളിലും സഹായവാഗ്ദാനങ്ങളിലും മനസുമാറിയ അയാൾ തിരിച്ചിറങ്ങി.
ടൈൽസ് ബിസിനസിൽ വൻ നഷ്ടം സംഭവിച്ച് സാന്പത്തികപ്രതിസന്ധിയിലായ യുവാവാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഭാര്യയുമായി വിവാഹമോചനം നേടിയ യുവാവ് ഇപ്പോൾ മൂത്ത മകളോടൊപ്പമാണു താമസിക്കുന്നത്. ഇളയമകൾ ഭാര്യയോടൊപ്പമാണുള്ളത്. മൂത്തമകളും അസന്തുഷ്ടയാണെങ്കിലും പിതാവിനെ ഉപേക്ഷിച്ചുപോകാൻ അവൾ തയാറല്ലെന്നും റിപ്പോർട്ടുകളുണ്ട്.