തൊടുപുഴയിലെ കുട്ടിക്കർഷകരായ ജോർജിന്റെയും മാത്യുവിന്റെയും പശുക്കൾ വിഷബാധയേറ്റ് ചത്ത വാർത്ത കേരളമാകെ ചർച്ച ചെയ്യപ്പെട്ടതാണ്. മരച്ചീനിയിൽനിന്നു വിഷബാധയേറ്റാണ് കുട്ടിക്കർഷകരുടെ പശുക്കൾ ചത്തത്. മരച്ചീനി ഇലയും റബർ ഇലയും മാത്രമല്ല, പശുക്കൾക്കു മരണം വരെ സംഭവിക്കാവുന്ന ഹാനികരമായ സസ്യങ്ങൾ വേറെയുമുണ്ട്. ഹൈഡ്രോസയനിക് അമ്ലം ആണു ജീവനെടുക്കുന്ന വിഷവസ്തു. മരച്ചീനി, റബർ, പച്ചമുള എന്നിവയിൽ കൂടുതലായും മറ്റു പല ചെടികളിലും കുറഞ്ഞ അളവിലും ഹൈഡ്രോസയനിക് അമ്ലം എന്ന വിഷാംശം അടങ്ങിയിട്ടുണ്ട്.
അതേസമയം, ഇത്തരം ചെടികളുടെ ഇല നമ്മുടെ കന്നുകാലികൾക്കു രുചികരമായ ഒരു ആഹാരവസ്തുവാണ്. മേൽപ്പറഞ്ഞവയുടെ ഇല ധാരാളമായി കഴിക്കുന്നതുമൂലം കന്നുകാലികളിലുണ്ടാകുന്ന വിഷബാധയെ സയനൈഡ് വിഷബാധ എന്നുപറയുന്നു. ഒരു ചെടിയിലെ വിഷാംശത്തിന്റെ ശതമാനം വിവിധ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. വേനൽക്കാലത്തിനുശേഷമെത്തുന്ന മഴയിൽ തഴച്ചു വളർന്നു തുടങ്ങുന്ന ചെടികളിലും വളർച്ച മുരടിച്ച ചെടികളിലും തളിരിലകളിലും വിഷാംശം കൂടുതലായി കാണാം. പക്ഷേ, ഇത്തരം ഇലകൾ ഭക്ഷിക്കുന്ന എല്ലാ മൃഗങ്ങളും ഒരുപോലെ വിഷബാധയ്ക്കു വിധേയമാകണമെന്നില്ല.
കന്നുകാലികളുടെ ആമാശയത്തിന്റെ പ്രഥമ അറയിൽ മറ്റ് ആഹാരവസ്തുക്കൾ ധാരാളമുണ്ടെങ്കിൽ, പ്രത്യേകിച്ചു അന്നജാംശം കൂടുതലുള്ള ഭണസാധനങ്ങൾ ഉണ്ടെങ്കിൽ, വിഷബാധയുടെ തോതു കുറയും. അതുപോലെ സ്ഥിരമായി ഇത്തരം ഇലകൾ തിന്നുകൊണ്ടിരിക്കുന്ന കന്നുകാലികളിൽ അമിതമായ തോതിൽ വിഷവസ്തുക്കൾ ചെല്ലുന്നതു കൊണ്ടു മാത്രമേ വിഷബാധയേൽക്കാറുള്ളു. സാധാരണയായി വിഷബാധയേറ്റാൽ ഒന്നു രണ്ടു മണിക്കൂറിനകം മരണം നിശ്ചയമാണ്. തീവ്ര വിഷബാധയിൽ ഇലകൾ തിന്നുകഴിഞ്ഞു 10-15 മിനിട്ടിനകം ലക്ഷണങ്ങൾ കാണിക്കുകയും അധികം താമസിയാതെ മരണമടയുകയും ചെയ്യുന്നു.
പ്രധാനമായി ശ്വസനതടസം, ശ്വാസോച്ഛ്വാസത്തിന്റെ ആഴവും വേഗതയും വർധിക്കൽ, വിശ്രമമില്ലായ്മ, ക്ഷീണം, മാംസപേശികളുടെ കോച്ചിവലിക്കൽ, വിറയൽ, കൈകാലുകളുടെ തളർച്ച, മറിഞ്ഞുവീണു കൈകാലിട്ടടിക്കുകയും മറ്റു പരാക്രമങ്ങൾ കാണിക്കുകയും ചെയ്യൽ എന്നിവയാണ് ലക്ഷണങ്ങൾ. കൂടാതെ കൃഷ്ണമണികൾ വികസിക്കുകയും ഉദരകമ്പനമുണ്ടാകുകയും ചെയ്യും. നാഡിമിടിപ്പ് (കമേണ ഇല്ലാതാകുന്നു. ഒരുവശത്തേക്ക് ചരിഞ്ഞു കിടക്കുന്ന മൃഗം വായ് തുറന്നു പിടിച്ചു ശ്വാസം വലിക്കാനായി അത്യധികം വിഷമിച്ചു കൊണ്ടു മരണമടയുന്നു.
കന്നുകാലികൾ വിഷാംശമുള്ള ഇലകൾ തിന്നുവെന്നു മനസ്സിലാക്കിയാൽ രോഗലക്ഷണങ്ങൾക്കുവേണ്ടി കാത്തുനിൽക്കാതെ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടുകയാണെങ്കിൽ പൂർണമായും വളർത്തുമൃഗങ്ങളെ രക്ഷപ്പെടുത്താൻ കഴിയും. കൊഴുപ്പ (നനവുളള ചതുപ്പു പ്രദേശങ്ങളിലും നനവുള്ള വയലേലകളിലും വേനല്ക്കാലത്തും ധാരാളമായി കാണുന്ന ഒരു തരം കളച്ചെടിയാണ് കൊഴുപ്പ), ചേലമരത്തിന്റെ ഇല, മഞ്ഞയരളി (മനോഹരമായ ഒരു ചെടിയാണ് മഞ്ഞയരളി), ആവണക്കിൻ ചെടി, എരുക്ക്, കുന്നിക്കുരു, ആനത്തൊട്ടാവാടി, കാഞ്ഞിരക്കുരു, പീലിവാക, പുള്ളിച്ചേന്പ് തുടങ്ങിയവയും കാലികൾക്കും അപകടകരമാണ്.