പെറുവിൽ കണ്ടെത്തിയ 16 ദശലക്ഷം വർഷം പഴക്കമുള്ള ഡോൾഫിൻറെ തലയോട്ടിയുടെ ഫോസിൽ ശാസ്ത്രജ്ഞർ അനാച്ഛാദനം ചെയ്തു. നാപോ നദിയിൽ നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റി സ്‌പോൺസർ ചെയ്ത 2018 ലെ പര്യവേഷണത്തിനിടെയാണ് ശാസ്ത്രജ്ഞർ ഫോസിൽ കണ്ടെത്തിയത്. തെക്കേ അമേരിക്കയിലെ നദിയിൽ വസിച്ചിരുന്ന മൂന്നു മുതൽ 3.5 മീറ്റർ വരെ (9.8 മുതൽ 11.4 അടി വരെ) നീളമുള്ള ഡോൾഫിൻറേതാണ് തലയോട്ടിയെന്ന് പാലിയൻറോളജിസ്റ്റ് റോഡോൾഫോ സലാസ് പറഞ്ഞു.
പെറുവിയൻ പുരാണ ജീവിയായ യകുറുനയുടെ പേരായ പെബനിസ്റ്റ യാകുറുന എന്ന് ഈ ഫോസിലിനു പേരിട്ടു. ഈ ഡോൾഫിൻ ഇന്ത്യയിലെ ഗംഗാ നദിയിലെ ഡോൾഫിനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞു. രണ്ട് ഡോൾഫിനുകളുടെയും പൂർവികർ മുമ്പ് സമുദ്രത്തിലാണ് താമസിച്ചിരുന്നതെന്നും സലാസ് വ്യക്തമാക്കി.
ഈ ഡോൾഫിനുകൾ ആമസോണിലെയും ഇന്ത്യയിലെയും ശുദ്ധജല പരിതസ്ഥിതിയിലാണ് ജീവിച്ചിരുന്നത്. സങ്കടകരമെന്നു പറയട്ടെ, ആമസോണിൽ ഉണ്ടായിരുന്നവയ്ക്ക് വംശനാശം സംഭവിച്ചു, പക്ഷേ ഇന്ത്യയിലുണ്ടായിരുന്നവ അതിജീവിച്ചെന്നും സലാസ് പറഞ്ഞു.