പണം ഉണ്ടെന്ന് കരുതി കോടതിയെ അവഹേളിക്കരുത്; മസ്‌കിനെതിരെ ബ്രസീൽ പ്രസിഡന്റ്

Update: 2024-09-02 08:02 GMT

സുപ്രീം കോടതി ഉത്തരവുകളെ ഇലോൺ മസ്‌ക് ബഹുമാനിക്കണമെന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡി സിൽവ. ഉള്ളടക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ പാലിക്കാത്തതിനെ തുടർന്ന് ബ്രസീലിൽ നിരോധന ഭീഷണി നേരിടുകയാണ് എക്സ്. ജഡ്ജ് അലക്‌സാന്ദ്രേ ഡി മൊറേസാണ് എക്സിന് താൽക്കാലിക് വിലക്ക് പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്ക് എതിരെ നടപടി എടുക്കണമെന്ന ഉത്തരവ് പാലിക്കാത്തതും രാജ്യത്ത് പുതിയ നിയമകാര്യ പ്രതിനിധിയെ നിയമിക്കണമെന്ന സുപ്രീംകോടതി നിർദേശം അനുസരിക്കാതിരുന്നതുമാണ് നടപടിയിലേക്ക് നയിച്ചത്.

ലോകത്ത് എവിടെ നിന്നുള്ളവരായാലും ബ്രസീലിൽ നിക്ഷേപമുള്ളവർ ബ്രസീലിയൻ ഭരണഘടയ്ക്കും നിയമങ്ങൾക്കും വിധേയരാണെന്നെന്നും ഒരു വ്യക്തിയ്ക്ക് ധാരാളം പണം ഉണ്ടെന്ന് വെച്ച് അയാൾക്ക് നിയമങ്ങളെ അവഹേളിക്കാൻ സാധിക്കില്ലെന്നും ലുല പറഞ്ഞു.

ഏപ്രിലിൽ വ്യാജ വാർത്ത പരത്തുന്ന എക്‌സ് അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെയാണ് കോടതിയും എക്‌സും തമ്മിലുള്ള പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. ഈ ഉത്തരവ് എക്‌സ് പാലിച്ചില്ലെന്ന് മാത്രമല്ല. 'അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും ബ്രസീലിലെ തിരഞ്ഞെടുക്കപ്പെടാത്ത ഒരു കപട ജഡ്ജി രാഷ്ട്രീയ ആവശ്യങ്ങൾക്കായി അതിനെ നശിപ്പിക്കുകയാണെന്ന്' എക്‌സ് മേധാവി ഇലോൺ മസ്‌ക് എക്‌സിൽ പോസ്റ്റിടുകയും ചെയ്തു.

Tags:    

Similar News