തൻറെ അമ്മയെയും അവരുടെ കൂട്ടുകാരിയെയും അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയിട്ടുണ്ട്; കൂട്ടുകാരിക്ക് അന്യഗ്രജീവികളുമായി സൗഹൃദമുണ്ടെത്ര..!
ആത്യന്തികമായി, അന്യഗ്രഹജീവികൾ ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. അതേസമയം, അന്യഗ്രജീവികളെയും അവരുടെ ആകാശപേടകങ്ങളെയും കണ്ടെന്ന് അവകാശപ്പെട്ടു നിരവധിപേർ രംഗത്തെത്താറുണ്ട്. പുതുവസത്സര ആഘോഷങ്ങൾക്കിടെ അമേരിക്കയിലെ മിയാമിയിലുള്ള ഒരു മാളിനു മുന്നിൽ അന്യഗ്രഹജീവി നടന്നുപോകുന്നതായുള്ള വീഡിയോ പുറത്തുവന്നിരുന്നു.
വിമാനയാത്രയ്ക്കിടെ പകർത്തിയ അന്യഗ്രപേടകത്തിൻറെ ദൃശ്യങ്ങളെന്ന് അവകാശപ്പെട്ട് ഫ്‌ളൈറ്റ് അറ്റൻഡൻറ് കഴിഞ്ഞദിവസം ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഇപ്പോൾ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടു പുതിയ വെളിപ്പെടുത്തലുമായി ഒരു യുവതി രംഗത്തെത്തിയിരിക്കുകയാണ്.
കൗമാരകാലത്തു തൻറെ അമ്മയെയും അവരുടെ സുഹൃത്ത് ലിസയെയും അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയെന്നാണു യുവതി അവകാശപ്പെടുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലാണ് അവർ തൻറെ അമ്മയുടെ അനുഭവം പങ്കിട്ടത്. അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയതിനു ശേഷമുള്ള സംഭവങ്ങൾ പൂർണമായും ഓർത്തെടുക്കാൻ അമ്മയ്ക്കു കഴിഞ്ഞിട്ടില്ലെന്നും യുവതി പറയുന്നു.
തൻറെ അമ്മയും അവരുടെ കൂട്ടുകാരിയും വീടിൻറെ ടെറസിൽ സമയം ചെലവഴിക്കുന്‌പോൾ ആകാശത്ത് പ്രകാശവലയങ്ങൾ കണ്ടു. പ്രകാശം അവരുടെ സമീപത്തേക്കെത്തി. കുറേ കഴിഞ്ഞപ്പോൾ വെളിച്ചം പോയി. 15 മിനിറ്റോളം മേൽക്കൂരയിൽ ചെലവഴിച്ചതായി അമ്മ പറഞ്ഞു. എന്നാൽ, യഥാർഥത്തിൽ മൂന്നു മണിക്കൂർ കഴിഞ്ഞിരുന്നു. അതിനിടയിൽ നടന്ന കാര്യങ്ങളെക്കുറിച്ചൊന്നും അമ്മയ്ക്ക് ഓർമയില്ല.
പിന്നീട് അമ്മയും ലിസയും രണ്ടിടങ്ങളായാണു വളർന്നത്. പത്തുവർഷത്തോളം അവർ തമ്മിൽ ബന്ധമുണ്ടായിരുന്നില്ല. അവർ വീണ്ടും കണ്ടുമുട്ടിയപ്പോൾ പഴയ കാര്യങ്ങൾ ഓർത്തെടുത്തു. അന്നത്തെ സംഭവത്തെക്കുറിച്ച് ലിസയ്ക്ക് എല്ലാം ഓർമയുണ്ടത്രെ! പ്രകാശത്തിൻറെ കഷണങ്ങളാണ് തങ്ങളുടെ അടുത്തേക്കു വന്നതെന്ന് ലിസ പറയുന്നു. പിന്നീട് എല്ലാം മങ്ങിയപോലെ തോന്നിയെന്നും ആശയക്കുഴപ്പത്തിലായെന്നും ലിസ അവകാശപ്പെടുന്നു.
വീടിൻറെ ടെറസിൽ നടന്ന സംഭവത്തിനു പുറമേ, മൂന്നു തവണ കൂടി അന്യഗ്രഹജീവികൾ തന്നെ തട്ടിക്കൊണ്ടുപോയതായി ലിസ അവകാശപ്പെട്ടു. അന്യഗ്രഹജീവികളുമായി താൻ ഒരു സൗഹൃദം വളർത്തിയെടുത്തുവെന്നും ലിസ അവകാശപ്പെടുന്നു. എന്നാൽ അതേക്കുറിച്ചൊന്നും കൂടുതൽ വെളിപ്പെടുത്താൻ ലിസ തയാറായില്ല. ഒരു ദിവസം എല്ലാം സത്യവും വെളിപ്പെടുമെന്നാണ് ലിസ പറയുന്നത്.