മഞ്ജു വാര്യരുടെ മകളായി അഭിനയിക്കാനെത്തുമ്പോള്‍ സിനിമയെക്കുറിച്ച് അറിയാവുന്നത് 'ആക്ഷനും കട്ടും' മാത്രം- അനശ്വര
ഉദാഹരണം സുജാതയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ അനശ്വര രാജന് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികമാരിലൊരാളാണ്. ആദ്യ ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിക്കാന്‍ എത്തുമ്പോള്‍ അനശ്വരയ്ക്ക് സിനിമയെക്കുറിച്ച് അറിയാവുന്നത് 'ആക്ഷനും കട്ടും' മാത്രം!
ഉദാഹരണം സുജാതയുടെ കഥ കേള്‍ക്കാന്‍ എറണാകുളത്ത് എത്തിയപ്പോഴാണ് മഞ്ജു ചേച്ചിയെ ആദ്യം കണ്ടതെന്ന് അനശ്വര രാജന്. മഞ്ജു ചേച്ചി താമസിച്ച ഹോട്ടലില്‍ വച്ച്. അപ്പോ കൂടെ. സിനിമയുടെ അണിയറ പ്രവര്‍ത്തകരുണ്ടായിരുന്നു. ഞങ്ങള്‍ കോളിങ് ബെല്‍ അടിച്ച ശേഷം റൂമിന്റെ പുറത്ത് വെയിറ്റ് ചെയ്തു. മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മുന്നില്‍ വന്നു നില്ക്കാന് പോകുന്നു. ഞാനിങ്ങനെ പേടിച്ചുനിന്നു.
നിമിഷങ്ങള്‍ക്കുള്ളില്‍ ചേച്ചി വാതില്‍ തുറന്നു. ചേച്ചിയെ കണ്ട ഞാന്‍ അന്തം വിട്ടുനില്‍ക്കുകയാണ്. ചേച്ചി അകത്തേക്ക് എല്ലാവരെയും വിളിച്ചു. എന്റെ തോളില്‍ കൈയിട്ട് മോളുടെ പേരെന്താണ് എന്ന് ചോദിച്ചു. അകത്തുകയറി എനിക്ക് ചായ ഇട്ടുതന്നു. ഞാന്‍ സംസാരിക്കാന്‍ പോലുമാകാതെ അത്ഭുതലോകത്ത് നില്‍ക്കുകയാണ്. എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ സംസാരിക്കാന്‍ പറഞ്ഞു. പിന്നെ ചേച്ചി എന്നോട് സംസാരിച്ച് എന്നെ കൂളാക്കിയെന്നും അനശ്വര പറഞ്ഞു.