നിർമാതാക്കൾക്കു വേണ്ടി വിട്ടുവീഴ്ചയ്ക്കു തയാറായില്ല; നിത്യാ മേനോൻറെ ആദ്യ തെലുങ്കുചിത്രത്തിൻറെ സംവിധായികയുടെ വെളിപ്പെടുത്തൽ

Update: 2024-02-03 07:20 GMT

തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നടിമാരിലൊരാളാണ് നിത്യാ മേനോൻ. മലയാളിയായ നിത്യയ്ക്ക് കൂടുതൽ അവസരങ്ങളും ലഭിച്ചത് മറ്റു ഭാഷാചിത്രങ്ങളിൽനിന്നാണ്. അതേസമയം സിനിമയ്ക്ക് അകത്തും പുറത്തും തൻറെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും യാതൊരു മടിയുമില്ലാതെ തുറന്ന് പറയുന്ന ശീലക്കാരിയുമാണ് നിത്യ.

നിത്യയെക്കുറിച്ച് സംവിധായക നന്ദിനി റെഡ്ഡി മുന്‌പൊരിക്കൽ പറഞ്ഞ കാര്യങ്ങളാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. നിത്യയുടെ ആദ്യ തെലുങ്കു ചിത്രത്തിൻറെ സംവിധായിക ആയിരുന്നു നന്ദിനി. നിർമാതാക്കൾക്കുവേണ്ടി കൂട്ടിച്ചേർത്ത രംഗത്ത് അഭിനയിക്കില്ലെന്നു തുറന്നുപറഞ്ഞ കാര്യമാണ് നന്ദിനി വെളിപ്പെടുത്തിയത്.

2011 ലായിരുന്നു നിത്യയുടെ തെലുങ്ക് അരങ്ങേറ്റം. നന്ദിനി സംവിധാനം ചെയ്ത ആല മോഡലെയ്ന്തി ആയിരുന്നു ചിത്രം. നന്ദിനിയുടെ ആദ്യ സിനിമയായിരുന്നു അത്. ഈ ചിത്രത്തിലെ ഒരു അനാവശ്യ രംഗത്തിൽ അഭിനയിക്കുന്നതിനെയായിരുന്നു നിത്യ എതിർത്തത്. നിർമാതാക്കളുടെ നിർബന്ധത്തെത്തുടർന്നായിരുന്നു അത്തരത്തിലൊരു രംഗം തിരക്കഥയിൽ ആവശ്യമില്ലാതിരുന്നിട്ടും കുത്തിക്കയറ്റിയത്. അവർ എന്നോട് ഒരു ഘട്ടത്തിൽ നിത്യ വീണ്ടും മദ്യപിക്കുന്ന ഒരു രംഗം എഴുതാൻ പറഞ്ഞു. ഇക്കാര്യം നിത്യയോടു പറഞ്ഞപ്പോൾ ഞാനിത് ചെയ്യില്ല, നിങ്ങൾക്കിത് ശരിയാണെന്ന് തോന്നുന്നുണ്ടോ എന്ന് നിത്യ ചോദിച്ചു.

ഇല്ല, പക്ഷെ എനിക്ക് ഈ സിനിമ തീർക്കണം എന്ന് ഞാൻ പറഞ്ഞു. അവൾ അന്നൊരു കുട്ടിയാണ്. 21 വയസ് മാത്രമേയുള്ളൂ, കോളേജ് പഠനം കഴിഞ്ഞതേയുള്ളൂ. സിനിമയിൽ സ്വന്തമായൊരു ഇടവുമില്ല. അവൾ ധൈര്യത്തോടെ പറഞ്ഞത് അങ്ങനെയൊരു രംഗത്ത് അഭിനയിക്കില്ല എന്നാണ്. ഒരു പെൺകുട്ടിയാണിതു പറയുന്നത്. അതോടെ എനിക്ക് വേണ്ടി ഞാൻ തന്നെ സംസാരിക്കണമെന്ന് ബോധ്യമായി. തുടർന്ന് അങ്ങനെ ചെയ്യാനാവില്ലെന്ന് ഞാൻ നിർമാതാവിനോടു പറഞ്ഞു - നന്ദിനി പറഞ്ഞു.

Tags:    

Similar News