കമൽഹാസൻ പുതുതലമുറയ്ക്ക് ഒരു പാഠപുസ്തകമാണ്: വിധുബാല

Update: 2023-10-16 10:29 GMT

ഒരുകാലത്ത് മലയാളചലച്ചിത്രലോകത്തെ മുൻനിര നായികയായിരുന്ന വിധുബാല ഉലകനായകൻ കമൽഹാസനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആരാധകർ ഏറ്റെടുത്തു. എന്റെ കാഴ്ചപ്പാടിൽ കമൽ ഒരു പാഠപുസ്തകമാണ്. പുതുതലമുറയ്ക്ക് അദ്ദേഹത്തിൽനിന്നു പഠിക്കാനും പകർത്താനുമായി ഒട്ടേറെ കാര്യങ്ങളുണ്ട്- വിധുബാല പറയുന്നു.

'ഒന്നുമില്ലായ്മയിൽ നിന്നാണ് അദ്ദേഹം തന്റെ അഭിനയജീവിതം തുടങ്ങുന്നത്. ആറാമത്തെ വയസിൽ ആരംഭിച്ച അഭിനയയാത്ര ഇപ്പോഴും തുടരുന്നു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ കമൽഹാസനുണ്ട്. അതിരും എതിരുമില്ലാത്ത നടനായി താരമായി മനുഷ്യനായി. സിനിമയുടെ ടെക്നിക്കുകൾ കമലിനെപ്പോലെ അറിവുള്ള മറ്റൊരു നടനുണ്ടാവില്ല. തന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും കമൽ ചെലവഴിച്ചത് സിനിമയ്ക്കുവേണ്ടിയാണ്. സിനിമ കൊണ്ടുണ്ടാക്കിയ സമ്പാദ്യങ്ങൾ പോലും കമൽ വിനിയോഗിക്കുന്നത് സിനിമയ്ക്കുവേണ്ടി തന്നെ.

ഒപ്പം അഭിനയിച്ച അനുഭവത്തിൽ നിന്നു പറയുകയാണെങ്കിൽ കമൽ വളരെ സഹകരിക്കുന്ന ആക്ടറാണ്. എത്ര കഴിവുള്ളവർക്കൊപ്പമാണെങ്കിലും കഴിവു കുറഞ്ഞവർക്കൊപ്പമാണെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ കമൽ ഒരുപാട് സപ്പോർട്ട് ചെയ്യും. കമലിനോടൊത്ത് അഭിനയിക്കുന്ന വേളയിൽ മിക്കവരുടെയും ആക്ടിങ് കപ്പാസിറ്റി വളരെ ഉയർന്നു പോകുന്നതായി കാണാം. ഏതു ഭാഷകളിലെ നടിനടന്മാരായാലും അവർക്കും ഇങ്ങനെയൊരു അനുഭവം തന്നെയായിരിക്കും.

സിനിമ വിട്ടു മറ്റൊരു ജീവിതമില്ലെന്നു ശരിക്കും മനസിലാകണമെങ്കിൽ കമലിന്റെ ജീവിതം തന്നെ കാണണം. ഏതൊക്കെ വഴികളിലൂടെ കടന്നുപോയാലും കമൽ സിനിമയിൽ തന്നെയുണ്ടാവും. സിനിമയ്ക്കുവേണ്ടി പുതിയ പുതിയ സ്വപ്നങ്ങൾ നെയ്ത് അതിനെക്കുറിച്ച് വളരെ ആഴത്തിൽ പഠിച്ച് ഒരു അഭ്രവിസ്മയം സൃഷ്ടിക്കുകയെന്നത് കമലിന്റെ രീതിയാണ്. അതിനുവേണ്ടി എന്തു കഷ്ടപ്പാടുകൾ സഹിക്കാനും അദ്ദേഹം തയാറാണ്.' വിധുബാല പറഞ്ഞു.

Tags:    

Similar News