'എന്നെക്കുറിച്ചുള്ള ആദ്യ ഗോസിപ്പ് അതായിരുന്നു'; അതിൽ കുറച്ച് കാര്യമുണ്ടായിരുന്നെന്ന് ഉർവശി

Update: 2024-06-17 09:54 GMT

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് ഉർവശി. മലയാളത്തിലും തമിഴിലുമെല്ലാം നിറഞ്ഞു നിൽക്കുകയാണ് ഇന്നും ഉർവശി. തന്റെ അഭിനയ മികവു കൊണ്ട് ഉർവശി അനശ്വരമാക്കിയ കഥാപാത്രങ്ങൾ നിരവധി. നാച്ചുറൽ ആക്ടറായ ഉർവശിയെ പോലെ കോമഡിയും ഡ്രാമയുമൊക്കെ ഒരേ അനായാസതയോടെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന നായികമാർ അപൂർവ്വ കാഴ്ചയാണ്.

ഇപ്പോഴിതാ ഉർവശിയുടെ പുതിയ സിനിമ റിലീസിനെത്തുകയാണ്. ഉള്ളൊഴുക്കാണ് ഉർവശിയുടെ പുതിയ സിനിമ. കൂട്ടിന് പാർവതി തിരുവോത്തുമുണ്ട്. സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് ഉർവശി. ഇതിന്റെ ഭാഗമായി നൽകിയൊരു അഭിമുഖത്തിൽ രസകരമായൊരു ഗോസിപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് ഉർവശി. തന്നെക്കുറിച്ച് ആദ്യമായി കേട്ട ഗോസിപ്പ് എന്താണെന്നാണ് ഉർവശി പറയുന്നത്.

മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി മനസ് തുറന്നത്. ''ആദ്യ സിനിമയുടെ ഷൂട്ടിനിടയിൽ ഒരു സിനിമാവാരികയിൽ നാലുവരി ഗോസിപ്പ് എഴുതി വന്നു. 'എ വി എംന്റെ ബാനറിൽ ഒരു സ്‌കൂൾ കുട്ടി അഭിനയിക്കാൻ വരുന്നിട്ടുണ്ട്. പക്ഷേ ഒരു വകയും പറഞ്ഞാൽ അനുസരിക്കില്ല. ഡയറക്ടർ ഒന്നു ദേഷ്യപ്പെട്ടാൽ അന്ന് വീട്ടിൽ പോകും എന്നു പറഞ്ഞ് പേടിപ്പിക്കും' എന്നായിരുന്നു അത്'' ഉർവശി പറയുന്നു.

എന്നാൽ അതൊരു ഗോസിപ്പ് ആയിരുന്നില്ലെന്നും അന്ന് തനിക്ക് പതിമൂന്ന് വയസായിരുന്നു, അതിനാൽ ആരു പറഞ്ഞാലും കേൾക്കില്ലായിരുന്നുവെന്നുമാണ് ഉർവശി പറയുന്നത്. ഇങ്ങോട്ടു വരാൻ പറഞ്ഞാൽ അങ്ങോട്ടു പോകുന്നതായിരുന്നു തന്റെ സ്വഭാവമെന്നും ഉർവശി ഓർക്കുന്നത്. ഗോസിപ്പിൽ ഉർവശിയുടെ അമ്മ പറഞ്ഞത്, രക്ഷപ്പെട്ടു. നല്ല ഇമേജാണല്ലോ ആദ്യമേ കിട്ടിയത്. ഇങ്ങോട്ട് വരാൻ പറഞ്ഞാൽ കൂടെ പോകുമെന്നല്ലല്ലോ എഴുതിയത് എന്നായിരുന്നു എന്നും താരം ഓർക്കുന്നു.

ആരെങ്കിലും ഇത്തിരി ശബ്ദം കൂട്ടി നിർദ്ദേശങ്ങൾ തന്നാൽ അപ്പോൾ എനിക്ക് വീട്ടിൽ പോകണമെന്ന് പറയും. ഈ സിനിമ അഭിനയിക്കില്ല എന്നു പറയുമായിരുന്നു താനെന്നും താരം പറയുന്നു. അതുകൊണ്ട് ഇതിനെക്കൊണ്ട് വലിയ ഉപദ്രവമായെന്നൊക്കെ ഡയറക്ടർ ഞാൻ കേൾക്കാതെ വഴക്കു പറഞ്ഞിട്ടുണ്ടാകുമെന്നും താരം ചിരിച്ചു കൊണ്ട് പറയുന്നുണ്ട്. നന്നെ ചെറിയ പ്രായത്തിലാണ് ഉർവശി സിനിമയിലെത്തുന്നത്.

പാർവതിയ്ക്കൊപ്പമുള്ള ഉള്ളൊഴുക്ക് അടുത്തയാഴ്ച റിലീസ് ചെയ്യും. ക്രിസ്റ്റോ ടോമിയാണ് സിനിമയുടെ സംവിധാനം. നെറ്റ്ഫ്ളിക്സിൽ ജോളി കേസിനെക്കുറിച്ചുള്ള ഡോക്യുമെന്ററി സംവിധാനം ശ്രദ്ധ നേടിയ സംവിധായകനാണ് ക്രിസ്റ്റോ ടോമി.

Tags:    

Similar News