'സർക്കാരിന്റെ ഓൺലൈൻ സിനിമ ടിക്കറ്റ് ബുക്കിംഗ് വൻകിട കമ്പനിക്ക് വേണ്ടി അട്ടിമറിച്ചു'; ബി. ഉണ്ണികൃഷ്‌ണനെതിരെ ഉണ്ണി ശിവപാൽ

Update: 2024-09-17 08:14 GMT

സർക്കാരിന്റെ ഓൺലൈൻ സിനിമ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണൻ ഇടപെട്ട് അട്ടിമറിച്ചെന്ന ആരോപണവുമായി നടൻ ഉണ്ണി ശിവപാൽ രം​ഗത്ത്. കുറഞ്ഞ ചെലവിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനം വൻകിട കമ്പനിക്ക് വേണ്ടി ഉണ്ണികൃഷ്ണൻ അട്ടിമറിച്ചെന്നാണ് ഫെഫ്‌ക അംഗം കൂടിയായ ഉണ്ണി ശിവപാലിന്റെ ആരോപണം. ഉണ്ണി ശിവപാലിന്റെ ഐ-നെറ്റ് വിഷൻ എന്ന കമ്പനിയായിരുന്നു കുറഞ്ഞ തുക ക്വാട്ട് ചെയ്തത്. വൻകിട കമ്പനിക്കായി ബി ഉണ്ണികൃഷ്ണൻ ഇടപെട്ടന്നാണ് ഉണ്ണി ശിവപാൽ ആരോപിക്കുന്നത്.

കുറഞ്ഞ ടെൻഡർ തുക വെച്ചിട്ടും തന്റെ കമ്പനിയെ ഒഴിവാക്കിയെന്നും ഉണ്ണി ശിവപാൽ പറഞ്ഞു. സർക്കാർ തലത്തിൽ വൻ ഇടപെടലുകൾ നടത്തി പദ്ധതിയെ അട്ടിമറിക്കാൻ ശ്രമം നടത്തിയതെന്ന് ഉണ്ണി ശിവപാൽ പറഞ്ഞു. ബി ഉണ്ണികൃഷ്ണൻ നിഷേധിച്ചാൽ തെളിവുകൾ പുറത്തു വിടുമെന്നും ഉണ്ണി ശിവപാൽ പ്രതികരിച്ചു. സർക്കാർ അപ്ലിക്കേഷനിൽ സിനിമ ബുക്ക് ചെയ്യാൻ വേണ്ടിയിരുന്നത് സർവീസ് ചാർജ് ആയി 10 രൂപ മാത്രമായിരുന്നു. ഇതിൽ അഞ്ച് രൂപ ക്ഷേമനിധിയിലേക്കും അഞ്ച് രൂപ തിയറ്റർ ഉടമകൾക്കുമായിരുന്നു. അതേസമയം തനിക്കെതിരെ ഉയർന്ന ആരോപണം ബി ഉണ്ണികൃഷ്ണൻ പൂർണമായി നിഷേധിച്ചു. മുഴുവൻ തെളിവുകളുമായി ഉണ്ണി ശിവപാൽ മുന്നോട്ട് വരണമെന്നും ചെലവുകുറഞ്ഞ സിനിമ ടിക്കറ്റിംഗ് ആപ്പുമായും ഫെഫ്കയുമായും എന്താണ് ബന്ധമെന്നും ഉണ്ണികൃഷ്ണൻ ചോദിച്ചു.

സർക്കാർ ഇത്തരത്തിലുള്ള ആപ്ലിക്കേഷൻ ഡെവലപ്പ് ചെയ്യുന്നുണ്ടെന്ന് അറിയാം. അതിന്റെ ഭാഗമായി ഒരുവർഷം മുന്നേ നടന്ന പരീക്ഷണം മൂന്ന് തീയറ്ററുകളിലായി ഷാജി എൻ കരുൺ നടത്തിയിരുന്നു. സർക്കാരും കെൽട്രോണും ചേർന്നായിരുന്നു അന്ന് ആ സംവിധാനം ചെയ്തിരുന്നത്. അതിൽ എങ്ങിനെയാണ് മറ്റൊരു പ്രൈവറ്റ് കമ്പനികൾക്ക് റോൾ ഉള്ളതെന്ന് അറിയില്ലെന്നും ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. കുറെ നാൾ മുന്നേ നടന്ന സംഭവം ശിവപാൽ എന്തുകൊണ്ടാണ് ഇപ്പോൾ പറയുന്നതെന്നും ആരോപണം ഉന്നയിക്കുകയും കൂടുതൽ തെളിവുകളുമായി മുന്നോട്ട് വരികയും ചെയ്യുകയാണെങ്കിൽ നിയമപരമായി നേരിടുമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

Tags:    

Similar News