തമിഴ് സിനിമയായ സീഡനിലൂടെയാണ് ഉണ്ണി മുകുന്ദന്‍ സിനിമലോകത്തേക്ക് ചുവടുവെച്ചത്. ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്കെത്തുന്നത്. ഉണ്ണി മുകുന്ദന്റേതായി ഏറ്റവും അവസാനം ഇറങ്ങിയ ചിത്രമാണ് ജയ് ഗണേഷ്. ഇപ്പോഴിതാ ജയ് ഗണേഷിന്റെ പ്രമോഷനിടെ തന്റെ ശരീര സംരക്ഷണത്തെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ഉണ്ണി പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്.
കൃത്യമായി ഫിറ്റ്‌നസ് നോക്കുന്ന നടനാണ് ഉണ്ണി മുകുന്ദന്‍. ഭക്ഷണം ശ്രദ്ധിക്കുന്നതിനായി പ്രോട്ടീന്‍ അടങ്ങുന്ന ഭക്ഷണമാണ് ഉണ്ണി അധികവും കഴിക്കുന്നത്. സിനിമ സെറ്റുകളിലാണെങ്കില്‍ പോലും ഭക്ഷണം ശ്രദ്ധിക്കുന്നയാളാണ് ഉണ്ണി. തന്റെ ഫിറ്റ്‌നസ് സംബന്ധമായ കാര്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുമുണ്ട് നടന്‍.
എന്നാല്‍ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടെങ്കിലും തുടര്‍ച്ചയായി 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം കഴിക്കുന്ന ആളാണ് താനെന്ന് പറയുകയാണ് ഉണ്ണി മകുന്ദന്‍. ഇത്രയും നാളും പുറത്തു നിന്ന് ഭക്ഷണം കഴിച്ചിട്ടും തനിക്ക് യാതരൊരു കുഴപ്പവും വന്നിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. സ്ഥിരമായി ഒരു ഹോട്ടലില്‍ കയറിയാല്‍ അവിടെ നിന്ന് സ്ഥിരമായി ഒരേ ഭക്ഷണം തന്നെയാണ് കഴിക്കാറുള്ളതെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.
ജയ് ഗണേഷ് പ്രമോഷനിടെ ഒരു മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി തന്റെ ഭക്ഷണത്തെക്കുറിച്ചും ഫിറ്റ്‌നസിനെക്കുറിച്ചും മനസു തുറന്നത്. ഒരേ ഹോട്ടലില്‍ സ്ഥിരമായി കയറിയാല്‍ തനിക്ക് ഇരിക്കാന്‍ അവിടെ ഒരു സ്ഥിരം സ്ഥലം ഉണ്ടായിരിക്കും. ഇത് സ്ഥിരമായി കഴിയുമ്പോള്‍ ഭക്ഷണം വിളമ്പുന്ന വെയിറ്റര്‍ക്ക് തന്റെ ഇഷ്ട ഭക്ഷണം എന്താണെന്ന് പറയാതെ തന്നെ കൊണ്ടു തരുമെന്നും ഉണ്ണി പറയുന്നു.
എന്നാല്‍ എന്ത് കഴിക്കണം എന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കാറുണ്ട് എന്നും ഉണ്ണി പറയുന്നു. നടി അനു സിത്താരയ്ക്ക് തടി കുറയ്ക്കാനുള്ള ട്രിക്കുകളും ഉണ്ണി പറഞ്ഞുകൊടുത്തിരുന്നു. അത് പ്രകാരം അനു സിത്താര തടി കുറച്ചിരുന്നുവെന്നും ഉണ്ണി പറഞ്ഞിരുന്നു.
ഉണ്ണി മുകുന്ദന്‍ വിഷു ആഘോഷിക്കുന്നതിനെക്കുറിച്ചും അഭിമുഖങ്ങളില്‍ ഓര്‍മ പങ്കുവെച്ചിരുന്നു. ഇവര്‍ ഗുജറാത്തില്‍ ആയിരുന്ന കാലത്ത് അമ്മ തന്നെയും ചേച്ചിയെയും വിളിച്ചുണര്‍ത്തി കണി കാണിക്കുമായിരുന്നുവെന്നും അന്ന് അമ്മ തന്നിരുന്ന അഞ്ചു രൂപയായിരുന്നു വിഷുക്കൈ നീട്ടം എന്നുമൊക്കെ ഉണ്ണി പറഞ്ഞു.
വിഷുവിന് തൊട്ടുമുമ്പായാണ് ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ജയ് ഗണേഷ് റിലീസ് ആയത്. അപകടത്തെ തുടര്‍ന്ന് വീല്‍ച്ചെയറിലായ യുവാവിന്റെ കഥപറയുന്ന ചിത്രത്തില്‍ മഹിമ നമ്പ്യാര്‍ ആണ് നായിക. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്.