ടു കണ്ട്രീസിനു രണ്ടാം ഭാഗം ഒരുക്കുന്നതു സജീവമായി ചര്‍ച്ചകളിലുണ്ട്; വെളിപ്പെടുത്തലുമായി റാഫി
മലയാളത്തിലെ ജനപ്രിയ സംവിധായകരിലൊരാളാണ് റാഫി. നിരവധി ഹിറ്റ് ചിത്രങ്ങൾ റാഫിക്കുണ്ട്. റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ടിലാണ് വന്പൻ ഹിറ്റുകൾ പിറന്നത്. സിദ്ധിക്-ലാലിന്റെ ഇന്ഹരിഹര്നഗറില് അസിസ്റ്റന്റ് ആയിട്ടാണു റാഫിയുടെ തുടക്കം. സിദ്ധിക് റാഫിയുടെ ബന്ധുവാണ്. ലാലുമായും ചെറുപ്പംമുതലേ റാഫിയുടെ സുഹൃത്താണ്. കാബൂളിവാല വരെ ഇരുവർക്കുമൊപ്പം റാഫി വര്‍ക്ക് ചെയ്തു. ഇപ്പോൾ അഭിനയരംഗത്തും റാഫി സജീവമാണ്.
തന്റെ ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗത്തെക്കുറിച്ച് റാഫിയുടെ വാക്കുകൾ:
ആളുകളെ തിയറ്ററിലേക്ക് എത്തിക്കുക വെല്ലുവിളിയാണ്. ഒടിടിയൊക്കെ വന്നതോടെ തിയറ്ററില്‍ വന്നുകണ്ടേ പറ്റൂ എന്ന അവസ്ഥയിലേ ആളുകള്‍ വരൂ. പക്ഷേ, അതു പ്ലാന്‍ചെയ്തു തിരക്കഥ എഴുതാനുമാവില്ല. ഈ കാലഘട്ടത്തില്‍ പറയാന്‍ പറ്റിയ കഥയാണോ, തിയറ്ററിലേക്ക് ആളുകളെ എത്തിക്കാനുള്ള തമാശയും മറ്റു ചേരുവകളുമുണ്ടോ, അങ്ങനെയൊരു തിയറ്റര്‍ അനുഭവം ഈ കഥയ്ക്കു കൊടുക്കാന്‍ പറ്റുമോ എന്നൊക്കെ കഥ ആലോചിക്കുമ്പോള്‍ ശ്രദ്ധിക്കണം.
ഒരു കഥയില്‍ ആ സാഹചര്യത്തില്‍ പറയാന്‍ പറ്റുന്ന കാര്യങ്ങള്‍ പറയണം. അതേസമയം, കാലത്തിനനുസരിച്ചു നമ്മുടെ നാടിനു വന്ന മാറ്റങ്ങള്‍ അംഗീകരിക്കണം. അതനുസരിച്ചു സിനിമ ചെയ്യണം. പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, മായാവി, 2 കണ്ട്രീസ് തുടങ്ങിയ സിനിമകള്‍ക്കു രണ്ടാംഭാഗം ആലോചനയില്‍ വന്നിട്ടുണ്ട്. ഇതുവരെ ഒന്നും നടന്നിട്ടില്ല. പക്ഷേ, ടു കണ്ട്രീസിനു രണ്ടാം ഭാഗം ഒരുക്കുന്നതു സജീവമായി ചര്‍ച്ചകളിലുണ്ട്- റാഫി പറഞ്ഞു.