നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണെന്നും അദ്ദേഹത്തോടൊപ്പം നടക്കുന്നത് ഒരു ഭാഗ്യമാണെന്നും നടൻ ടിനി ടോം. ബിജെപി കൊടിയുടെ പിന്നിലല്ല സുരേഷേട്ടനെ കണ്ടിട്ടുള്ളതെന്നും അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ പ്രവർത്തനങ്ങള്‍ക്ക് കൂടെ നില്‍ക്കുമെന്നും ടിനി ടോം പറഞ്ഞു.
ചലച്ചിത്ര മേഖലയില്‍ നിന്നും മറ്റാരും കൂടെയില്ലെങ്കിലും താൻ സുരേഷ് ഗോപിയെ പിന്തുണയ്‌ക്കുമെന്നും താരം പറഞ്ഞു. ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ടിനി ടോം പങ്കുവച്ചത്.
ടിനി ടോമിന്റെ വാക്കുകൾ ഇങ്ങനെ,
‘എനിക്ക് എന്റേതായ കുറെ നിലപാടുകള്‍ ഉണ്ട്. വിനായകന് സംസ്ഥാന അവാർഡ് ലഭിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഫോട്ടോ ഇടാൻ പലരും മടിച്ചു. പക്ഷേ, ഞാൻ ഫേസ്ബുക്കില്‍ ഇട്ടു. അതിന് ഞാൻ കുറെ ചീത്ത കേട്ടിട്ടുണ്ട്. വിനായകൻ എന്താണെന്ന് എനിക്ക് അറിയാം. 16 -17 വയസ്സു മുതല്‍ വിനായകനെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്.
പുറത്തു കാണുന്ന വിനായകൻ അല്ല എന്നോടുള്ള പെരുമാറ്റത്തില്‍ അദ്ദേഹം. വിനായകൻ എങ്ങനെ വിനായകൻ ആയി എന്ന് എനിക്കറിയാം. എന്തുകൊണ്ട് അങ്ങനെ പറ്റി എന്ന് എനിക്കറിയാം. സുരേഷേട്ടന് പിന്തുണ കൊടുക്കുന്നതും എന്റെ നിലപാടാണ്.’
‘ബിജെപി കൊടിയുടെ പിന്നിലല്ല സുരേഷേട്ടനെ ഞാൻ കണ്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ പ്രവർത്തനങ്ങള്‍ക്ക് ഞാൻ കൂടെ നില്‍ക്കും. ഒരു പാർട്ടിയില്‍ തന്നെ വിശ്വസിക്കുന്നത് അന്ധവിശ്വാസമാണ്. കമ്മ്യൂണിസ്റ്റ് ചെയ്യുന്നതു മാത്രമാണ് ശരി, കോണ്‍ഗ്രസ് ചെയ്യുന്നത് തെറ്റാണ്, ബിജെപി ചെയ്യുന്നത് ശരിയാണ് എന്നിങ്ങനെ മാത്രം ചിന്തിക്കുന്നത് അന്ധവിശ്വാസമാണ്.
എല്ലാ പ്രസ്ഥാനങ്ങളിലും നല്ലത് ചെയ്യുന്ന ആള്‍ക്കാരുണ്ട്. നല്ല നടനെയും നല്ല രാഷ്‌ട്രീയക്കാരെയും കിട്ടും. സുരേഷേട്ടൻ നല്ല ഒരു മനുഷ്യൻ കൂടിയാണ്. അദ്ദേഹത്തിന് ഒപ്പം നടക്കുന്നതില്‍ ഒരു തെറ്റുമില്ല. നല്ലൊരു മനുഷ്യന്റെ കൂടെ നടക്കുന്നത് ഭാഗ്യമാണ്’-ടിനി ടോം പറഞ്ഞു.