'കൺമണി അൻപോട്' ഗാനം ഉപയോഗിച്ചത് തന്റെ അനുവാദം കൂടാതെ ; മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്ക് നോട്ടീസ് അയച്ച് ഇളയരാജ

Update: 2024-05-23 08:32 GMT

മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സിന്റെ നിർമാതാക്കൾക്കെതിരെ പകര്‍പ്പവകാശ ലംഘന പരാതിയുമായി സംഗീത സംവിധായകന്‍ ഇളയരാജ. ഇളയരാജ സംഗീത സംവിധാനം നിർവഹിച്ച ‘ഗുണ’ എന്ന ചിത്രത്തിലെ ‘കണ്‍മണി അന്‍പോട്’ എന്ന ഗാനം തന്റെ അനുമതി തേടാതെ ഉൾപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ചത്.

ടൈറ്റിൽ കാര്‍ഡില്‍ പരാമര്‍ശിച്ചത് കൊണ്ടുമാത്രം കാര്യമില്ലെന്നും നോട്ടീസില്‍ പറയുന്നു. ഒന്നുകില്‍ അനുമതി തേടണമെന്നും അല്ലെങ്കില്‍ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

നേരത്തെ, 40 ശതമാനം ലാഭവിഹിതം വാഗ്ദാനംചെയ്ത്​ ഏഴുകോടി കൈപ്പറ്റിയശേഷം ലാഭവിഹിതമോ മുടക്കിയ പണമോ നൽകാതെ കബളിപ്പിച്ചെന്നാരോപിച്ച്​ ആലപ്പുഴ അരൂർ സ്വദേശി സിറാജ് നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെ കേസ് നൽകിയതിനെ തുടർന്ന് പറവ ഫിലിംസിന്റെ 40 കോടി നിക്ഷേപമുള്ള അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എറണാകുളം സബ് കോടതിയുടെ ഉത്തരവ് പ്രകാരം മരട് പൊലീസാണ് കേസെടുത്തിരുന്നത്. ഇതിലെ തുടർനടപടികൾ ഹൈകോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്.

സർവൈവൽ ത്രില്ലർ വിഭാഗത്തിൽപെട്ട സിനിമ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ ഒരുക്കിയത്. കൊച്ചിക്കടുത്ത മഞ്ഞുമ്മൽ എന്ന സ്ഥലത്തുള്ള ഒരുകൂട്ടം യുവാക്കൾ കൊടൈക്കനാലിലേക്ക് വിനോദയാത്ര പോകുന്നതും കൂട്ടത്തിലൊരാൾ ഗുണ കേവിൽ വീഴുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ചിദംബരം സംവിധാനം ചെയ്ത സിനിമയിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫെബ്രുവരി 22ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫിസിൽ നിന്ന് 240 കോടിക്ക് മുകളില്‍ കലക്ഷന്‍ നേടിയിരുന്നു. 200 കോടി കലക്ഷൻ നേടുന്ന ആദ്യ മലയാള സിനിമ എന്ന നേട്ടവും സ്വന്തമാക്കി.

Tags:    

Similar News