അങ്ങനെയാണ് ദിലീപേട്ടനുമായി ബന്ധമുണ്ടാകുന്നത്: കലാഭവന്‍ ഷാജോണ്‍ 

Update: 2023-06-04 10:11 GMT

മലയാള സിനിമയിലെ ഹാസ്യതാരങ്ങളില്‍ പ്രമുഖനാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ ഷാജോണ്‍, കോമഡി, വില്ലന്‍, ക്യാരക്ടര്‍ വേഷങ്ങളിലൂടെ സിനിമയില്‍ സജീവ സാന്നിധ്യമായി. ദൃശ്യത്തിലെ വില്ലന്‍ വേഷം ഷാജോണിനു നല്‍കിയത് പുതിയൊരു ഇമേജാണ്. സംവിധായകനായും ഷാജോണ്‍ തിളങ്ങി. 

ഇരുപത് വര്‍ഷം മുമ്പ് മൈ ഡിയര്‍ കരടിയില്‍ കലാഭവന്‍ മണിച്ചേട്ടന്റെ ഡ്യൂപ്പായിട്ടാണ് താന്‍ സിനിമയില്‍ വന്നതെന്ന് കലാഭവന്‍ ഷാജോണ്‍. മണിച്ചേട്ടന്‍ ഒരേ സമയം നിരവധി സിനിമയില്‍ ഓടിനടന്ന് അഭിനയിക്കുന്ന സമയമായിരുന്നു അത്. കരടിയുടെ മാസ്‌കിനുള്ളില്‍ ആരാണെന്ന് അറിയില്ലല്ലോ. അങ്ങനെയാണ് കലാഭവന്‍ മണിയുടെ ബോഡി ലാംഗ്വേജുള്ള ഒരാളെ അന്വേഷിക്കുന്നത്. മൈ ഡിയര്‍ കരടിയില്‍ കോട്ടയം നസീറിക്ക അഭിനയിക്കുന്നുണ്ട്. നസീറിക്കയാണ് മണിച്ചേട്ടന്റെ ഡ്യൂപ്പായി എന്നെ നിര്‍ദ്ദേശിച്ചത്. അന്ന് ഞാന്‍ സ്‌റ്റേജില്‍ മണിച്ചേട്ടനെ അനുകരിക്കുമായിരുന്നു. നസീറിക്കയാണ് എന്നെ വിളിച്ചിട്ടുപറഞ്ഞു, ഒരു അവസരമുണ്ട്, പക്ഷേ നിന്റെ മുഖം കാണില്ല, നിനക്ക് സമ്മതമാണോ? തല പോയാലും എങ്ങനെയും സിനിമയില്‍ അഭിനയിക്കണം എന്നു ചിന്തിച്ചുനടക്കുന്ന സമയമാണ്. ഞാന്‍ പറഞ്ഞു, നസീറിക്ക, ഒരു കുഴപ്പവുമില്ല, ഞാന്‍ വരാം. അങ്ങനെ ഞാന്‍ ഡ്യൂപ്പായി, കരടിയായി അഭിനയിച്ചുതുടങ്ങി. മുഖം കാണുന്ന ഒരു വേഷത്തിലും ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചു. സര്‍ക്കസ് ക്യാംപിലെ മാനേജരുടെ വേഷം. സംഭാഷണമൊക്കെയുള്ള കഥാപാത്രമായിരുന്നു.

മൈ ഡിയര്‍ കരടിയുടെ തിരക്കഥ എഴുതിയ സിബി ചേട്ടനും ഉദയ് ചേട്ടനും അവരുടെ പിന്നീടുള്ള ചിത്രങ്ങളില്‍ ഒരു സീനിലെങ്കിലും എന്നെ ഉള്‍പ്പെടുത്തുമായിരുന്നു. അങ്ങനെ ഒരുപാട് സിനിമകളില്‍ ഞാന്‍ അഭിനയിച്ചു. അങ്ങനെയാണ് ദിലീപേട്ടനുമായി ബന്ധമുണ്ടാകുന്നതും നല്ല വേഷങ്ങള്‍ കിട്ടുന്നതും- ഷാജോണ്‍ പറഞ്ഞു.

  

മൈ ഡിയര്‍ കരടിയില്‍ മണിച്ചേട്ടന്റെ ഡ്യൂപ്പായി വന്ന എന്റെ കരിയറില്‍ വഴിത്തിരിവായ കഥാപാത്രം സഹദേവനെ തമിഴില്‍ അവതരിപ്പിച്ചത് മണിച്ചേട്ടനാണ്. തമിഴ് ദൃശ്യം പാപനാശത്തിന്റെ ഷൂട്ടിങ് തുടങ്ങുന്ന ദിവസം രാവിലെ മണിച്ചേട്ടന്‍ എന്നെ വിളിച്ചു. മോനേ ഇന്ന് സ്റ്റാര്‍ട്ട് ചെയ്യാണ്‌ട്ടോ... മണിച്ചേട്ടന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു, മണിച്ചേട്ടാ ഗംഭീരമായി ചെയ്യൂ.

Tags:    

Similar News