അനുമതിയില്ലാത്ത ആപ്പിലൂടെ ഐ.പി.എൽ സ്ട്രീമിങ്; നടി തമന്നക്ക് സമൻസ

Update: 2024-04-25 07:15 GMT

2023ലെ ഐ.പി.എൽ മത്സരങ്ങൾ ഫെയർപ്ലേ ആപ്പിലൂടെ നിയമവിരുദ്ധമായി സ്ട്രീം ചെയ്ത കേസിൽ നടി തമന്ന ഭാട്ടിയക്ക് സമൻസ്. തമന്നയെ മഹാരാഷ്ട്ര സൈബർ വിങ്ങാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഏപ്രിൽ 29ന് ചോദ്യം ചെയ്യലിനായി സൈബർ സെല്ലിന് മുന്നിൽ ഹാജരാകാനാണ് നടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പിന്‍റെ അനുബന്ധ ആപ്ലിക്കേഷനാണ് ഫെയർപ്ലേ. ഐ.പി.എൽ മത്സരങ്ങൾ ആപ്പിലൂടെ അനുമതിയില്ലാതെ പ്രദർശിപ്പിച്ചതിനെ തുടർന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്‍റെ പേരും ഉയർന്നു വന്നിട്ടുണ്ട്. ഫെയർപ്ലേ ആപ്പിനെ പ്രൊമോട്ട് ചെയ്തതിനാണ് സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവരെ കേസിൽ ചോദ്യംചെയ്യുന്നത്.

ഈ ആഴ്ച ആദ്യം ചോദ്യം ചെയ്യലിന് ഹാജരാകാൻ സഞ്ജയ് ദത്തിനോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന് ഹാജരാകാൻ കഴിയാത്തതിനാൽ പുതിയ തീയതി ആവശ്യപ്പെടുകയായിരുന്നു. കേസിൽ ഗായകൻ ബാദ്ഷായുടെയും അഭിനേതാക്കളായ സഞ്ജയ് ദത്തിന്‍റെയും ജാക്വലിൻ ഫെർണാണ്ടസിന്‍റെയും മാനേജർമാരുടെ മൊഴി മഹാരാഷ്ട്ര സൈബർ സെൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ആപ്പിന് ഔദ്യോഗിക സംപ്രേക്ഷണാവകാശം ഇല്ലാതിരുന്നിട്ടും അഭിനേതാക്കളും ഗായകരും ഐ.പി.എൽ കാണാൻ ഫെയർപ്ലേ ആപ്പ് പ്രൊമോട്ട് ചെയ്തിരുന്നു. ഇത് മത്സരങ്ങൾ ഔദ്യോഗികമായി സംപ്രേക്ഷണം ചെയ്തവർക്ക് കനത്ത നഷ്ടമുണ്ടാക്കി. കഴിഞ്ഞ പ്രാവശ്യത്തെ ഐ.പി.എൽ മത്സരങ്ങൾ സ്ട്രീം ചെയ്ത വയാകോം 18ന്‍റെ പരാതിയെത്തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഫെയർപ്ലേ ആപ്പിലൂടെ ഐ.പി.എൽ മത്സരങ്ങൾ നിയമവിരുദ്ധമായി സ്ട്രീം ചെയ്യുന്നുവെന്നും ഇത് തങ്ങൾക്ക് 100 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കുന്നുവെന്നും വയാകോം 18 പരാതിയിൽ പറഞ്ഞിരുന്നു.

Tags:    

Similar News