ഹേമാ കമ്മിറ്റിയിലെ ഉള്ളടക്കം പുറത്തുവരുന്നതിനെ ഏറ്റവും ഭയപ്പെടുന്നത് സിനിമയിലെ മുടിചൂടാ മന്നന്മാര്‍: ടി. പത്മനാഭന്‍

Update: 2024-08-21 07:54 GMT

ഹേമാ കമ്മിറ്റിയിലെ ഉള്ളടക്കം മുഴുവന്‍ പുറത്തുവരുന്നതിനെ ഏറ്റവും ഭയപ്പെടുന്നത് മലയാള സിനിമയിലെ മുടിചൂടാ മന്നന്‍മാരാണെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. മുഴുവന്‍ വിവരങ്ങളും പുറത്തുവന്നാല്‍ ജനങ്ങള്‍തന്നെ അവരെ പിച്ചിച്ചീന്തും. അത്‌ പുറത്തുവന്നാല്‍ ഊഹാപോഹത്തിന്റെ ആവശ്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരസ്യമായി ആവശ്യപ്പെട്ട സാഹചര്യം അദ്ദേഹം ഓര്‍മിച്ചു. 'തിരുവനന്തപുരത്ത് 2022-ല്‍ നടന്ന ഐ.എഫ്.എഫ്.കെ.യുടെ സമാപനവേദിയിലാണ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടത്. സജി ചെറിയാന്‍ ഉള്‍പ്പെടെ മൂന്ന് മന്ത്രിമാര്‍ വേദിയിലുണ്ടായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ലെങ്കില്‍ കൊടുംപാതകമാണ് ചെയ്യുന്നത്. പരിഹാരം ചെയ്യുന്നില്ലെങ്കില്‍ കാലം നിങ്ങള്‍ക്ക് മാപ്പുതരില്ലെന്ന് അല്‍പം വികാരാധീനമായി ഞാന്‍ പ്രസംഗിച്ചു. അത്‌ പറയുമ്പോഴും തുടര്‍ന്നും സദസ്സില്‍ നിന്ന് ഏറെ നേരം നിര്‍ത്താത്ത കൈയടിയായിരുന്നു. എന്റെ പ്രസംഗശേഷം മന്ത്രി സജി ചെറിയാന്‍ പ്രസംഗിച്ചപ്പോള്‍ മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് ഉറപ്പുതരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഒരു ചുക്കും നടന്നില്ല' - പദ്മനാഭന്‍ പറഞ്ഞു.

'റിപ്പോര്‍ട്ട് പുറത്തുവിടാതെ ഉള്ളടക്കം സംബന്ധിച്ച് ഊഹാപോഹത്തിന് വഴിയൊരുക്കിയത് സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ്. ആരെയോ ഭയപ്പെടുന്നതുകൊണ്ടോ രക്ഷിക്കാന്‍ വെപ്രാളപ്പെട്ടതുകൊണ്ടാ ആണ് ഈ സാഹചര്യമുണ്ടാക്കിയതെന്ന കാര്യം തീര്‍ച്ചയാണ്. കാതലായ 60 പേജ് ഇനിയും പുറത്തുവിട്ടിട്ടില്ല. സിനിമാരംഗത്തെ സ്ത്രീകളുടെ സുരക്ഷയ്ക്ക് അതും ഉടന്‍ പുറത്തുവിടണം. ഹേമാ കമ്മീഷന്‍ പിന്നീട് കമ്മിറ്റിയാക്കി. ഒരുകോടി രൂപയിലധികം ചെലവഴിച്ചു. ഇനി കോണ്‍ക്ലേവ് നടത്തിയിട്ട് എന്ത് ചുക്കാണ് ഉരുത്തിരിഞ്ഞുവരിക? കോണ്‍ക്ലേവെന്നാല്‍ സെമിനാര്‍ പോലെയല്ലാതെ മറ്റെന്താണ്?

റിപ്പോര്‍ട്ടിനേക്കാള്‍ രൂക്ഷമായിരിക്കുമോ യാഥാര്‍ഥ്യമെന്ന ചോദ്യത്തിന് സംശയമെന്താണെന്ന മറുപടിയാണ് ടി. ടി. പത്മനാഭന്‍ നല്‍കിയത്. അറിയപ്പെടാത്ത നിര്‍മാതാവാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ കോടതിയെ സമീപിച്ചത്. മോശവും സങ്കടകരവുമാണ് അവസ്ഥ. റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ തുറക്കാതെ പൂട്ടി ഭദ്രമായി വെച്ചെന്നും ആരും കണ്ടിട്ടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. ഇതാര് വിശ്വസിക്കും?' -അദ്ദേഹം ചോദിച്ചു.

'പൂട്ടിവെച്ച ഭാഗമടക്കം സര്‍ക്കാര്‍ പുറത്തുവിടണം. സിനിമാരംഗത്തെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാനത്തെ ഒരു മന്ത്രിക്ക് പങ്കുണ്ടെന്നാണ് പറയുന്നത്. ആ മന്ത്രി ആരാണെന്ന് വ്യക്തമാണ്. സ്ഥാനമേറ്റെടുക്കാന്‍ സാംസ്‌കാരികവകുപ്പ് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതിന് വഴങ്ങാതിരുന്ന സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. സിനിമാരംഗത്ത് സ്വതന്ത്രവും നീതിപൂര്‍വവുമായി ജോലിചെയ്യാന്‍ അവസരമൊരുക്കണം. സിനിമയെ വ്യവസായമായി നിലനിര്‍ത്തുന്ന എല്ലാ നടപടികളുമെടുക്കണം. ക്ലീന്‍ ആയ സിനിമാരംഗമുണ്ടാകണം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News