'ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു, ഹിറ്റാകുമെന്ന് വിചാരിച്ചു; ആ സീൻ കഴിഞ്ഞ് ലാലിന് ഉമ്മ കൊടുത്തു'; സ്വർഗചിത്ര അപ്പച്ചൻ

Update: 2024-09-24 11:03 GMT

മോഹൻലാൽ-ജോഷി-രൺജി പണിക്കർ കൂട്ടുകെട്ടിൽ തിയേറ്ററുകളിലെത്തിയ സിനിമയാണ് പ്രജ. ഇറങ്ങിയ സമയത്ത് ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ വന്ന മലയാളം സിനിമയായിരുന്നു പ്രജയെന്ന് കേട്ടിട്ടുണ്ട്. നായകനും വില്ലന്മാരുമെല്ലാം മത്സരിച്ച് അഭിനയിച്ച സിനിമ.

വലിയൊരു സ്റ്റാർ കാസ്റ്റിൽ മനോഹരമായ ഗാനങ്ങളുമായി എത്തിയ പ്രജ അക്കാലത്ത് പരാജയമായിരുന്നു. എന്നാൽ ഇന്നത്തെ തലമുറയിലെ പലരും പ്രജ ബോക്‌സ്ഓഫീസിൽ പരാജയപ്പെട്ടിരുന്നുവെന്നത് ഒരു അത്ഭുതത്തോടെയാണ് കേൾക്കുന്നത്. സക്കീൽ അലി ഹുസൈൻ എന്ന അധോലോക രാജാവായി മോഹൻലാൽ നിറഞ്ഞാടിയ സിനിമയിൽ ഡയലോഗുകളുടെ അതിപ്രസരമുണ്ടായിരുന്നുവെന്നതാണ് പരാജയ കാരണമായി പറയപ്പെടുന്നത്.

എന്നാൽ മോഹൻലാലും ജോഷിയും ഒന്നിച്ച പ്രജ എങ്ങനെ പരാജയപ്പെട്ടുവെന്ന് മനസിലാകുന്നില്ലെന്നാണ് നിർമാതാവ് സ്വർഗചിത്ര അപ്പച്ചൻ മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ചിത്രത്തിന് വേണ്ടി ഫൈനാൻസ് ചെയ്തവരിൽ അപ്പച്ചനുമുണ്ടായിരുന്നു. പ്രജയുടെ നിർമാതാക്കൾ രൺജി പണിക്കരും ജോഷി ചേട്ടനുമാണ്. ഞാൻ അതിന്റെ ഫൈനാൻസ് അടക്കമുള്ള മറ്റ് കാര്യങ്ങളാണ് നോക്കിയത്.

കൂട്ടത്തിലുണ്ടായിരുന്നു. പക്ഷെ ആ സിനിമ വേണ്ടപോലെ ശ്രദ്ധിക്കപ്പെട്ടില്ല. ആ സിനിമയിൽ മോഹൻലാലിന്റേത് അതിഭയങ്കര പെർഫോമൻസാണ്. എൻ.എഫ് വർഗീസിനൊപ്പമുള്ള മോഹൻലാലിന്റെ സീനൊക്കെ അതിഭയങ്കരമാണ്. ഇപ്പോഴും ആ സീൻ വരുമ്പോൾ ഞാൻ ഇരുന്ന് കാണും. ആ സീൻ എടുക്കുമ്പോൾ ജോഷി ചേട്ടനൊക്കെ ഭയങ്കര സന്തോഷത്തിലായിരുന്നു.

മോഹൻലാൽ ആ സീനിൽ അഭിനയിച്ച് കഴിഞ്ഞപ്പോൾ ഞാൻ കെട്ടിപിടിച്ച് ഉമ്മ കൊടുത്തു. മോഹൻലാൽ അത്രത്തോളം എഫേർട്ട് എടുത്താണ് ആ സീൻ ചെയ്തത്. ഡയലോഗ് മുഴുവൻ കാണാപാഠം പഠിച്ചിരുന്നു. രൺജി രാവിലെ ലാൽ സെറ്റിൽ വരുമ്പോൾ നാല് പേജുള്ള ഡയലോഗ് കൊടുക്കും. രാവിലെയാണ് രൺജി എഴുതാറ്. ആ സിനിമ എനിക്ക് നഷ്ടം വന്ന സിനിമയാണെങ്കിലും ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്ന ഒന്നായിരുന്നു. പക്ഷെ തിയേറ്ററിൽ വന്നപ്പോൾ ശ്രദ്ധിക്കപ്പെട്ടില്ല.

അതാണ് ഞാൻ പറയുന്നത് നമ്മളെക്കാൾ ബുദ്ധി പ്രേക്ഷകർക്കുണ്ടെന്ന്. മോശം സിനിമ ചെയ്യണമെന്ന് ആരും വിചാരിക്കില്ലല്ലോ. എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് ചോദിച്ചാൽ മറുപടിയില്ല. ഡയലോഗ് അധികമായിരുന്നുവെങ്കിൽ ഷൂട്ട് നടക്കുമ്പോൾ മോഹൻലാലോ അല്ലെങ്കിൽ മറ്റ് ആരെങ്കിലുമോ അത് പറയണ്ടേ. ആരും അത് പറഞ്ഞില്ല.

ഡയലോഗ് കൂടിപ്പോയെന്ന് തോന്നിയിരുന്നുവെങ്കിൽ മോഹൻലാൽ പറഞ്ഞേനെ. പ്രീ ക്ലൈമാക്‌സും ക്ലൈമാക്‌സും പ്രേക്ഷകർക്ക് രസിച്ചില്ലെന്നാണ് തോന്നുന്നത്. മണിച്ചിത്രത്താഴിന്റെ പ്രീ ക്ലൈമാക്‌സും ക്ലൈമാക്‌സും ബെസ്റ്റായിരുന്നില്ലേ. പ്രജയ്ക്ക് ഇനീഷലുണ്ടായിരുന്നു.

പ്രജയുടെ ക്ലൈമാക്‌സ് പഞ്ചായില്ല. അതുപോലെ സുന്ദര കില്ലാഡിയും ഏറ്റില്ല. കണ്ടവരൊക്കെ നല്ലതാണെന്ന് പറഞ്ഞ്. സുന്ദര കില്ലാഡി സിനിമ കിണറിൽ കിടന്ന് കറങ്ങി. നീക്ക് പോക്ക് ഉണ്ടായില്ല.

Tags:    

Similar News