ദുല്‍ഖറിനോടും, പ്രണവിനോടും മകനെ താരതമ്യപ്പെടുത്തി സുരേഷ് ഗോപി

Update: 2023-10-21 06:34 GMT

മലയാള സിനിമയില്‍ ഇപ്പോള്‍ മക്കള്‍ മാഹാത്മ്യമാണ്. പഴയ നടീ - നടന്മാരുടെയെല്ലാം മക്കള്‍ സിനിമയിലേക്കെത്തി. അങ്ങനെയുള്ള വരവ് ഒരുപക്ഷേ എളുപ്പമായി തോന്നിയേക്കാം. എന്നാല്‍ പാരമ്പര്യം പിന്‍തുടര്‍ന്ന് സിനിമയിലേക്കെത്തുന്ന മക്കള്‍ ചുമക്കുന്ന ഒരു സമ്മര്‍ദ്ദത്തിന്റെ ഭാരമുണ്ട്. ആ ഭാരം ഒരിക്കലും താന്‍ തന്റെ മകന് നല്‍കുന്നില്ല എന്നാണ് സുരേഷ് ഗോപി പറയുന്നത്. ഗരുഡന്‍ എന്ന തന്റെ പുതിയ സിനിമയുടെ പ്രസ്സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

അച്ഛന്റെ പാരമ്പര്യം പിന്‍തുടര്‍ന്ന് ഗോകുല്‍ കിങ് ഓഫ് കൊത്ത എന്ന ചിത്രത്തില്‍ പൊലീസ് വേഷം ചെയ്തതിനെ കുറിച്ചായിരുന്നു ചോദ്യം. ആ സിനിമയില്‍ പൊലീസ് വേഷം ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍, അച്ഛന്റെ ഒരു ടിപ്പും ഞാന്‍ എടുത്തിട്ടില്ല, യൂണിഫോം മാത്രമേ എടുത്തിട്ടുള്ളൂ എന്നായിരുന്നു ഗോകുല്‍ സുരേഷ് പറഞ്ഞത്. അത് തന്നെയാണ് സുരേഷ് ഗോപിയും പറയുന്നത്.

കിങ് ഓഫ് കൊത്ത എന്ന സിനിമ ഞാന്‍ കണ്ടിട്ടില്ല. കിങ് ഓഫ് കൊത്ത മാത്രമല്ല, ഗോകുലിന്റെ സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല. മുദ്ദുഗൗ മാത്രമാണ് കണ്ടത്. അതും തിരക്കുകള്‍ കാരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ കണ്ടിട്ടില്ല എങ്കിലും പലരും വിളിച്ച് എന്നോട് അഭിപ്രായം പറഞ്ഞിട്ടുണ്ട്. എനിക്കതു മതി. പക്ഷെ നൈല ഉഷ വിളിച്ചപ്പോള്‍ പറഞ്ഞു, ചെറുതായി സുരേഷേട്ടനെ ഫീല്‍ ചെയ്തു എന്ന്. അതിനിപ്പോള്‍ എന്താണ് പറയുക, ഡിഎന്‍എ അതായിപ്പോയില്ലേ- എന്നാണ് സുരേഷ് ഗോപി ചിരിച്ചുകൊണ്ട് പറഞ്ഞത്.

പിന്നെ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയാം, മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നിലവാരത്തില്‍ അവരുടെ മക്കളെ അളക്കുന്നത് പോലെ, ഗോകുലിന് ഭാരമാകുന്ന തരത്തില്‍ നിലവാരമുള്ള നടനല്ല ഞാന്‍. അതുകൊണ്ട് അവന് സ്വതന്ത്ര്യമായി അഭിനയിക്കാം. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അതാരെയും വേദനിപ്പിക്കാന്‍ വേണ്ടി പറയുന്നതല്ല.

ഗോകുള്‍ ആ സിനിമ ചെയ്യുന്ന സമയത്ത് ഒറ്റക്കാര്യം മാത്രമേ എന്നോട് വന്ന് ചോദിച്ചിട്ടുള്ളു, 'അച്ഛന് കോസ്റ്റിയും ചെയ്യുന്ന അങ്കിളില്ലേ, പളനിയങ്കിള്‍. അദ്ദേഹത്തെ വച്ച് ഞാന്‍ എന്റെ കോസ്റ്റിയൂം ചെയ്‌തോട്ടെ' എന്ന്. അതിന് എനിക്ക് ഒരു എതിരഭിപ്രായവും ഇല്ല. അത് അവന്റെ ഇഷ്ടവും ാഗ്രഹങ്ങളുമാണ്- സുരേഷ് ഗോപി പറഞ്ഞു.

Tags:    

Similar News