താൻ സിനിമയുണ്ടാക്കുന്നത് പണത്തിനുവേണ്ടിയാണെന്നും ബഹുമതികൾക്ക് വേണ്ടിയല്ലെന്നും പറയുകയാണ് രാജമൗലി. ഒരു വിനോദ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പ്രേക്ഷകർക്കുവേണ്ടിയാണ് താൻ സിനിമയെടുക്കുന്നത്. ആർ.ആർ.ആർ ഒരു വാണിജ്യസിനിമയാണ്. സ്വന്തം സിനിമ വാണിജ്യപരമായി വിജയിക്കുമ്പോൾ വളരെയധികം സന്തോഷിക്കും. പുരസ്കാരങ്ങൾ അതിന് അനുബന്ധമായി വരുന്നവയാണ്. തന്റെ അണിയറപ്രവർത്തകരുടെ കഠിനാധ്വാനത്തിനുള്ളതാണ് പുരസ്കാരങ്ങളെന്നും രാജമൗലി പറഞ്ഞു.
ആർ.ആർ.ആറിന് പകരം ഛെല്ലോ ഷോ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ നാമനിർദേശമായതിനേക്കുറിച്ചും രാജമൗലി പ്രതികരിച്ചു. ആർ.ആർ.ആറിന് അങ്ങനെയൊരു നേട്ടം കൈവരിക്കാനാവാത്തതിൽ വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ എന്തുകൊണ്ട് എന്റെ സിനിമയ്ക്ക് അത് കിട്ടിയില്ല എന്നോർത്ത് പരിതപിച്ചിരിക്കുന്ന ആളുകളല്ല ഞങ്ങൾ. സംഭവിക്കേണ്ടത് സംഭവിച്ചു. എന്നിരുന്നാലും ഓസ്കാർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ഛെല്ലോ ഷോയും ഒരു ഇന്ത്യൻ സിനിമയാണല്ലോ എന്ന കാര്യത്തിൽ സന്തോഷമുണ്ട്. രാജമൗലി വ്യക്തമാക്കി.
കഴിഞ്ഞവർഷമാണ് ജൂനിയർ എൻ.ടി.ആർ, രാം ചരൺ തേജ എന്നിവർ നായകന്മാരായ ആർ.ആർ.ആർ തിയേറ്ററുകളിലെത്തിയത്. ആലിയാ ഭട്ട്, അജയ് ദേവ്ഗൺ, ശ്രീയാ ശരൺ, സമുദ്രക്കനി, റേ സ്റ്റീവൻസൺ, മകരന്ദ് ദേശ്പാണ്ഡേ, ഒലിവിയ മോറിസ് എന്നിവരായിരുന്നു മറ്റുപ്രധാനവേഷങ്ങളിൽ. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ സംഗീതസംവിധായകൻ എം.എം. കീരവാണിക്ക് ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയിരുന്നു.