ദേവദൂതന്റെ കഥ ഇതല്ലായിരുന്നു, പ്രഷർ ഉണ്ടായിട്ടാണ് അത് മാറ്റിയെഴുതിയത്; സിബി മലയിൽ

Update: 2024-03-21 09:10 GMT

ഒരുപിടി നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയിൽ. സമ്മർ ഇൻ ബത്ലഹേം, ദേവദൂതൻ, പ്രണയ വർണങ്ങൾ തുടങ്ങി ഇന്നും ഓർത്തിരിക്കുന്ന ചിത്രങ്ങളും സിബി മലയിൽ സമ്മാനിച്ചിട്ടുണ്ട്. മോഹൻ ലാൽ നായകനായി എത്തിയ ദേവദൂതന്റെ യഥാർത്ഥ കഥ അതല്ലെന്നും മോഹൻ ലാലിന്റെ നിർബന്ധത്തിന് മാറ്റിഎഴുതിയെന്നും സിബി മലയിൽ പറയുന്നു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് സിബി മലയിൽ ഇക്കാര്യം പറയുന്നത്.

മുത്താരം കുന്ന് പി ഒ ചെയ്യുന്നതിന് മുമ്പ് ആദ്യം നവോദയയുടെ തന്നെ ഒരു പ്രോജക്ട് ആണ് ചെയ്തുകൊണ്ടിരുന്നത്. പടയോട്ടം കഴിഞ്ഞപ്പോൾ അടുത്ത സിനിമ കൂടി ചെയ്യാൻ പറഞ്ഞു. അന്ന് പല കഥകളും ആലോചിച്ചു അങ്ങനെ ഉണ്ടായി വന്ന കഥയാണ് ദേവദൂതൻ എന്ന സിനിമ. പക്ഷെ അത് ആലോചിച്ച് 17 വർഷങ്ങൾക്ക് ശേഷമാണ് ആ സിനിമ ചെയ്തത്. അന്നത്തെ കഥ ഇന്നത്തേതിനേക്കാൾ നന്നായിരിക്കും എന്ന് ഇപ്പോഴും അറിയാമെന്ന് സിബി മലയിൽ പറയുന്നു.

'അതിലെ മുഖ്യ കഥാപാത്രം ഏഴ് വയസുള്ള ഒരു കുട്ടിയാണ്. അയാൾക്കുണ്ടാവുന്ന സ്വപ്നങ്ങളിലൂടെയാണ് കമ്യൂണിക്കേഷൻ നടക്കുന്നത് എന്നതായിരുന്നു ആദ്യത്തെ കോൺസപ്റ്റ്. പണ്ട് മരിച്ചു പോയ ഒരാൾ അയാളെ ഇപ്പോഴും കാത്തിരിക്കുന്ന കാമുകിയുമായി സന്ദേശം കൈമാറുന്നതിന് കുട്ടിയെ ഉപയോഗിക്കുന്നു എന്നതായിരുന്നു കഥ. അന്ന് നാസറുദ്ദീൻ ഷാ, മാധവി എന്നിവരെ ഒക്കെ വെച്ച് ചെയ്യാനായിരുന്നു ആലോചിച്ചിരുന്നത്. ഫുൾ സ്‌ക്രിപ്റ്റ് ചെയ്തു, പക്ഷെ ആ പ്രോജക്ട് എടുത്തില്ല,' സിബി മലയിൽ പറയുന്നു.

പിന്നെ 17 വർഷങ്ങൾക്ക് ശേഷം സിയാദ് കോക്കർ എന്റെ അടുത്ത് വന്ന് നമുക്ക് വ്യത്യസ്തമായ ഒരു സിനിമ ചെയ്യണമെന്ന് പറഞ്ഞു. അന്ന് ആ സ്‌ക്രിപ്റ്റ് കുറെ ഒക്കെ പൊടിഞ്ഞു പോയിരുന്നു. അതിനെ വീണ്ടും റീവർക്ക് ചെയ്ത് ഒരു ടീനേജ്, കോളേജ് കുട്ടികളിലേക്ക് കൊണ്ടു വന്നു. അങ്ങനെ വന്ന ഘട്ടത്തിൽ മോഹൻലാൽ ഈ കഥ കേൾക്കുകയും അത് പുള്ളി ചെയ്യാം എന്ന് ഇങ്ങോട്ട് ഓഫർ തരുകയായിരുന്നു.

'പ്രൊഡ്യൂസർക്ക് മോഹൻലാൽ അഭിനയിക്കുന്നത് ഓക്കെയായിരുന്നു. പക്ഷെ ഞാൻ പറഞ്ഞു, അയാൾ ശരിയാവില്ല. കോളേജിൽ പഠിക്കുന്ന ആളുകളെയാണ് ഉദ്ദേശിക്കുന്നത് എന്ന്. എന്നാൽ ലാൽ പറഞ്ഞു അത് മാറ്റി എഴുതിയാൽ പോരെ എന്ന് പറഞ്ഞു, അങ്ങനെ ലാലിന്റെ ഭാഗത്ത് നിന്നും പ്രൊഡ്യൂസറുടെ ഭാഗത്ത് നിന്നും പ്രഷർ ഉണ്ടായിട്ടാണ് അത് മാറ്റിയെഴുതിയത്. അങ്ങനെയാണ് ഇപ്പോഴുള്ള ദേവദൂതൻ ഉണ്ടായത്,' സിബി മലയിൽ പറഞ്ഞു.

മോഹൻ ലാലിനെ ഇതിലേക്ക് കൊണ്ടുവരുന്നതിനായി ഇയാളെ പൂർവ്വ വിദ്യാർത്ഥിയാക്കുകയും, അന്നത്തെ ഹീറോയിക് ഇമേജിലേക്കായി മാറ്റങ്ങൾ വരുത്തുകയും കോമഡി കയറ്റുകയും ഒക്കെ ചെയ്യേണ്ടി വന്നു. അതിലെനിക്ക് ഇപ്പോഴും പൂർണമായും ദഹിച്ചിട്ടില്ല. എനിക്കും രഘുനാഥ് പലേരിക്കും അതിൽ താത്പര്യമുണ്ടായിരുന്നില്ല. അദ്ദേഹമായിരുന്നു അത് എഴുതിയത്.

ഞാൻ ഈ പറഞ്ഞ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നെങ്കിൽ പോലും അതുവരെ മലയാള സിനിമയിൽ ഉണ്ടാകാത്ത ഒരു സമീപനമുള്ള ചിത്രമായിരുന്നു. കഥയാണെങ്കിലും മേക്കിംഗ് ആണെങ്കിലും അതിന്റെ സൗണ്ട് ട്രാക്ക് ആണെങ്കിലും ഒക്കെ, അതുവരെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടില്ലാത്ത ഒന്നായിരുന്നു. കണ്ടാൽ അറിയാം ഒരു ഹോളിവുഡ് മേക്കിംഗ് ആണ്. പക്ഷെ സിനിമ തിയേറ്ററിൽ വല്ലാത്ത ഒരു ദുരന്തമായി. അത് പ്രൊഡ്യൂസറെ വല്ലാതെ ബാധിച്ചു. ഏറ്റവും വലിയ ഡിപ്രഷൻ ഉണ്ടാക്കിയ സാഹചര്യവുമായിരുന്നു.

ഇന്ന് ആൾക്കാർ കണ്ട് ആസ്വദിക്കുന്നു എന്നുള്ളതുകൊണ്ട് അന്ന് നമുക്ക് ഉണ്ടായ നഷ്ടങ്ങളും തിരിച്ചടികളും ഒന്നും ഇല്ലാതായി മാറുന്നില്ല. ഇത് ആസ്വദിക്കുന്ന കാലവും മാറിയല്ലോ. ഇപ്പോഴത്തെ ഒരു 25 വയസിൽ താഴെ ഉള്ളവർ ഒക്കെയായിരിക്കും അത് ആസ്വദിക്കുന്നത്. ദേവദൂതന്റെ ഒറിജിനൽ കഥ ഇനി മലയാളത്തിൽ പറ്റില്ല, പക്ഷെ മറ്റൊരു ഭാഷയിൽ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സിബി മലയിൽ പറഞ്ഞു.

Tags:    

Similar News