'ഓർഡിനറിക്കു ശേഷം സിനിമ ചെയ്യേണ്ടെന്ന നിലപാടിലായിരുന്നു, ഒരു നവീകരണം വേണമായിരുന്നു'; ശ്രിത ശിവദാസ്
ഓർഡിനറി എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ നായികയാണ് ശ്രിത ശിവദാസ്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധനേടിയ ശ്രിത പിന്നീട് കുറച്ചു സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തിയെങ്കിലും പിന്നീട് അപ്രത്യക്ഷയാവുകയായിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെ അതിഥി വേഷത്തിൽ എത്തിയ ശ്രിത ഇപ്പോൾ വീണ്ടും മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ്. രണ്ടു സിനിമകളിൽ നായികയായി കൊണ്ടാണ് ശ്രിതയുടെ തിരിച്ചുവരവ്. ഇതിനിടെ ഇപ്പോഴിതാ സിനിമയിൽ നിന്നും ഇടവേളയെടുത്തതിനെ കുറിച്ചും തിരിച്ചുവരവിനെ കുറിച്ചും സംസാരിക്കുകയാണ് ശ്രിത. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
ഞാൻ സിനിമയിലേക്കു വളരെ ആകസ്മികമായി വന്നൊരാളാണ്. സിനിമകൾ കിട്ടാൻ വേണ്ടി പ്രത്യേകമായി ഒന്നും ചെയ്യാറുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ ഈ രംഗത്തു ബന്ധങ്ങളും കുറവാണെന്ന് ശ്രിത പറയുന്നു. 'ഓർഡിനറിക്കു ശേഷം ഇനി സിനിമ ചെയ്യേണ്ടെന്ന നിലപാടിലായിരുന്നു. പിന്നെ കേട്ട കഥകളിൽ പലതും എനിക്കു യോജിച്ച കഥാപാതങ്ങളായി തോന്നിയില്ല', 'അതിനാൽ, സിനിമകൾ ഏറെയൊന്നും ചെയ്യാനും ശ്രമിച്ചില്ല. കുറച്ചു നാൾ ചെന്നൈയിലായിരുന്നു. അവിടെയും കുറച്ചു പ്രോജക്ടുകളുടെ ഭാഗമായി. എന്നാലും ഞാനിവിടെയൊക്കൊത്തന്നെയുണ്ടായിരുന്നു', ശ്രിത വ്യക്തമാക്കി. ഇടവേളയുടെ സമയത്തും താൻ വെറുതെ ഇരിക്കുകയായിരുന്നില്ലെന്നും താരം പറഞ്ഞു.
'ജീവിതത്തിൽ പല നിർണായക ഘട്ടങ്ങളെയും അതിജീവിച്ച സമയമായിരുന്നു കടന്നുപോയത്. എനിക്കു തന്നെ ഒരു നവീകരണം വേണമായിരുന്നു. മൊത്തത്തിൽ ജീവിതം ഒന്നു റിഫ്രഷ് ചെയ്ത് റീസ്റ്റാർട്ട് ചെയ്യേണ്ടതും അത്യാവശ്യമായിരുന്നു. പക്ഷേ, ഞാൻ വെറുതേയിരിക്കുകയായിരുന്നില്ല. ഒരോ കാര്യങ്ങളിൽ എന്നെത്തന്നെ എൻഗേജ് ചെയ്തു നിർത്തി. ബോക്സിങ് പഠിച്ചു. നന്നായി വ്യായാമവും ചെയ്തു. ഓട്ടമാണ് എന്റെ മെയിൻ', ശ്രിത പറഞ്ഞു.
തിരിച്ചുവരവിനെ കുറിച്ചും ശ്രിത സംസാരിച്ചു. ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രത്തിൽ നായികയായാണ് വീണ്ടും മലയാളത്തിലേക്കുള്ള തിരിച്ചു വരവ്. സ്പൂഫ് സിനിമയാണിത്. മറ്റൊന്ന് രാജേഷ് മാധവൻ നായകനാകുന്ന ചിത്രമാണ്. ഇതു കോമഡി ലൈനാണ്, രണ്ടിലും രസകരമായ കഥാപാത്രമാണ് അവതരിപ്പിക്കുന്നതെന്ന് ശ്രിത പറയുന്നു. ജയസൂര്യ-രഞ്ജിത് ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങിയ സണ്ണിയാണ് ശ്രിതയുടെ അവസാന മലയാള ചിത്രം. കഴിഞ്ഞ വർഷം ഒരുപിടി തമിഴ് സിനിമകളിലും തമിഴിലെ ശ്രദ്ധേയ പരമ്പരയായ എങ്ക വീട്ടു മീനാക്ഷിയിലും നായികയായി ശ്രിത തിളങ്ങിയിരുന്നു. അതിനു ശേഷമാണ് ശ്രിത ഇപ്പോൾ മലയാളത്തിലേക്ക് എത്തിയിരിക്കുന്നത്.
അതേസമയം ജീവിതത്തിൽ വിവാഹമോചനം അടക്കമുള്ള പ്രതിസന്ധികളിലൂടെ ശ്രിത കടന്നുപോകേണ്ടി വന്നിരുന്നു. 2014 ൽ വിവാഹിതയായ താരം ഒരു വർഷത്തിന് ശേഷം ആ ബന്ധം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ വിവാഹമോചനത്തെ കുറിച്ച് ശ്രിത തുറന്നു പറയുകയുണ്ടായി.
'2014 ല്‍ ആണ് വിവാഹം നടന്നത്. ഏകദേശം ഒരു വര്‍ഷം ഒരുമിച്ച് തമാസിച്ചു. അതിന് ശേഷം ഒത്ത് പോകാന്‍ കഴിയില്ല എന്ന് തോന്നിയപ്പോള്‍ വേര്‍പിരിഞ്ഞു. രണ്ടാള്‍ക്കും താല്‍പര്യമില്ലെങ്കില്‍ ബുദ്ധിമുട്ട് സഹിക്കേണ്ട കാര്യമില്ലല്ലോ. പരസ്പരം ഒത്ത് പോകാന്‍ പറ്റാത്തത് കൊണ്ട് അവിടെ ഒരു ഫുള്‍സ്റ്റോപ് ഇടേണ്ടി വന്നു. കഴിഞ്ഞ് പോയ കാര്യമാണ്. അതിനെ പറ്റി ഇനി പറയാന്‍ താല്‍പര്യപ്പെടുന്നില്ല', എന്നാണ് രണ്ടുവർഷം മുൻപ് മനോരമ ഓണലൈന് നൽകിയ അഭിമുഖത്തിൽ ശ്രിത പറഞ്ഞത്.