പെരുമാറ്റത്തിന് കാരണം എഡിഎച്ച്ഡി, അങ്ങനെയുള്ളവരാണ് ജനശ്രദ്ധ ലഭിക്കാൻ വേണ്ടി ശ്രമിക്കുന്നത്; ഷൈൻ ടോം ചാക്കോ

Update: 2024-08-04 10:31 GMT

അഭിനയിക്കുന്ന സിനിമകളുടെ പ്രൊമോഷന് കൃത്യമായി എത്തുന്ന നടനാണ് ഷൈൻ ടോം ചാക്കോ. സിനിമകളിൽ തിരക്കേറുമ്പോഴും ഷെെൻ ടോം ചാക്കോ പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടാറുണ്ട്. പ്രൊമോഷനെത്തുന്ന ഷൈനിന്റെ സംസാരവും പ്രവൃത്തിയും അതിര് കടക്കുന്നുണ്ടെന്നും അലോസരകരമാണെന്നും അഭിപ്രായം വരാറുണ്ട്. പരിധി വിട്ട സംസാര രീതി, ദേഷ്യപ്പെടൽ, അഭിമുഖം തടസപ്പെടുത്തുന്ന രീതിയിൽ ഇടപെ‌ടൽ തുടങ്ങിയവ ഷൈനിന്റെ അഭിമുഖങ്ങളിൽ പതിവാണ്. അതേസമയം ഷൈൻ ‌ടോം ചാക്കോ പ്രൊമോഷന് എത്തുന്നത് സിനിമകൾക്ക് ജനശ്രദ്ധ ലഭിക്കാൻ ഉപകരിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വിമർശനം ക‌ടുത്തിട്ടും ഷൈൻ തന്റെ രീതികൾ മാറ്റാൻ തയ്യാറല്ല. ഇപ്പോഴിതാ തന്റെ പെരുമാറ്റത്തിന് കാരണം എന്തെന്ന് വ്യക്തമാക്കുകയാണ് ഷൈൻ ടോം ചാക്കോ.

തനിത്ത് എഡിഎച്ച്ഡി ഉണ്ടെന്ന് ഷൈൻ പറയുന്നു. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഞാൻ എഡിഎച്ച്ഡി കിഡ് ആണ്. അങ്ങനെയുള്ളവരാണ് ജനശ്രദ്ധ ലഭിക്കാൻ വേണ്ടി ശ്രമിക്കുന്നത്. ശ്രദ്ധ പിടിച്ച് പറ്റണം എന്നുള്ളതിൽ നിന്നാണ് ഒരു ആക്ടർ ഉണ്ടാകുന്നത്. അല്ലെങ്കിൽ ഒരു മുറിയിൽ അടച്ചിട്ട് ഇരുന്നാൽ മതി. എല്ലാ പുരുഷൻമാരിലും അതിന്റെ ചെറിയ ഒരു അംശമുണ്ട്. നമ്മൾ പുറത്ത് പോകുന്നതും പുറത്തേക്ക് പോകുന്നതും ഒക്കെ ആരെങ്കിലും ഒരാൾ നോട്ടീസ് ചെയ്യാൻ വേണ്ടിയാണ്. അതിന്റെ അളവ് വളരെയധികം കൂടുതലുള്ളവരായിരിക്കും ഈ ഡ‍ിസോർഡർ ഉള്ളവർക്ക്. എഡിഎച്ച്ഡി ഉള്ളയാൾക്ക് എപ്പോഴും അയാൾ ശ്രദ്ധിക്കപ്പെട്ടണം എന്നായിരിക്കും. ​മറ്റ് ആക്ടേർസിൽ നിന്നും വ്യത്യാസം തോന്നാൻ ശ്രമിക്കുന്നതും പെർഫോം ചെയ്യുന്നു. ഒരു കൂട്ടം ആളുകളിൽ നിന്നും കൂടുതൽ ശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ്. അപ്പോൾ എന്തായാലും എഡിഎച്ച്ഡി ഉണ്ടാകും. ഇതൊക്കെ ഡിസോർഡർ ആയിട്ട് പുറത്ത് ഇരിക്കുന്ന ആൾക്കേ തോന്നൂ. എന്നെ സംബന്ധിച്ച് എഡിഎച്ച്ഡി എന്റെ ഏറ്റവും നല്ല ​ഗുണമാണ്.

കറ നല്ലതാണെന്ന് ചിലർ പറയും. എല്ലാവർക്കും അല്ല. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കറയുള്ള ഡ്രസ് ഇട്ട് നടന്നിട്ട് കാര്യമില്ല. പക്ഷെ കറ നല്ലതാകുന്ന ആളുകളുമുണ്ട്. അതുകാെണ്ട് എഡിഎച്ച്ഡി തനിക്ക് വളരെ നല്ലതാണെന്നും ഷൈൻ ടോം ചാക്കോ വ്യക്തമാക്കി. അടുത്തിടെ നടൻ ഫഹദ് ഫാസിലും തനിക്ക് എഡിഎച്ച്ഡി ഉണ്ടെന്ന് തുറന്ന് പറഞ്ഞിരുന്നു. ഒരു കാര്യത്തിലും ശ്രദ്ധ കൊടുക്കാൻ പറ്റാതിരിക്കുക, എടുത്ത് ചാട്ടം, ഹൈപർ ആക്ടിവിറ്റി തു‌ടങ്ങിയവ ചേർന്നുള്ള രോ​ഗമാണ് എഡിഎച്ച്ഡി. ( അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്ടിവിറ്റി ഡിസോർഡർ). 

Tags:    

Similar News