സോഷ്യൽ മീഡിയയുടെ അതിരുകടന്ന ഉപയോഗം കുടുംബാംഗങ്ങൾക്കിടയിൽ അകൽച്ച സൃഷ്ടിക്കുന്നു; ഷീലു എബ്രഹാം
അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ഷീലു എബ്രഹാം. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച അഭിനേത്രികളുടെ നിരയിലേക്ക് ഉയർന്ന താരമാണ് ഷീലു. അടുത്തിടെ ഒരു അഭിമുഖത്തിൽ സോഷ്യൽ മീഡിയയുടെ അതിരുകടന്ന ഉപയോഗത്തെക്കുറിച്ചു താരം നൽകിയ മുന്നറിയിപ്പുകൾ എല്ലാവർക്കും ബാധകമാണ്.
സോഷ്യൽ മീഡിയയുടെ അതിരുകടന്ന ഉപയോഗം കുടുംബാംഗങ്ങൾക്കിടയിൽ പോലും അകൽച്ച ഉണ്ടാക്കുന്നുണ്ട്. ഇക്കാലത്ത് എല്ലാവരും ഉറക്കമുണരുന്നതേ സോഷ്യൽ മീഡിയയിലേക്കാണ്. അകലെയിരിക്കുന്നവർക്ക് ഗുഡ്മോണിങ് വിഷസ് അയയ്ക്കുന്നതൊക്കെ തെറ്റില്ല. പക്ഷേ, വീട്ടിലുള്ള അച്ഛനോടും അമ്മയോടും സഹോദരങ്ങളോടും ഗുഡ്മോണിങ് പറയാതെ മറ്റുള്ളവരോടു ചാറ്റ് ചെയ്തിട്ട് എന്തു കിട്ടാൻ.
റസ്റ്റോറന്റിൽ ഒരു ഫാമിലി ഭക്ഷണം കഴിക്കാൻ വന്നാൽ മാതാപിതാക്കളുടെ മക്കളുടെയും കൈയിൽ കാണും ഫോൺ. കുടുംബാംഗങ്ങൾ ഒരു മേശയ്ക്കു ചുറ്റുമിരുന്ന്, പരസ്പരം മിണ്ടാതെ സോഷ്യൽ മീഡിയ നോക്കിയിരിക്കുന്നത് എന്തു കഷ്ടമാണ്. ആളുകളിൽ നിന്ന് സ്നേഹവും ആത്മാർഥതയുമെല്ലാം അകന്നുപോയിരിക്കുന്നു. ഇക്കാലത്തെ ആളുകൾ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നതായി തോന്നും... ഷീലു പറഞ്ഞു.