അയാള്‍ ചോദിച്ചു, കറുത്തമ്മാ... കറുത്തമ്മയ്ക്ക് എന്നെ വിട്ടുപോകാന്‍ കഴിയുമോ എന്ന്- ഷീല

Update: 2023-07-06 11:34 GMT

സിനിമയിലേക്കുള്ള എന്റെ രണ്ടാം വരവില്‍, സത്യന്‍ അന്തിക്കാടിന്റെ 'മനസിനക്കരെ'യുടെ ലൊക്കേഷനിലെ ചില സംഭവങ്ങള്‍ മറക്കാന്‍ കഴിയില്ലെന്ന് മലയാളത്തിന്റെ നിത്യഹരിത നായിക ഷീല. ലൊക്കേഷനിലേക്കു കടന്നുചെല്ലുമ്പോഴാണ് ആ ശബ്ദം വീണ്ടും എന്റെ കാതുകളിലേക്ക് ഒഴുകിയെത്തിയത്. 'കറുത്തമ്മാ... കറുത്തമ്മയ്ക്ക് എന്നെ വിട്ടുപോകാന്‍ കഴിയുമോ?' എന്ന്.

ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ഷൂട്ടിങ് കാണാനെത്തിയ ചെറുപ്പക്കാരിലൊരാളാണ് ആ ഡയലോഗ് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നത്. അത് വലിയൊരു കോംപ്ലിമെന്റാണ്. കഥാപാത്രങ്ങളിലൂടെ നടനെ ഓര്‍ക്കുക എന്നത്. മധു സാറിന് ലഭിക്കുന്ന ഒരംഗീകാരമായി ഞാനതിനെ കാണുന്നു. പല സംഭാഷണത്തിനിടക്കും ചെമ്മീനിലെ പരീക്കുട്ടിയെക്കുറിച്ച് സാര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആ അഡ്രസ് ഒന്നുകൊണ്ടുമാത്രമാണ് താന്‍ ഇന്നും സിനിമാ ഫീല്‍ഡില്‍ നില്‍ക്കുന്നതെന്നൊക്കെ തമാശയായി മധു സാര്‍ പറയാറുണ്ട്.

ഞാനും മധു സാറും ഏതാണ്ട് പത്തു നാല്‍പത്തിയഞ്ചോളം ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചു എന്നാണ് എന്റെ ഓര്‍മ. 1963-ല്‍ പുറത്തുവന്ന 'മൂടുപട'മാണ് ഞങ്ങള്‍ ഒരുമിച്ചഭിനയിച്ച് റിലീസാവുന്ന ആദ്യ സിനിമ. മൂടുപടം അക്കാലത്തെ വലിയൊരു ഹിറ്റ് ചിത്രമായിരുന്നു. ഷീല എന്ന നായികയെയും മധുവെന്ന നടനെയും മലയാളികള്‍ ഏറ്റുവാങ്ങിയ ഒരു ചിത്രമെന്ന സവിശേഷതയും ആ ചിത്രത്തിനുണ്ട്. ഞങ്ങളുടെ വളര്‍ച്ചയുടെ ഗതി നിര്‍ണയിച്ചൊരു ചിത്രമാണ് മൂടുപടമെന്നും ഷീല പറഞ്ഞു.

Tags:    

Similar News