'മേനകയ്‌ക്കൊപ്പം ഏറ്റവുമധികം സിനിമ ചെയ്തു, പ്രേക്ഷകർ ചിന്തിച്ച പോലെയല്ല ഞങ്ങളുടെ ബന്ധം': ശങ്കർ

Update: 2024-09-07 10:35 GMT

എൺപതുകളിലെ റൊമാൻറിക് ഹീറോ ആണ് ശങ്കർ. കോളജ് കുമാരിമാരുടെ സ്വപ്നകാമുകനായിരുന്നു. തൻറെ കരിയറിൽ സംഭവിച്ച ചില കാര്യങ്ങൾ തുറന്നുപറയുകയാണ് താരം.

റൊമാൻറിക് ഹീറോ ഇമേജാണ് ആദ്യകാലത്ത് എനിക്കുണ്ടായിരുന്നത്. അതിൽനിന്നു മാറിവരാനുള്ള ശ്രമം ഞാൻ നടത്തിയിരുന്നു. കുറച്ചുകൂടി പക്വതയുള്ള കഥാപാത്രങ്ങൾ ചെയ്യാനുള്ള ഒരു ശ്രമം നടത്തിയെങ്കിലും അതു ക്ലിക്കായില്ല എന്നു പറയാം. കിഴക്കുണരും പക്ഷി എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്തു നോക്കി. അതൊന്നും എനിക്കൊരു നല്ല വിജയം നൽകിയില്ല.

അങ്ങനെ കുറച്ചുനാൾ സിനിമയിൽനിന്നു മാറിനിന്നു. വീണ്ടും തിരിച്ചുവരാമെന്നു കരുതിയാണ് ഒരു ഇടവേളയെടുത്തത്. പക്ഷേ, ആ ഇടവേള കുറച്ചു ഗുരുതരമായി മാറി. പിന്നീടു തിരിച്ചുവന്നുവെങ്കിലും പുതിയ കാലത്തിൻറെ മാറ്റം കിട്ടാതെ വന്നതായിരിക്കാം പിന്നോട്ടടിച്ചത്.

മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ മോഹൻലാൽ നെഗറ്റീവ് വേഷത്തിൽ വന്നു. പിന്നീടു പതുക്കെ പതുക്കെ അതിൽനിന്ന് അദ്ദേഹം മാറി. എനിക്ക് അപ്പോഴും റൊമാൻറിക് ഇമേജായിരുന്നു. കാരണം ചെയ്തതിൽ കൂടുതൽ അത്തരത്തിലുള്ള സിനിമകളായിരുന്നു. റൊമാൻറിക് ഹീറോ എന്ന പരിവേഷത്തിൽനിന്നു പുറത്തുകടക്കാൻ ചില ബുദ്ധിമുട്ടു വന്നു. അതേസമയം മോഹൻലാൽ പൂച്ചക്കൊരു മൂക്കുത്തി മുതൽ ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തതോടെ അദ്ദേഹത്തിൻറെ കരിയറിൽ ഉയർച്ചയുണ്ടായി.

മേനകയ്‌ക്കൊപ്പമാണ് ഞാൻ ഏറ്റവുമധികം സിനിമകൾ ചെയ്തിട്ടുള്ളത്. മുപ്പതിലധികം സിനിമകളിൽ ഞങ്ങൾ ജോഡികളായി അഭിനയിച്ചു. സിനിമയിൽ റൊമാൻറിക് ജോഡിയായി വരുമ്പോൾ ഇവർ ജീവിതത്തിലും ഒന്നിച്ചിരുന്നെങ്കിൽ എന്ന് പ്രേക്ഷകർ ചിന്തിക്കും. ശരിക്കും ഞങ്ങൾക്കിടയിൽ അങ്ങനെയൊരു ബന്ധം ഉണ്ടായിരുന്നില്ല. അന്നത്തെ ഗോസിപ്പ് കോളങ്ങളിൽ പലതും വന്നു. പക്ഷേ, ഞങ്ങൽ നല്ല സുഹൃത്തുക്കൾ മാത്രമാണ്- ഷങ്കർ പറഞ്ഞു.

Tags:    

Similar News