ബാഹുബലി കണ്ടപ്പോൾ എന്നിലെ ചലച്ചിത്രകാരനു കൗതുകം തോന്നി: ഷാജി കൈലാസ്

Update: 2023-09-30 11:30 GMT

സിനിമ ചെറുപ്പം മുതൽ എനിക്ക് പാഷനായിരുന്നുവെന്ന് ആക്ഷൻ ചിത്രങ്ങളുടെ തമ്പുരാൻ എന്നറിയപ്പെടുന് ഷാജി കൈലാസ്. ചെറുപ്പത്തിൽ അച്ഛനുമമ്മയും സിനിമയ്ക്കു പോകും. സിനിമയിൽ വരുന്ന ആക്ഷൻ സീനുകൾ കണ്ടാൽ എഴുന്നേറ്റ് സ്‌ക്രീനിനു മുമ്പിൽ ചെന്നുനിൽക്കും. ഇരുന്ന് സിനിമ ആസ്വദിക്കുന്നതിനേക്കാൾ എഴുന്നേറ്റു നിന്നു കാണുവാനാണു ഞാനാഗ്രഹിക്കുന്നത്.

രണ്ടു പതിറ്റാണ്ടിലേറെയായി സിനിമയും ഞാനും ബന്ധപ്പെട്ടുകിടക്കുന്നു. സിനിമ സങ്കടങ്ങൾ തന്നിട്ടുണ്ടെങ്കിലും അതിനൊക്കെ അൽപ്പായുസ് മാത്രമേയുള്ളൂ. എന്റെ വഴി സിനിമയാണെന്നു തിരിച്ചറിഞ്ഞപ്പോൾ അച്ഛനും അമ്മയുമടക്കം എല്ലാവരും എന്റെ തീരുമാനത്തെ പിന്തുണച്ചു. ഏകലവ്യൻ റിലീസായ സമയത്തു ഭീക്ഷണികോളുകളുടെ നീണ്ടനിരയായിരുന്നു വീട്ടിലേക്ക്. മകന് ഇല വെട്ടിയിട്ടു കാത്തിരുന്നോളൂ എന്നുവരെ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഞാനതൊന്നും കാര്യമായെടുത്തില്ല.

അതിലെ നരേന്ദ്രപ്രസാദിന്റെ സ്വാമികഥാപാത്രമായി ജീവിക്കുന്നവരാണു പ്രതികരിച്ചത്. എനിക്കു സങ്കടമായതു ഞാൻ വിശ്വസിക്കുന്ന മാതാ അമൃതാനന്ദമയിക്ക് എതിരായിട്ടാണ് ആ സിനിമയെന്ന് പലരും പറഞ്ഞു. ആയിരങ്ങൾക്കു സ്നേഹം കൊടുക്കുന്ന അമ്മ പറഞ്ഞത്: ''സിനിമ ഞാൻ കണ്ടു. മക്കളുടെ മനസിൽ അമ്മ ചീത്തയായാൽ ആ മനസാണ് ചീത്ത. അല്ലാതെ അമ്മയല്ല. എനിക്കെതിരേയുള്ള സിനിമയാണിതെന്നു ഞാൻ വിശ്വസിക്കുന്നില്ല...'' അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്കു സന്തോഷമായി.

ചില സിനിമകൾ എന്നെ വല്ലാതെ ആകർഷിക്കും. ചിലത് എനിക്കു ചെയ്യാൻ പറ്റിയില്ലല്ലോ എന്നു തോന്നാറുണ്ട്. അതിൽപ്പെട്ട ഒന്നാണ് മോഹൻലാൽ ചിത്രമായ സ്പിരിറ്റ്. അതുപോലെ രാജമൗലിയുടെ ബാഹുബലി കണ്ടപ്പോൾ എന്നിലെ ചലച്ചിത്രകാരനു ശരിക്കും കൗതുകം തോന്നി- ഷാജി കൈലാസ് പറഞ്ഞു.

Tags:    

Similar News