'റീ ടേക്കിന് ആസിഫ് കരഞ്ഞുകൊണ്ടാണ് വന്നത്, അത്രയും ഇമോഷണലായി ഇരിക്കുകയായിരുന്നു'; തിരക്കഥാകൃത്ത്

Update: 2024-07-29 11:28 GMT

ആസിഫ് അലി നായകനായി 2019ൽ പുറത്തിറങ്ങിയ സിനിമയാണ് 'കെട്ട്യോളാണ് എന്റെ മാലാഖ'. നിസാം ബഷീർ സംവിധാനം ചെയ്ത് ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സാധാരണക്കാരനായ കർഷകൻ സ്‌ളീവാച്ചൻ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിച്ചത്. ഭാര്യ റിൻസിയായി വീണ നന്ദകുമാറും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ചിത്രത്തിന്റെ ക്‌ളൈമാക്സ് സീനും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ക്‌ളൈമാക്സ് സീനിലെ ആസിഫിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ അജി പീറ്റർ തങ്കം.

'സ്‌ളീവാച്ചൻ റിൻസിയെ വീട്ടിൽ കൊണ്ടുവിടാൻ പോകുന്നതാണ് ക്‌ളൈമാക്സ് രംഗം. അവളെ വീട്ടിൽ വിട്ടിട്ട് അയാൾക്ക് തിരികെ പോകണം. ആ രാത്രി തന്നെയാണ് അവർക്കിടയിൽ പ്രണയമുണ്ടാകുന്നത്. സ്‌ളീവാച്ചൻ ഭാര്യയെ എത്രത്തോളം ഇഷ്ടപ്പെട്ടിരുന്നു എന്ന് മനസിലാകുന്നത് ക്‌ളൈമാക്സ് സീനിലാണ്. അതുകൊണ്ടാണ് അയാൾക്ക് കണ്ണുനീർ വരുന്നത്. ഭർത്താവ് കരഞ്ഞ് കാണിക്കണമെന്ന് നിർബന്ധമൊന്നുമില്ല. പക്ഷേ സ്‌ളീവാച്ചൻ നിഷ്‌കളങ്കനാണ്. ആസിഫ് അലി ആ കഥാപാത്രം അടിപൊളിയായി ചെയ്തു എന്നതാണ് കാര്യം.

ആ കഥാപാത്രത്തിലേയ്ക്ക് അവൻ നന്നായി ഇറങ്ങിച്ചെന്നിരുന്നു. ആ ഷോട്ട് എടുത്തതിനുശേഷമുള്ള കാര്യങ്ങൾ ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. റീ ടേക്ക് എടുക്കാൻ നേരത്തും കണ്ണൊക്കെ നിറഞ്ഞ് ആ കഥാപാത്രത്തിൽ തന്നെ ഇരിക്കുകയായിരുന്നു അവൻ. റീ ടേക്കിന് വിളിച്ചപ്പോൾ കണ്ണ് തുടച്ചുകൊണ്ടാണ് ആസിഫ് വന്നത്. അത്രയും ഇമോഷണലായി ഇരിക്കുകയായിരുന്നു. ഒരുപക്ഷേ സങ്കടപ്പെട്ട് സംസാരിക്കണം എന്നുമാത്രമായിരിക്കാം സ്‌ക്രിപ്റ്റിൽ ഞാൻ എഴുതിയിരുന്നത്. എന്നാൽ ആസിഫ് കരഞ്ഞ് അത് ഭംഗിയായി ചെയ്തു' അജി പീറ്റർ തങ്കം പറഞ്ഞു. സില്ലിമോങ്കസ് മോളിവുഡിന് നൽകിയ അഭിമുഖത്തിലായിരുന്നു അജി പീറ്റർ ഇക്കാര്യം പറഞ്ഞത്.

Tags:    

Similar News