'ആണിന്റെ കാലും പെണ്ണിന്റെ കാലും തമ്മിൽ എന്താണ് വ്യത്യാസം?'; സയനോര ഫിലിപ്പ്
ഗായിക എന്നതിലുപരി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് സയനോര. താരത്തിനെ പലരും വിമർശിച്ചിക്കുന്നത് വസ്ത്രധാരണത്തിന്റെ പേരിലാണ്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിനെതിരെ രൂക്ഷവിമർശനം സയനോരയ്ക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇഷ്ടമുള്ളത് പോലെ ജീവിക്കുകയാണ് ഇനി തന്റെ ലക്ഷ്യമെന്നാണ് ഗായികയിപ്പോൾ പറയുന്നത്. അടുത്തിടെ മഴ നനയുന്നൊരു വീഡിയെ ഗായിക പോസ്റ്റ് ചെയ്തിരുന്നു. അതിനെ പറ്റി വനിത ഓൺലൈനിന് നൽകിയ പ്രതികരണത്തിലൂടെ തന്റെ നിലപാടുകളും ഗായിക വ്യക്തമാക്കിയിരിക്കുകയാണ്.
മഴയൊക്കെ പെയ്യുമ്പോഴുള്ള എന്റെ സന്തോഷം കണ്ടാൽ ആളുകൾ കരുതും എനിക്ക് തലയ്ക്കെന്തോ ഭ്രാന്താണെന്ന്. പക്ഷേ എനിക്കിതൊക്കെ വലിയ ആനന്ദമാണെന്നാണ് സയനോര പറയുന്നത്. മഴ കണ്ടാൽ കൊച്ചു കുട്ടികളെ പോലെയാണ്. നനയുകയും നൃത്തം ചെയ്യുകയും ചെയ്യും. അങ്ങനൊരു നിമിഷമായിരുന്നു അത്.
ഒരു സംഗീത പരിപാടിയിൽ പങ്കെടുക്കാനാണ് ഞാൻ ഫോർട്ട് കൊച്ചിയിൽ എത്തിയത്. മഴ കണ്ട് ഇറങ്ങി ഡാൻസ് തുടങ്ങി. കൂടെയുണ്ടായിരുന്ന സുഹൃത്താണ് വീഡിയോ എടുത്തത്. പോസ്റ്റ് ചെയ്യണമെന്നൊന്നും കരുതിയില്ല. വീണ്ടും വീണ്ടും കണ്ടപ്പോൾ അതിലൊരു സന്തോഷം തോന്നി. എങ്കിൽ ഷെയർ ചെയ്യാമെന്ന് വിചാരിച്ചുവെന്നാണ് ഗായിക പറയുന്നത്.
മറ്റുള്ളവർ കണ്ടാൽ എന്ത് വിചാരിക്കുമെന്ന് കരുതി ഒന്നും ചെയ്യാതെ ഇരിക്കുന്ന ആളല്ല ഞാൻ. എനിക്ക് തോന്നുന്നതും ഇഷ്ടമുള്ളതുമൊക്കെയുള്ള കാര്യങ്ങൾ ചെയ്തില്ലെങ്കിൽ പിന്നെ മരിച്ച് പോകുമ്പോൾ വേറെന്താണുള്ളത്. എല്ലാവർക്കും ഭയങ്കരമായി സന്തോഷിക്കാൻ പോലും ഈ ലോകത്ത് പേടിയാണ്. അങ്ങനെയുള്ള ഒരു അവസ്ഥയിലാണ് നമ്മൾ എത്തി നിൽക്കുന്നത്.
എന്തിനാണ് അങ്ങനെയൊക്കെ ചിന്തിക്കുന്നത്. ഒരു പ്രത്യേക നിമിഷത്തിൽ നമുക്ക് സന്തോഷം തോന്നുന്നുണ്ടെങ്കിൽ ചുറ്റുമുള്ളതെല്ലാം മറന്ന് അതിൽ മുഴുകുക എന്നതാണ് പ്രധാനം. ആദ്യമാദ്യമൊക്കെ എനിക്കും അയ്യേ, അവരെന്ത് കരുതും എന്ന തോന്നലൊക്കെ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അങ്ങനെയില്ല. സന്തോഷം കിട്ടുന്നതെന്തോ അത് ചെയ്യുക. അത് കാണുമ്പോൾ മറ്റാർക്കും ബുദ്ധിമുട്ട് തോന്നേണ്ട കാര്യമില്ലല്ലോ. ഇനി ബുദ്ധിമുട്ടുള്ളവർ അത് കാണാതെ ഇരിക്കുകയാണ് വേണ്ടത്. നമ്മുടെ സന്തോഷമാണ് എന്നും വലുതെന്നാണ് സയനോര പറയുന്നത്.
പൊതുസ്ഥലത്ത് പുരുഷന്മാർ പാട്ടിനൊത്ത് ഡാൻസ് കളിക്കുന്നതും ആനന്ദിക്കുന്നതും സാധാരണ കാര്യമാണ്. എന്നാൽ സ്ത്രീകളാണെങ്കിലോ, സത്യത്തിൽ സ്ത്രീ ശരീരത്തെ സെക്ഷ്വലൈസാക്കി ഒബ്ജക്റ്റിഫൈ ചെയ്ത് വച്ചത് കൊണ്ടാണിത്. അല്ലെങ്കിൽ ആണിന്റെ കാലും പെണ്ണിന്റെ കാലും തമ്മിൽ എന്താണ് വ്യത്യാസം. അപ്പോൾ നോട്ടത്തിന്റെയും കാഴ്ചപ്പാടിന്റെയുമാണ് പ്രശ്നം.
കാലങ്ങളായി അങ്ങനൊരു സിനാരിയോ വന്നത് കൊണ്ടാണ് ഇതൊരു കുഴപ്പമായി ആളുകൾ അവതരിപ്പിക്കുന്നത്. പക്ഷേ ഇനി ആര് പറഞ്ഞാലും എന്റെ സന്തോഷമാണ് എനിക്ക് വലുത്. ഒന്നിന് വേണ്ടിയും വിട്ട് കൊടുക്കാൻ ഞാൻ തയ്യാറല്ലെന്നും ഇനിയങ്ങോട്ട് ഇതൊരു വാശിയാണെന്നും സയനോര വ്യക്തമാക്കുന്നു.