'ഞങ്ങളുണ്ടാക്കുന്നത് ഞങ്ങൾക്ക് എഞ്ചോയ് ചെയ്യാനുള്ളതാണ്, അത് പ്രതീക്ഷിച്ചിരിക്കേണ്ടെന്ന് മക്കളോട് പറയാറുണ്ട്'; സാന്ദ്ര തോമസ്

Update: 2024-09-21 11:24 GMT

അഭിനയവും നിർമ്മാണവുമായി മലയാള സിനിമയിൽ സജീവമാണ് സാന്ദ്ര തോമസ്. ഹേമ കമ്മിറ്റി റിപ്പോർട്ട് അടക്കമുള്ളവ പുറത്ത് വന്നപ്പോൾ സിനിമ മേഖലയിൽ നടക്കുന്ന കൊള്ളരുതായ്മകൾ സാന്ദ്ര തുറന്ന് പറഞ്ഞിരുന്നു. ഭാവി തലമുറയെങ്കിലും സ്വൈര്യമായി മലയാള സിനിമയിൽ പ്രവർത്തിക്കണമെന്ന ആ​ഗ്രഹമാണ് തുറന്ന് പറച്ചിലിന് പിന്നിലെന്നും സാന്ദ്ര വെളിപ്പെടുത്തിയിരുന്നു.

അമ്മയായതിന് ശേഷമാണ് സാന്ദ്ര സമൂഹമാധ്യമങ്ങളിൽ സജീവമായി തുടങ്ങിയത്. സാന്ദ്രയുടെ മക്കളായ തങ്കക്കൊലുസുകളുടെ വിശേഷങ്ങളുമായി താരം സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. അമ്മയെപ്പോലെ തന്നെ മക്കൾക്കും നിരവധി ആരാധകരുണ്ട്. സാന്ദ്ര മക്കളെ വളർത്തുന്ന രീതിയും മറ്റും പലപ്പോഴും ചർച്ചകൾക്കും പ്രശംസകൾക്കും കാരണമായിട്ടുണ്ട്. ഇപ്പോഴിതാ പെൺകുഞ്ഞുങ്ങളെ വളർത്തുമ്പോൾ മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് സാന്ദ്ര പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഒരു കെട്ടുപാടുകളുമില്ലാതെ പെൺമക്കൾ സ്വാതന്ത്ര്യത്തോടെ ജീവിക്കട്ടെയെന്ന കാഴ്ചപ്പാടുകാരിയാണ് താനെന്നും സാന്ദ്ര പീപ്പിൾ കോൾ മീ ഡ്യൂഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ മക്കൾ വിവാഹിതരായി കാണാൻ ആ​ഗ്രഹിക്കുന്നില്ലെന്നും സാന്ദ്ര പറയുന്നു. എന്റെ കുട്ടികളോട് ഞാൻ പറയാറുണ്ട്. അവർ കല്യാണം കഴിച്ച് കാണണമെന്ന് എനിക്ക് ആ​ഗ്രഹമില്ലെന്ന്. പണ്ടൊക്കെ പാരന്റ്സ് പറയുമായിരുന്നു നിന്റെ കല്യാണം കണ്ടിട്ട് മരിച്ചാൽ മതിയൊന്നൊക്കെ. ഞാൻ ആ​ഗ്രഹിക്കുന്നത് എന്റെ കുഞ്ഞുങ്ങൾ കല്യാണം കഴിക്കരുതെന്നാണ്.

അവർ അവരുടേതായ ഇഷ്ടത്തിന് ജീവിക്കട്ടെ. ഒരു കെട്ടുപാടുകളുമില്ലാതെ അവർ സ്വാതന്ത്ര്യത്തോടെ ജീവിക്കട്ടെ എന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. കുറച്ച് കഴിയുമ്പോൾ പിള്ളേരുടെയെല്ലാം ചിന്താ​ഗതി അങ്ങനെയായി മാറുമെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോഴെ അങ്ങനെയാണ്. നമ്മുടെ സൊസൈറ്റിയിൽ ഇപ്പോൾ തന്നെ പിള്ളേർ കല്യാണം കഴിക്കാനോ കുഞ്ഞുങ്ങളുണ്ടാകുന്നതിനോടോ താൽപര്യമില്ലാത്തവരാണ്.

അതിന്റെ പേരിൽ അവരെ മോശക്കാരായി കാണേണ്ട ആവശ്യമില്ലെന്നാണ് എന്റെ കാഴ്ചപ്പാട്. അത് അവരുടെ ചോയ്സല്ലേ... നോക്കാൻ തയ്യാറല്ലാത്തൊരാൾ കുഞ്ഞുങ്ങളെ ഉണ്ടാക്കിയിട്ട് എന്താണ് കാര്യം. എന്തിനാണ് അവരുടെ ലൈഫ് കൂടി നശിപ്പിക്കുന്നത്. കെട്ടിച്ച് വിട്ടാൽ രക്ഷപ്പെട്ടുവെന്നാണ് ആളുകളുടെ വിചാരം. എന്നാൽ അവർ കൂടുതൽ ട്രാപ്പിലേക്കാണ് പോകുന്നതെന്ന് മനസിലാക്കുന്നില്ല.

സ്വന്തം കാലിൽ നിൽക്കാതെ ഒരു പെൺകുട്ടിയേയും കല്യാണം കഴിപ്പിച്ച് വിടരുത്. മറ്റൊരാളെ ആ​ശ്രയിക്കുന്ന രീതിയിൽ മക്കളെ എവിടേക്കും വിടരുത്. അത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളവും കുടുംബത്തെ സംബന്ധിച്ചടത്തോളവും പരാജയമാണ്. സ്വന്തം കാലിൽ നിൽക്കുന്ന സ്വന്തമായി അഭിപ്രായമുള്ളവരായിക്കണം പെൺകുട്ടികൾ.

എന്നുവെച്ച് ഒരാളെയും ഓവർ റൂൾ ചെയ്യേണ്ട കാര്യവുമില്ല. വ്യക്തികളായി കാണുക. കല്യാണം കഴിച്ച് ചെന്ന വീട്ടിലെ ആളുകളെ സ്വന്തം കുടുംബമായി കാണണമെന്ന് പെൺകുട്ടികളോട് പറയുന്നത് കണ്ടിട്ടുണ്ട്. എങ്ങനെയാണ് അങ്ങനെ കാണാൻ സാധിക്കുക. എത്ര ശ്രമിച്ചാലും അങ്ങനെ കാണാൻ പറ്റില്ല.

എല്ലാവരുമായും നല്ല ബന്ധം പുലർത്തണമെങ്കിൽ വിവാഹം കഴിഞ്ഞാൽ മാറി താമസിക്കുകയാണ് വേണ്ടതെന്നും സാന്ദ്ര പറഞ്ഞു. തന്റെ സ്വത്തുക്കൾ ഭാവി തലമുറയ്ക്ക് വേണ്ടിയുള്ളതല്ലെന്നും സാന്ദ്ര പറഞ്ഞു. അപ്പയുടെയോ അമ്മയുടേയോ കയ്യിൽ നിന്ന് പൈസ കിട്ടുമെന്നോ... നമ്മുടെ സ്വത്ത് കിട്ടുമെന്നോ പ്രതീക്ഷിച്ചിരിക്കേണ്ടെന്ന് മക്കളോട് ഞാൻ പറയാറുണ്ട്. ഞങ്ങളുണ്ടാക്കുന്നത് ഞങ്ങൾക്ക് എഞ്ചോയ് ചെയ്യാനുള്ളതാണ്.

അല്ലാതെ അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ളതല്ല. ഞങ്ങളെ നോക്കിയാൽ ഞങ്ങളുടെ സ്വത്ത് തരാമെന്നും മക്കളോട് പറയില്ല. ഇങ്ങനെ പറയുകാണെങ്കിൽ തന്നെ അതിനർത്ഥം പാരന്റ്സിന് മക്കളെ വിശ്വാസമില്ലെന്നല്ലേ. മക്കളെ പതിനെട്ട് വയസുവരെയൊന്നും നോക്കേണ്ട കാര്യമില്ല. എന്റെ മക്കൾക്ക് ആറ് വയസേയുള്ളു. പക്ഷെ ഇപ്പോഴെ സ്വന്തമായി ചിന്തിക്കുന്ന കുഞ്ഞുങ്ങളാണ്. അവരെ എത്രകാലം നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റും?.

പാരന്റ്സ് മക്കളിൽ നിന്നും ഒന്നും പ്രതീക്ഷിക്കാനും പാടില്ല. ചിന്താ​ഗതി മാറിയാൽ തന്നെ പുതിയ ഓപ്ഷൻസ് ലഭിക്കും. അതുപോലെ സ്ത്രീയാണ് ധനമെന്നതാണ് എന്റെ കാഴ്ചപ്പാട്. എനിക്ക് വിവാഹ ആലോചനകൾ വന്ന് തുടങ്ങിയപ്പോൾ ആരെങ്കിലും സ്ത്രീധനം ചോ​ദിക്കുന്നുണ്ടോയെന്നാണ് ഞാൻ ആദ്യം നോക്കിയത്. സ്ത്രീധനം ചോദിക്കുന്നത് എനിക്ക് ഉൾക്കൊള്ളാനാവില്ല. ശരീരം നിറയെ ആഭരണവുമായി പെൺകുട്ടികളെ കെട്ടിച്ചുവിടുന്നതിനോടും താൽപര്യമില്ല. സ്ത്രീധനം ചോദിച്ചവരെ എന്റെ സഹോദരി ഇറക്കി വിട്ട സംഭവമുണ്ടായിട്ടുണ്ട്.

അതുപോലെ പെൺകുട്ടികൾ സ്വർണ്ണം, ​​ഗ്രാന്റ് വിവാഹമൊക്കെ ഡിമാന്റ് ചെയ്ത് ഞാൻ കണ്ടിട്ടുണ്ട്. അതും മാറണം. സ്വന്തമായി പണമുണ്ടാക്കി വേണം പെൺകുട്ടികൾ വിവാഹം ആർ‌ഭാടമാക്കാൻ അല്ലാതെ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കരുതെന്നും സാന്ദ്ര തോമസ് പറഞ്ഞു.

Tags:    

Similar News