ആരാധന'യ്ക്കു ശേഷം സംവിധാനത്തില്‍നിന്നു പിന്‍വാങ്ങി; കാരണം വെളിപ്പെടുത്തി മധു

Update: 2023-09-28 10:14 GMT

ആരാധനയ്ക്കു ശേഷം സംവിധാനത്തില്‍നിന്നു പിന്‍വാങ്ങിയ കാരണം വെളിപ്പെടുത്തി മധു. 'എന്റെ സംവിധാനത്തില്‍ പുറത്തുവന്ന ആദ്യ വര്‍ണചിത്രമായിരുന്നു തീക്കനല്‍ (1976 ഏപ്രില്‍ 14ന് ആണ് റിലീസായത്) എന്റെ അഭിനയജീവിതത്തിലെ ശക്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു തീക്കനലിലെ വിനോദ്' എന്ന് മധു പറഞ്ഞു.

ബോക്‌സോഫിസില്‍ പുതിയൊരു ചരിത്രം രചിക്കാന്‍ തീക്കനലിനായി. തീക്കനലിന്റെ സാമ്പത്തിക വിജയം സംവിധാനത്തിലും അഭിനയത്തിലും അവസരങ്ങളുടെ കുത്തൊഴുക്കുണ്ടാക്കി. അഭിനയത്തിനുള്ള ഓഫറുകള്‍ സ്വീകരിച്ചെങ്കിലും സംവിധാനം ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ടു സിനിമകളുടെ സംവിധാനച്ചുമതലമാത്രമായിരുന്നു ആ സമയത്ത് ഞാന്‍ സ്വീകരിച്ചത്.

'ധീരസമീരെ യമുനാതീരെ' ആയിരുന്നു ഒരു ചിത്രം. ഞാന്‍ ഡബിള്‍ റോളില്‍ അഭിനയിച്ച ആ ചിത്രത്തില്‍ വിധുബാലയായിരുന്നു നായിക. ചിത്രം സാമ്പത്തികമായും കലാപരമായും മികച്ചു നിന്നു. എന്നാല്‍ തീക്കനല്‍ ഉയര്‍ത്തിയ 'വന്‍ സാമ്പത്തികവിജയം' ആവര്‍ത്തിക്കാന്‍ ഈ ചിത്രത്തിനു സാധിച്ചില്ല.

സഹപ്രവര്‍ത്തകയും നായികനടിയുമായ ശാരദയ്ക്കു വേണ്ടിയായിരുന്നു മറ്റൊരു ചിത്രം ആ കാലഘട്ടത്തില്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചത്. 'ആരാധന' എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഈ ചിത്രത്തെ തുടര്‍ന്ന് സംവിധാനത്തില്‍ നിന്നു ഞാന്‍ മനപ്പൂര്‍വം പിന്‍വാങ്ങുകയായിരുന്നു. ഒരു പക്ഷേ അഭിനയിക്കാന്‍ ലഭിച്ച കഥാപാത്രങ്ങളുടെ എണ്ണം അതിനൊരു കാരണം കൂടിയാകാം. പ്രഗത്ഭരായ നിര്‍മാതാക്കളും സംവിധായകരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനുള്ള അവസരങ്ങളുമായി എനിക്കു മുന്നിലുണ്ടായിരുന്നു. തീക്കനലിന്റെ വിജയം കേരളത്തില്‍ മാത്രമല്ല, പുറത്തും ചര്‍ച്ചാവിഷയമായി. വൈകാതെ തമിഴില്‍ 'ദീപം' എന്ന പേരിലും ഹിന്ദിയില്‍ 'അമര്‍ദീപ്' എന്നപേരിലും തീക്കനല്‍ പുനഃസൃഷ്ടിക്കപ്പെട്ടു. തമിഴില്‍ ശിവാജി ഗണേശനും ഹിന്ദിയില്‍ രാജേഷ് ഖന്നയുമായിരുന്നു ഞാന്‍ അഭിനയിച്ച കഥാപാത്രത്തെ അവതരിപ്പിച്ചത്'- മധു പറഞ്ഞു.

Tags:    

Similar News