ആൾക്കാർ അയേൺ ലേഡി ആണ്, സ്ട്രോങ് ആണ് എന്ന് പറയുമെങ്കിലും ഞാൻ ഇതൊന്നുമല്ല;
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് രഞ്ജു രഞ്ജിമാർ. ട്രാൻസ് വ്യക്തിയായ രഞ്ജു തന്റെ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിന് വേണ്ടിയും പ്രവർത്തിക്കാറുണ്ട്. ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന മേക്കപ്പ് ആർട്ടിസ്റ്റായി മാറിയ രഞ്ജു കടന്ന് വന്ന പ്രതിസന്ധികൾ ചെറുതല്ല. സർജറിയിലൂടെ സ്ത്രീയായി മാറിയതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ രഞ്ജു രഞ്ജിമാർ.
വൈകിയാണ് താൻ സർജറിയിലൂടെ മാറിയതെന്ന് രഞ്ജു പറയുന്നു. എന്റെ സ്ത്രീയിലേക്കുള്ള യാത്ര ലേറ്റ് ആയിട്ടായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ചിന്താഗതികളും പ്രവൃത്തികളും ബോഡി ലാംഗ്വേജുമെല്ലാം ടീനേജ് കുട്ടിയെ പോലെ ആയിരിക്കാം. പക്വത കുറയും. ആൾക്കാർ അയേൺ ലേഡി ആണ്, സ്ട്രോങ് ആണ് എന്ന് പറയുമെങ്കിലും ഞാൻ ഇതൊന്നുമല്ല. ഞാൻ പച്ചയായ സ്ത്രീയാണ്. പെറ്റിക്കോട്ട് ഇട്ട് നടക്കാൻ എനിക്ക് ഭയങ്കര ആഗ്രഹം ആയിരുന്നു.
കൊല്ലത്ത് ഒരു എട്ട് ഒൻപത് വയസ് വരെ പെൺകുട്ടികൾ പെറ്റിക്കോട്ടിട്ട് നടക്കും. അവർ വയസറിയിക്കുന്ന സമയത്താണ് മുഴുവൻ മറയ്ക്കുന്ന വസ്ത്രം കിട്ടുന്നത്. എനിക്ക് പെറ്റിക്കോട്ട് ഇടണമെന്ന് ഭയങ്കര ആഗ്രഹമാണ്. ഞാൻ ഒളിച്ചും പാത്തുമാണ് ചേച്ചിയുടെ കൈയിൽ നിന്നുമെടുത്ത് ഇടുന്നത് പോലും. അതൊക്കെ ഇട്ട് തുടങ്ങണം. സർജറിക്ക് ശേഷം പൂർണ സ്ത്രീയായപ്പോൾ ഞാൻ എന്തൊക്കെ ആഗ്രഹിച്ചോ അതെല്ലാം ചെയ്യുകയാണ്.
ഇവരെന്താണ് ഇങ്ങനെ നടക്കുന്നതെന്ന് സമൂഹത്തിന് തോന്നാം. അത് തന്റെ ചോയ്സ് ആണ്. ഞാൻ ശരിയായ പാതയിലൂടെ മാത്രമേ സഞ്ചരിക്കൂയെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി. പൂർണതയുള്ള സ്ത്രീയെന്ന് പറയുമ്പോൾ പൂർണത എന്താണെന്ന് എല്ലാവരും ചോദിക്കും. ലോകത്ത് ഒന്നിലും പൂർണത ഇല്ല. എന്നെ സംബന്ധിച്ച് എന്നിലുണ്ടായ ആ അവ്യക്തത മാറിക്കിട്ടി. വ്യക്തമായി. 20 വർഷങ്ങൾക്ക് മുമ്പാണ് തീരുമാനമെടുക്കുന്നത്.
ഒരുപാട് സെലിബ്രിറ്റീസിന്റെ കൂടെ ഞാൻ വിദേശത്തെല്ലാം യാത്ര ചെയ്യുന്നു. അവിടെയെല്ലാം പുരുഷൻമാരുടെ കാറ്റഗറിയിലേക്ക് എന്നെ തള്ളി വിടുന്നു. മനസില്ലാ മനസോടെ ഞാൻ നിൽക്കും. അപ്പുറത്തെ സൈഡിൽ ഭാവനയും രമ്യയും കാവ്യയുമെല്ലാം നിൽക്കുന്നുണ്ടാവും. ഞാൻ ഇപ്പുറത്ത് പുരുഷൻമാരുടെ സൈഡിൽ നിൽക്കുമ്പോൾ എന്തിന് എന്നെ ഇങ്ങനെ സൃഷ്ടിച്ചു ദൈവമേ എന്ന് ചോദിച്ച് ഞാൻ കരഞ്ഞിട്ടുണ്ട്.
അവിടം മുതൽ ഹോർമോൺ തെറാപ്പികൾ തുടങ്ങി. മറ്റ് ട്രീറ്റ്മെന്റുകൾ പതുക്കെ സ്റ്റാർട്ട് ചെയ്തെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി. കേരളത്തിലെ മേക്കപ്പ് രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ കഴിഞ്ഞ രഞ്ജു ട്രാൻസ് കമ്മ്യൂണിറ്റി സമൂഹത്തിൽ നേരിടുന്ന അവഗണനകളെക്കുറിച്ച് തുറന്ന് സംസാരിക്കാറുണ്ട്. അതേസമയം ഒപ്പമഭിനയിച്ച പല നടിമാരും രഞ്ജുവിനെ മുന്നോട്ട് നയിക്കാൻ സഹായിച്ചു. പ്രിയാമണി, മംമ്ത മോഹൻദാസ് തുടങ്ങിയ നടിമാരെല്ലാം രഞ്ജു രഞ്ജിമാറുടെ അടുത്ത സുഹൃത്തുക്കളാണ്.