'സിനിമയിറങ്ങി 2 ദിവസത്തിനു ശേഷം നിരൂപണം, വ്ലോഗർമാർ മര്യാദയുള്ള ഭാഷ ഉപയോഗിക്കണം'; നിർദേശങ്ങളുമായി അമിക്കസ് ക്യൂറി

Update: 2024-03-13 01:33 GMT

സിനിമ പുറത്തിറങ്ങി 2 ദിവസത്തിനു ശേഷം മാത്രം 'വ്‌ലോഗർ'മാർ നിരൂപണം നടത്താൻ തയാറാകണമെന്ന് അമിക്കസ് ക്യൂറി. സിനിമയുടെ ഉള്ളടക്കം വെളിവാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക, വ്യക്തിഗത ആക്രമണങ്ങളും മോശം പരാമർശങ്ങളും നടത്താതിരിക്കുക തുടങ്ങി പത്തോളം നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് അമിക്കസ് ക്യൂറി അഡ്വ. ശ്യാം പത്മൻ ഹൈക്കോടതിയിൽ സമർപ്പിച്ചു.

'വ്‌ലോഗർമാർ' എന്നു വിശേഷിപ്പിക്കുന്ന 'സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ'മാർ നടത്തുന്ന സിനിമാ നിരൂപണങ്ങളെ നിയന്ത്രിക്കാൻ ഇവയടക്കം ഉൾപ്പെടുത്തി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും അമിക്കസ് ക്യൂറി 33 പേജ് വരുന്ന റിപ്പോർട്ടിൽ ശുപാർശ ചെയ്തു.

മലയാളത്തിൽ പുറത്തിറങ്ങുന്ന ചില ചിത്രങ്ങളെ 'റിവ്യു ബോംബിങ്' നടത്തി തകർക്കുകയാണെന്ന ആരോപണം ഉയർന്നതിനു പിന്നാലെ ഏതാനും സിനിമാ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 'ആരോമലിന്റെ ആദ്യ പ്രണയം' എന്ന സിനിമയുടെ സംവിധായകൻ മുബീൻ റഹ്‌മാൻ നൽകിയ ഹർജിയെ തുടർന്ന് ഇക്കാര്യങ്ങൾ പഠിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അമിക്കസ് ക്യൂറിയായി അഡ്വ. പ്രശാന്ത് പത്മനെ നിയോഗിക്കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാർ എന്നറിയപ്പെടുന്ന വ്‌ലോഗർമാരെ നിയന്ത്രിക്കുന്നതിനുള്ള നിർദേശങ്ങൾ അമിക്കസ് ക്യൂറി സമർപ്പിച്ചിരിക്കുന്നത്. പലരും ലക്ഷക്കണക്കിനു ഫോളോവേഴ്‌സ് ഉള്ളവരാണെന്നും അനേകം പേരെ സ്വാധീനിക്കാൻ ഇവരുടെ വാക്കുകൾക്ക് കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. സിനിമയെക്കുറിച്ച് ഇവർ നടത്തുന്ന മോശം പരാമർശങ്ങളും നെഗറ്റീവ് റിവ്യൂവും ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ വരുമാനത്തെയും വളർച്ചയേയും ബാധിക്കുന്നതാണ്. പരമ്പരാഗത മാധ്യമങ്ങൾക്ക് സുതാര്യതയും കൃത്യതയും ഉത്തരവാദിത്തവുമുള്ള റിപ്പോർട്ടിങ് ഉറപ്പാക്കുന്നതിന് കർശനമായ ചട്ടങ്ങളുണ്ട്. ഈ രീതിയിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് വ്‌ലോഗർമാരുടെ കാര്യത്തിലും തീരുമാനമുണ്ടാകണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

പ്രധാന നിർദേശങ്ങൾ

1. നിരൂപണമെന്ന പേരിൽ സിനിമയെ കീറിമുറിക്കുന്നത് റിലീസ് ചെയ്ത് 48 മണിക്കൂറിനു ശേഷമാക്കാൻ ശ്രമിക്കണം. ഇത് മറ്റേതെങ്കിലും സ്വാധീനത്തിനു വഴങ്ങാതെയും ഏകപക്ഷീയമായ റിവ്യുവിന്റെ അടിസ്ഥാനത്തിലല്ലാതെയും അഭിപ്രായം രൂപീകരിക്കാൻ കാഴ്ചക്കാരെ സഹായിക്കും.

2. റിവ്യു ചെയ്യുമ്പോൾ വ്‌ലോഗർമാർ മര്യാദയുള്ള ഭാഷ ഉപയോഗിക്കണം. മോശം ഭാഷ, വ്യക്തിഗത ആക്രമണങ്ങൾ, സംവിധായകർക്കും നടീനടന്മാർക്കും മറ്റ് സാങ്കേതിക പ്രവർത്തകർക്കുമെതിരെയുള്ള വൃത്തികെട്ട പരാമർശങ്ങൾ തുടങ്ങിയവ കർശനമായി ഒഴിവാക്കണം.

3. ഒരു സിനിമയെ കീറിമുറിച്ച് നശിപ്പിക്കുന്നതിനു പകരം ക്രിയാത്മകമായ വിമർശനം നടത്തണം.

4. സിനിമയിലെ പ്രധാന പ്ലോട്ടുകൾ, കഥാസാരം വെളിവാക്കുന്ന കാര്യങ്ങൾ തുടങ്ങിയ റിവ്യൂവിൽ ഒഴിവാക്കണം, പ്രത്യേകിച്ച് ആദ്യ 2 ദിവസങ്ങളിൽ.

5. റിവ്യൂവിൽ പറയുന്ന കാര്യങ്ങളുടെ കൃത്യത വ്‌ലോഗർമാർ ഉറപ്പാക്കണം. തെറ്റായ വിവരങ്ങളും അവകാശവാദങ്ങളും കാഴ്ചക്കാരെ മോശം രീതിയിൽ ബാധിക്കും.

6. സിനിമാ വ്യവസായത്തെ റിവ്യു എങ്ങനെ ബാധിക്കും എന്ന് വ്‌ലോഗർമാർ ചിന്തിക്കണം. നെഗറ്റിവ് റിവ്യു ജനങ്ങളെ സിനിമ കാണുന്നതിൽനിന്ന് പിന്തിരിപ്പിക്കുകയും അത് ബോക്‌സ് ഓഫിസ് വിജയത്തെ ബാധിക്കുകയും സിനിമ നഷ്ടത്തിലാവുകയും ചെയ്യും.

7. ഉപയോഗിക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളുടെ കോപ്പിറൈറ്റ് നിയമങ്ങൾ, സ്വകാര്യത, കമ്യൂണിറ്റി മാർഗനിർദേശങ്ങൾ എന്നിവ വ്‌ലോഗർമാർ പാലിക്കണം.

8. റിവ്യു ചെയ്യുമ്പോൾ വ്‌ലോഗർമാർ പ്രഫഷനലിസവും സത്യസന്ധതയും പാലിക്കും എന്നാണ് കരുതുന്നത്.

9. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക. വിവാദമുണ്ടാക്കാനോ ക്ലിക്‌ബൈറ്റിനു വേണ്ടിയോ ഉള്ളടക്കം സെൻസേഷനലൈസ് ചെയ്യാതിരിക്കുക.

10. പണം ഈടാക്കി സിനിമ ഏതെങ്കിലും വിധത്തിൽ പ്രമോട്ട് ചെയ്യുന്നവർ 2022ലെ പരസ്യ നിയന്ത്രണ നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണ്.

Tags:    

Similar News