'ഉണ്ണി മുകുന്ദനു ബുദ്ധിമുട്ടായെന്ന് എനിക്കു തോന്നിയിട്ടില്ല, ഉണ്ണി അങ്ങനെ പറഞ്ഞിട്ടുമില്ല'; രഞ്ജിത് ശങ്കർ
ജയ് ഗണേഷ് എന്ന സിനിമയിലെ ഉണ്ണി മുകുന്ദൻറെ വീൽചെയർ ജീവിതവും അതിൻറെ ഷൂട്ടിംഗുമൊക്കെ ക്ലേശകരം തന്നെയായിരുന്നുവെന്ന് സംവിധായകൻ രഞ്ജിത് ശങ്കർ. പക്ഷേ, ഉണ്ണിക്ക് അതു ബുദ്ധിമുട്ടായെന്ന് എനിക്കു തോന്നിയിട്ടില്ല. ഉണ്ണി അങ്ങനെ പറഞ്ഞിട്ടുമില്ല. ഷൂട്ടിനു രണ്ടാഴ്ച മുന്നേ വീൽ ചെയർ കൊടുത്തിരുന്നു. അതിൽ പരിശീലിച്ചു റെഡിയായിട്ടാണ് ഉണ്ണി വന്നതെന്നും രഞ്ജിത് ശങ്കർ പറഞ്ഞു.
ഫുൾടൈം വീൽചെയറിലിരിക്കണം. അതു മാനേജ് ചെയ്യാൻ ഉണ്ണിതന്നെ വഴി കണ്ടെത്തി. ചെയ്സ് സീക്വൻസിലും മറ്റും യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഏറെ അധ്വാനമുള്ള സിംഗിൾ ഷോട്ടുകൾ ചെയ്തു. ആക്ടറെന്ന രീതിയിൽ ഉണ്ണി ഞങ്ങൾക്കു കംഫർട്ടായി. പ്രൊഡ്യൂസേഴ്സെന്ന രീതിയിലും ഞങ്ങൾ തർക്കങ്ങളില്ലാതെ രസകരമായിത്തന്നെ ഷൂട്ടിംഗ് പൂർത്തിയാക്കി.
വീൽ ചെയറിലിരുന്നുതന്നെ ജീവിതത്തിൽ സംതൃപ്തി കണ്ടെത്താൻ ശ്രമിക്കുന്ന കഥാപാത്രമാണു ഗണേഷ്. വീൽചെയറിലായ ഒരാളുടെ കഥപറയുന്ന ബ്യൂട്ടിഫുൾ പോലെ ഒരു സിനിമയല്ല ഇത്. ഒരു സാധാരണ മനുഷ്യനു സാധ്യമായതോ അതിനപ്പുറമോ ചെയ്യുന്ന കഥാപാത്രമാണ് ഗണേഷ്. ഈ വേഷം ആരു ചെയ്യും എന്ന ആലോചന ഉണ്ണി മുകുന്ദനിലെത്തി. ഉണ്ണിയുടെ ഫിസിക്കാലിറ്റിയിൽ തന്നെയാണ് എനിക്ക് ഏറ്റവും താത്പര്യം തോന്നിയത്- രഞ്ജിത് ശങ്കർ പറഞ്ഞു.