'സൽമാൻ ഖാനെ ഞാൻ കെട്ടിപ്പിടിച്ചു, അത് രജനികാന്തിന് ഇഷ്ടപ്പെട്ടില്ല'; കരയേണ്ടിവന്നുവെന്ന് രംഭ
തെന്നിന്ത്യൻ സിനിമയിൽ ഒരുപോലെ നിറഞ്ഞ് നിന്നിരുന്ന താരസുന്ദരിയാണ് രംഭ. മലയാളത്തിലും തമിഴിലുമൊക്കെ നായികയായിട്ടും വില്ലത്തിയായിട്ടുമൊക്കെ നടി അഭിനയിച്ചിരുന്നു. സിനിമയും അഭിനയവുമൊക്കെ ഉപേക്ഷിച്ച് കുടുംബിനിയായി ജീവിക്കുകയാണ് രംഭ ഇപ്പോൾ. ഇതിനിടെ രംഭയും സൂപ്പർതാരം രജനികാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അരുണാചലം എന്ന സിനിമയുടെ ലൊക്കേഷനിൽ നടന്ന ചില രസകരമായ സംഭവങ്ങളെ പറ്റിയുള്ള കഥ വൈറലാവുകയാണ്.
ഷൂട്ടിങ്ങിനിടെ കർക്കശക്കാരനായിരുന്ന രജനികാന്ത് അരുണാചലത്തിന്റെ സെറ്റിൽ വച്ച് തന്നെ കളിയാക്കിയെന്നും അന്ന് തനിക്ക് കരയേണ്ടി വന്നുവെന്നുമാണ് രംഭ പറഞ്ഞിരുന്നത്. ഇക്കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാവുന്നത്.
1997 ൽ പുറത്തിറങ്ങിയ സിനിമയാണ് അരുണാചലം. രജനികാന്തിനൊപ്പം രംഭയും അന്തരിച്ച നടി സൗന്ദര്യയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. നന്ദിനി രംഗചാരി എന്ന കഥാപാത്രത്തെയാണ് രംഭ അവതരിപ്പിച്ചത്. ഈ സിനിമയുടെ സെറ്റിൽ വെച്ച് തനിക്ക് ചില അനുഭവങ്ങൾ ഉണ്ടായെന്നും രജനികാന്തിന്റെ കളിയാക്കൽ തന്നെ കരയിപ്പിച്ചെന്നുമാണ് മുൻപ് പലപ്പോഴായി രംഭ പറഞ്ഞിട്ടുള്ളത്.
'അരുണാചലത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ ഹിന്ദി നടൻ സൽമാൻ ഖാൻ സിനിമയുടെ സെറ്റിൽ എത്തിയിരുന്നു. സൽമാൻ ഖാൻ പോയതിന് ശേഷം, രജനി സാർ ദേഷ്യപ്പെട്ടു. അരുണാചലത്തിന്റെ സെറ്റിൽ എന്തോ കുഴപ്പം സംഭവിച്ചെന്നാണ് ഞാനും കരുതിയത്. മാത്രമല്ല അദ്ദേഹം എല്ലാവരോടും ദേഷ്യത്തോടെയാണ് സംസാരിച്ചത്. മുൻപൊരിക്കലും അദ്ദേഹത്തെ ഇങ്ങനെ കണ്ടിട്ടില്ല.
ഇതിനിടെ അവിടെയുണ്ടായിരുന്ന ആളുകളെല്ലാം എന്നെ തുറിച്ചു നോക്കാൻ തുടങ്ങി. ഞാൻ എന്താണ് ചെയ്തതെന്ന് എനിക്കും മനസിലായില്ല. എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടോ എന്ന് ഞാനും ചിന്തിക്കുകയായിരുന്നു. പിന്നീടാണ് കാര്യം മനസിലാകുന്നത്.
ഉത്തരേന്ത്യയിൽ പരസ്പരം കെട്ടിപ്പിടിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്. സൽമാൻ ഖാൻ വന്നപ്പോൾ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിച്ചിരുന്നു. രജനി സാർ അതെല്ലാം നോക്കി ഇരിക്കുകയായിരുന്നു. ഇത് കണ്ടതാണ് അദ്ദേഹത്തിന് ദേഷ്യം വരാനുണ്ടായ കാരണമെന്ന് ക്യാമറാമാൻ എന്റെ അടുത്ത് വന്ന് പറഞ്ഞു.
'നീ എന്തിനാണ് അങ്ങനെ ചെയ്തത്? രജനി സാറിന് നിങ്ങളോട് ദേഷ്യമുണ്ടെന്നും പറഞ്ഞു. അപ്പോഴും എന്താണ് തെറ്റെന്ന് എനിക്ക് മനസ്സിലായില്ല. സെറ്റിലുള്ള മുഴുവൻ ആളുകളും അങ്ങനെയാണ് കണ്ടതെന്നും കേട്ടതോടെ രജനി സാർ എന്നോട് ദേഷ്യപ്പെട്ടു. ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞ് ഞാൻ കരയാൻ തുടങ്ങി.
അപ്പോൾ രജനി സാർ ഓടി വന്നിട്ട് എന്നെ ആശ്വസിപ്പിച്ചു. പിന്നെ എന്നോട് ചില കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി. 'എങ്ങനെയാണ് സൽമാൻ ഖാനെ നിങ്ങൾ സ്വാഗതം ചെയ്തത്? എങ്ങനെയാണ് നീ അവനെ കണ്ടതും ഓടി അടുത്തെത്തിയത്?' എന്നൊക്കെ അദ്ദേഹം ചോദിച്ചു.
ഇങ്ങനെ നിന്നെ മുൻപ് ഞങ്ങളാരും കണ്ടിട്ടില്ല. മാത്രമല്ല ഇത്രയും ദിവസം ഈ സിനിമയുടെ സെറ്റിലേക്ക് വന്ന നീ ഞങ്ങളെ അഭിവാദ്യം ചെയ്യുന്നത് എങ്ങനെയായിരുന്നു? എന്നെ കണ്ടാൽ 'ഹായ്, സാർ' എന്ന് പറയും. ശേഷം അവിടെ എവിടേലും ഇരുന്നു ഒരു നോവൽ വായിക്കും. അത്രയല്ലേ ചെയ്യാറുള്ളു.
അതിനർഥം വടക്കൻ ജനതയെ ബഹുമാനിക്കുകുയും തെക്കൻ ജനത നിങ്ങൾക്ക് വളരെ ചെറുതുമാണെന്നല്ലേ... എന്നൊക്കെ രജനി സാർ ചോദിച്ചു. അപ്പോഴാണ് തനിക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമായതെന്നും അത് വലിയൊരു അനുഭവമായിരുന്നു എന്നുമാണ് രംഭ പറഞ്ഞത്.