ദൈവങ്ങളായ എന്റെ ആരാധകര്‍ക്ക് ആത്മാര്‍ത്ഥമായ നന്ദി; ആശുപത്രിവിട്ട ശേഷം ആദ്യ പ്രതികരണവുമായി രജനീകാന്ത്

Update: 2024-10-05 11:59 GMT

ആശുപത്രി വിട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ തനിക്ക് സുഖപ്രാപ്തി ആശംസിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദിയറിയിച്ചു. 'എന്റെ എല്ലാ രാഷ്ട്രീയ സുഹൃത്തുക്കള്‍ക്കും, ഞാന്‍ ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ക്കും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും എന്നെ ജീവനോടെ നിലനിര്‍ത്തുകയും എന്റെ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ദൈവങ്ങളായ എന്റെ ആരാധകര്‍ക്കും എന്റെ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു.' അദ്ദേഹം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

സെപ്റ്റംബര്‍ 30 നാണ് രജനികാന്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയത്തിലേക്ക് പോകുന്ന പ്രധാന രക്തക്കുഴലുകളിലൊന്നില്‍ വീക്കമുണ്ടെന്നും രക്തക്കുഴലുകളിലെ വീക്കം ഇല്ലാതാക്കാന്‍ അയോര്‍ട്ടയില്‍ ഒരു സ്റ്റെന്റ് ഇട്ടിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്.

ഇതിന് പുറമെ ചികിത്സയിലിരിക്കെ വിവരങ്ങള്‍ നേരിട്ട് വിളിച്ചന്വേഷിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, തമിഴ് നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു, തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി, തമിഴ്‌നാട് പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമി, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്ക് പ്രത്യേകം പേരെടുത്ത് പറഞ്ഞ് വ്യത്യസ്ത പോസ്റ്റുകളിലായി രജനികാന്ത് നന്ദി അറിയിച്ചു.

Tags:    

Similar News